ദബോറയ്ക്ക് നിത്യശാന്തിയും വിശ്വാസത്തെപ്രതി പീഡനം ഏല്‍ക്കുന്ന നൈജീരിയന്‍ കത്തോലിക്കര്‍ക്ക് പിന്തുണയും നല്‍കി അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ കത്ത്

ദബോറയ്ക്ക് നിത്യശാന്തിയും വിശ്വാസത്തെപ്രതി പീഡനം ഏല്‍ക്കുന്ന നൈജീരിയന്‍ കത്തോലിക്കര്‍ക്ക് പിന്തുണയും നല്‍കി അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ കത്ത്

ചിക്കാഗോ: നൈജീരിയയില്‍ മതമൗലീകവാദികള്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയായ ദബോറ യാക്കൂബ സാമുവലിനെ തീവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ദുഖവും നടുക്കവും രേഖപ്പെടുത്തി അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ നീതിയും സമാധാനവും സംബന്ധിച്ച സമിതി ചെയര്‍മാനും റോക്ക്‌ഫോര്‍ഡ് ബിഷപ്പുമായ ഡേവിഡ് ജെ. മല്ലോയ് നൈജീരിയ കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റ് ലൂസിയസ് ഉഗോര്‍ജിയ്ക്ക് കത്ത് അയച്ചു.

വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം ഞെട്ടലുണ്ടാക്കിയെന്നും ഇത് കത്തോലിക വിശ്വാസത്തിനും പള്ളികള്‍ക്കും നേരെയുള്ള അക്രമങ്ങളുടെ തുടര്‍ച്ചയാണെന്നും ബിഷപ് ഡേവിഡ് ജെ മല്ലോയ് മെയ് 26 ന് അയച്ച കത്തില്‍ പറയുന്നു. ഭാവിയില്‍ ഇത്തരം അക്രമങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. മരണപ്പെട്ട പെണ്‍കുട്ടിക്ക് നിത്യശാന്തിയും അശാന്തിയുടെ നാട്ടില്‍ വിശ്വാസത്തെ പ്രതി പീഢനങ്ങള്‍ സഹിക്കുന്നവര്‍ക്ക് പ്രാര്‍ത്ഥനയും നേര്‍ന്നുകൊണ്ടാണ് അദ്ദേഹം കത്ത് അവസാനിപ്പിക്കുന്നത്.

കത്തിന്റെ പൂര്‍ണ്ണരൂപം,

'നൈജീരിയയിലെ സൊകോട്ടോയിലുള്ള ഷെഹു ഷാഗരി കോളേജ് ഓഫ് എഡ്യൂക്കേഷനിലെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയായ ദബോറ യാക്കൂബ സാമുവല്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് അറിഞ്ഞത് ഭീതിയോടെയും ഞെട്ടലോടെയും ദുഃഖത്തോടെയുമാണ്. ഈ മരണം രണ്ട് കത്തോലിക്കാ പള്ളികള്‍ക്കും മറ്റ് സഭാ സ്വത്തുക്കള്‍ക്കും നേരെയുള്ള അക്രമമായി വളര്‍ന്നുവെന്നും ഞാന്‍ മനസിലാക്കുന്നു.

യുണൈറ്റഡ് സ്റ്റേറ്റ്‌സ് കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്പ്‌സ് കമ്മിറ്റി ഓണ്‍ ഇന്റര്‍നാഷണല്‍ ജസ്റ്റിസ് ആന്‍ഡ് പീസ് ചെയര്‍മാന്‍ എന്ന നിലയില്‍, നൈജീരിയയിലെ സഭയോടുള്ള എന്റെ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും യാക്കൂബ സാമുവലിന്റെ കുടുംബത്തിന് എന്റെ ആത്മാര്‍ത്ഥ അനുശോചനം അറിയിക്കാനും ഞാന്‍ എഴുതുന്നു. അവളുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.

മരണവും സഭാ സ്വത്തുക്കള്‍ക്ക് നേരെയുള്ള ആക്രമണവും നടന്ന സോകോടോയിലെ ബിഷപ്പ് ബിഷപ്പ് മാത്യു ഹസന്‍ കുക്കയോട് എന്റെ ഐക്യദാര്‍ഢ്യവും സഹതാപവും അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ കോണ്‍ഫറന്‍സ് ബിഷപ്പ് കുക്കയുമായി നിരവധി അവസരങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാവിയില്‍ ഇത്തരം അക്രമങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഈ പ്രവൃത്തികള്‍ക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

ഈ അസ്വാസ്ഥ്യകരമായ സമയത്ത് ഞങ്ങളുടെ പ്രാര്‍ത്ഥനയെക്കുറിച്ച് ദയവായി ഉറപ്പുനല്‍കുക, നിങ്ങളെയും നൈജീരിയയിലെ ജനങ്ങളെയും പിന്തുണയ്ക്കാന്‍ ഞങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് ഞങ്ങളെ അറിയിക്കുക.'


മെയ് 12 നാണ് സൊകോട്ടോ സംസ്ഥാനത്തെ ഷെഹു ഷാഗരി കോളേജ് ഓഫ് എഡ്യൂക്കേഷനിലെ വിദ്യാര്‍ഥിനിയായിരുന്ന ദബോറയെ മുസ്ലീം വിദ്യാര്‍ഥികള്‍ മര്‍ദിക്കുകയും കല്ലെറിയുകയും തീ കൊളുത്തി കൊലപ്പെടുത്തുകയും ചെയ്തത്. സമൂഹമാധ്യമത്തിലൂടെ ഈശോയെ പ്രകീര്‍ത്തിച്ചതാണ് അക്രമണത്തിനും തുടര്‍ന്ന് കൊലപാതകത്തിലും എത്തിയത്.


പരീക്ഷയിലെ വിജയം ഈശോ തന്നതാണ് എന്ന് ദബോറ ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. സഹപാഠികളായ രണ്ട് മുസ്ലീം വിദ്യാര്‍ഥികള്‍ പോസ്റ്റ് ഡിലീറ്റ് ചെയ്യാനും ഇല്ലെങ്കില്‍ പീഢനം അനുഭവിക്കേണ്ടിവരുമെന്നും ദബോറയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയായി കമന്റ് ചെയ്തു. 'പരിശുദ്ധാത്മാവിന്റെ തീ എന്നില്‍ ഉണ്ട് എനിക്കൊന്നും സംഭവിക്കുകയില്ല.' എന്നാണ് ഇതിനു മറുപടിയായി ദബോറ കമന്റ് ചെയ്തത്.

റംസാന്‍ മാസത്തെ അവധിക്ക് കോളേജ് അടച്ചിട്ട സമയമായിരുന്നു അത്. മെയ് 11ന് കോളേജ് തുറന്നപ്പോള്‍ മുസ്ലിം സമുദായത്തില്‍ പെട്ട ആണ്‍കുട്ടികള്‍ ദബോറയെ വളഞ്ഞു. പെണ്‍കുട്ടി വീണു പോകുന്നതുവരെ കല്ലെറിഞ്ഞു. തുടര്‍ന്ന് അവളെ തീ കൊളുത്തി കൊലപ്പെടുത്തുകയുമായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.