വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ മുന്‍ നയതന്ത്രജ്ഞനും സ്റ്റേറ്റ് സെക്രട്ടറിയുമായിരുന്ന കര്‍ദ്ദിനാള്‍ ആഞ്ചലോ സൊഡാനോ (94) അന്തരിച്ചു. കോവിഡ് രോഗബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കര്‍ദ്ദിനാളിന് പിന്നീട് ന്യൂമോണിയ സ്ഥിരീകരിച്ചു. റോമിലെ കൊളംബസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ മേയ് 31-ന് സംസ്‌കാരം ശുശ്രൂഷകള്‍ നടക്കും.
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെയും ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പയുടെയും കീഴില്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയായും കര്‍ദ്ദിനാള്‍സ് കോളജ് ഡീനായും സേവനമനുഷ്ഠിച്ചു.
1927 നവംബര്‍ 23-ന് ഇറ്റാലിയന്‍ പീഡ്മോണ്ടിലെ ഐസോള ഡി ആസ്തിയില്‍ ആറ് മക്കളില്‍ രണ്ടാമനായാണ് ജനനം. അസ്തിയിലെ എപ്പിസ്‌കോപ്പല്‍ സെമിനാരിയില്‍ ചേര്‍ന്ന സൊഡാനോ തത്ത്വചിന്തയും ദൈവശാസ്ത്ര പഠനവും പൂര്‍ത്തിയാക്കി. തുടര്‍ന്ന് റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ സര്‍വകലാശാലയില്‍ ദൈവശാസ്ത്രത്തിലും പൊന്തിഫിക്കല്‍ ലാറ്ററന്‍ സര്‍വകലാശാലയില്‍ കാനന്‍ നിയമത്തിലും അദ്ദേഹം ബിരുദം നേടി. 1950-ല്‍ പുരോഹിതനായി അഭിഷിക്തനായി.
1977 മുതല്‍ 1988 വരെ ചിലിയിലെ നുണ്‍ഷ്യോ ആയിരുന്നു. ഇക്വഡോറിലും ഉറുഗ്വേയിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. സഭയുടെ പബ്ലിക് അഫയേഴ്‌സ് കൗണ്‍സില്‍ സെക്രട്ടറിയുമായിരുന്നു.
യൂറോപ്പിലെ സുരക്ഷയും സഹകരണവും സംബന്ധിച്ച കോണ്‍ഫറന്‍സിന്റെ വിദേശകാര്യ മന്ത്രിമാരുടെ യോഗങ്ങളില്‍ ഉള്‍പ്പെടെ വിവിധ അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ അദ്ദേഹം വത്തിക്കാനെ പ്രതിനിധീകരിച്ചു. 1990 ഡിസംബറില്‍, അദ്ദേഹം പ്രോ-സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയി ചുമതലയേറ്റു. കര്‍ദിനാളായി നിയമിക്കപ്പെട്ടതിന് പിന്നാലെയാണ് 1991 ജൂണ്‍ 29ന് അദ്ദേഹം സ്റ്റേറ്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. 2006 വരെ വത്തിക്കാന്‍ സെക്രട്ടറിയേറ്റിന്റെ അമരത്തും 2005 മുതല്‍ 2019 കാലഘട്ടത്തില്‍ കര്‍ദ്ദിനാള്‍ കോളജ് ഡീനുമായും അദ്ദേഹം സേവനം ചെയ്തു.
കര്‍ദ്ദിനാളിന്റെ വിയോഗത്തില്‍ ഫ്രാന്‍സിസ് പാപ്പ അനുശോചനം രേഖപ്പെടുത്തി. സംഭാഷണവും അനുരഞ്ജനവും പ്രോത്സാഹിപ്പിച്ചുകൊണ്ട് തീക്ഷ്ണതയോടെ ജന നന്മയ്ക്കായി സ്വയം സമര്‍പ്പിച്ച വ്യക്തിയായിരുന്നു കര്‍ദ്ദിനാള്‍ ആഞ്ചലോ സൊഡാനോയെന്ന് പാപ്പ അനുസ്മരിച്ചു. കര്‍ദ്ദിനാളിന്റെ വിയോഗത്തില്‍ കുടുംബത്തോടും സ്വദേശമായ അസ്തിയിലെ സമൂഹത്തോടും പ്രാര്‍ത്ഥനകള്‍ അറിയിക്കുകയാണെന്നും കര്‍ദ്ദിനാളിന്റെ സഹോദരി മരിയയ്ക്ക് ടെലിഗ്രാമില്‍ അയച്ച അനുശോചനത്തില്‍ പാപ്പ കുറിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.