ടെക്‌സാസ്: ടെക്‌സാസ് പ്രാദേശിക ഭരണകൂടത്തിന്റെ എതിര്‍പ്പിനിടയില്‍ ഉവാള്‍ഡെ വെടിവയ്പ്പ് നടന്ന സ്‌കൂളിലും മരിച്ച കുട്ടികളുടെ കുഴിമാടത്തിലും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സന്ദര്‍ശനം നടത്തി. ഭാര്യ ജില്‍ ബൈഡനും ഒപ്പം ഉണ്ടായിരുന്നു. സ്‌കൂള്‍ അധികൃതരുമായി സംസാരിച്ച അദ്ദേഹം മരണപ്പെട്ടവരുടെ ബന്ധുജനങ്ങളെ നേരില്‍ കണ്ട് ആശ്വസിപ്പിച്ചു. തുടര്‍ന്ന് ആത്മശാന്തി പ്രാര്‍ത്ഥനയിലും ദിവ്യബലിയിലും പങ്കെടുത്തു.
രാവിലെ 11.15 ന് എത്തിയ അദ്ദേഹം സ്‌കൂളിന് പുറത്തുള്ള താല്‍ക്കാലിക സ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. അല്പ സമയം നിശബ്ദമായി പ്രാര്‍ത്ഥിച്ച ശേഷം കുരിശടയാളം വരച്ച് കണ്ണീര്‍ തുടച്ചു. തുടര്‍ന്ന് കുഴിമാടത്തിലേക്ക് നീങ്ങിയ പ്രസിഡന്റിനെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അനുഗമിച്ചു. ഓരോ കുഴിമാടവും ചൂണ്ടിക്കാട്ടി മരണപ്പെട്ട കുട്ടികളെ പ്രധാന അധ്യപകന്‍ പ്രസിഡന്റിന് പരിചയപ്പെടുത്തി. തുടര്‍ന്ന് സേക്രഡ് ഹാര്‍ട്ട് കാത്തലിക് പള്ളിയില്‍ ആര്‍ച്ച് ബിഷപ്പ് ഗുസ്താവോ ഗാര്‍സിയ അര്‍പ്പിച്ച ദിവ്യബലിയില്‍ പങ്കെടുത്തു.
കുര്‍ബാനയ്ക്ക് ശേഷം പുറത്തേക്ക് ഇറങ്ങിയ പ്രസിഡന്റിനോട് അവിടെ കൂടി നിന്നിരുന്ന ജനം കണ്ണീര്‍പൊഴിച്ച് വിലപിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ 'എന്തെങ്കിലും' ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു. 'ഞങ്ങള്‍ ചെയ്യും' എന്ന ഉറപ്പ് അവര്‍ക്കായി അദ്ദേഹം നല്‍കി. രാഷ്ട്രീയപരമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ഇത്തരം സംഭവങ്ങളില്‍ പരസ്പരം പിന്തുണയ്ക്കാന്‍ തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
അവിടെ നിന്നും പ്രസിഡന്റും ജില്‍ ബൈഡനും നേരെ പോയത് മരിച്ചവരുടെ വീടുകളിലേക്കാണ്. ഇരകളുടെ കുടുംബാംഗങ്ങളെ അദ്ദേഹം നേരില്‍ കണ്ട് ആശ്വസിപ്പിച്ചു. ഉവാള്‍ഡെ കൗണ്ടി കമ്മീഷണറായ റൊണാള്‍ഡ് ഗാര്‍സ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
പ്രസിഡന്റിനെ അനുഗമിക്കാന്‍ ടെക്സസ് റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ഗ്രെഗ് ആബോട്ട് എത്തിയപ്പോള്‍ കൂടിനിന്ന ജനം അദ്ദേഹത്തിന് നേരെ ആക്രോശിച്ചു. 'ദയവായി ഗവര്‍ണര്‍ ആബോട്ട്, ഉവാള്‍ഡെ കൗണ്ടിയെ സഹായിക്കൂ,' 'നമുക്ക് മാറ്റം വേണം. നമ്മുടെ കുട്ടികള്‍ ഇതിന് അര്‍ഹരല്ല.' എന്നിങ്ങനെയാണ് ജനം ഉച്ചത്തില്‍ വിളിച്ചുപറഞ്ഞത്.
ന്യൂയോര്‍ക്കിലെ ബഫല്ലോയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ വംശീയ കൂട്ടക്കൊല നടന്ന സ്ഥലം സന്ദര്‍ശിച്ച് 12 ദിവസങ്ങള്‍ക്ക് ശേഷമാണ് ടെക്‌സസിലെ സന്ദര്‍ശനം. ആ വെടിവെപ്പില്‍ 10 പേര്‍ മരിച്ചിരുന്നു. അമേരിക്കയില്‍ തോക്ക് കൊലപാതകള്‍ തുടര്‍ച്ചയാകുന്നതില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. തോക്ക് നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.