ചെറുത്തുനില്‍പ്പ് മേഖലകളില്‍ ഉക്രെയ്ന്‍ സേനയ്ക്ക് കരുത്ത് പകരാന്‍ സെലെന്‍സ്‌കി എത്തി; ജീവന്‍ പണയംവച്ച് പോരാടുന്ന സൈനീകര്‍ക്ക് അഭിനന്ദനവും സമ്മാനങ്ങളും

ചെറുത്തുനില്‍പ്പ് മേഖലകളില്‍ ഉക്രെയ്ന്‍ സേനയ്ക്ക് കരുത്ത് പകരാന്‍ സെലെന്‍സ്‌കി എത്തി; ജീവന്‍ പണയംവച്ച് പോരാടുന്ന സൈനീകര്‍ക്ക് അഭിനന്ദനവും സമ്മാനങ്ങളും

കീവ്: റഷ്യ ഏറ്റവും കൂടുതല്‍ സൈനികാക്രമണം നടത്തിയ പ്രധാന നഗരങ്ങളിലൊന്നായ ഖാര്‍കിവ് മേഖലയില്‍ ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലെന്‍സ്‌കി സന്ദര്‍ശനം നടത്തി. പ്രദേശത്തെ സൈനികരുടെ ചെറുത്തുനില്‍പ്പിനെ അദ്ദേഹം അഭിനന്ദിച്ചു. രാജ്യത്തിനുവേണ്ടി ജീവന്‍ പണയപ്പെടുത്തി പൊരുതുന്ന സൈനികര്‍ക്ക് അദ്ദേഹം അഭിനന്ദനങ്ങളും സമ്മാനങ്ങളും കൈമാറി. റഷ്യന്‍ അധിനിവേശം തുടങ്ങിയ ശേഷം കീവിനു പുറത്തുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദര്‍ശനമാണിത്.

''ഞങ്ങളുടെ പ്രതിരോധക്കാരില്‍ അതിരുകളില്ലാത്ത അഭിമാനം തോന്നുന്നു. എല്ലാ ദിവസവും അവര്‍ ഉക്രെയ്‌നിന്റെ സ്വാതന്ത്ര്യത്തിനായി പോരാടുന്നു.'' അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു. ചീഫ് ഓഫ് സ്റ്റാഫ് ആന്‍ഡ്രി യെര്‍മാക്കും സെലെന്‍സ്‌കിയ്ക്കൊപ്പം ഉണ്ടായിരുന്നു. ഷെല്ലാക്രമണത്തില്‍ തകര്‍ന്ന് വീടുകളും കെട്ടിടങ്ങളും പുനര്‍നിര്‍മിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് അദ്ദേഹം പ്രദേശവാസികളുമായും പ്രാദേശിക സര്‍ക്കാര്‍ പ്രതിനിധികളുമായും ചര്‍ച്ച നടത്തി.



ഖാര്‍കിവിന്റെ വടക്ക്, കിഴക്കന്‍ ഭാഗങ്ങളില്‍ 2,100 ലധികം അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്കുകള്‍ നശിപ്പിച്ചതായി റീജിയണല്‍ ഗവര്‍ണര്‍ ഒലെഹ് സിനെഹുബോവ് പ്രസിഡന്റിനോട് പറഞ്ഞു. 90 ശതമാനം കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. മൂന്നില്‍ രണ്ട് ഭാഗം വീടുകളും പൂര്‍ണ്ണമായും നശിച്ചു. വൈദ്യുതി, ടെലികമ്മ്യൂണിക്കേഷന്‍ എല്ലാം താറുമാറായി. നിരന്തരമായ ഷെല്ലാക്രമണമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഖാര്‍കിവ് മേഖലയുടെ 31 ശതമാനം റഷ്യ കൈവശപ്പെടുത്തിയെങ്കിലും ശക്തമായ പ്രത്യോക്രമണത്തിലൂടെ അഞ്ചു ശതമാനം പ്രദേശം ഉക്രെയ്ന്‍ സൈന്യം തിരിച്ചുപിടിച്ചു.



അതേസമയം ഡോണ്‍ബാസില്‍ ലുഹാന്‍സ്‌ക് പ്രവിശ്യയില്‍ റഷ്യന്‍സേനയുടെ മുന്നേറ്റത്തെ തടയാന്‍ ഉക്രെയ്‌നായി. ഉക്രെയ്‌ന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്തെ ഏക നഗരമായ സീവിയറോഡോണെറ്റ്‌സ്‌ക്കില്‍ ശക്തമായ ആക്രമണമാണ് റഷ്യ നടത്തിവരുന്നത്. റഷ്യന്‍ അനുകൂല വിമതരുടെ ശക്തി കേന്ദ്രമായ ലുഹാന്‍സ്‌ക്, ഡോണെറ്റ്‌സ്‌ക് പ്രവിശ്യകള്‍ അടങ്ങിയ ഡോണ്‍ബാസിലെ ഭൂരിഭാഗം സ്ഥലങ്ങളും റഷ്യന്‍ സേനയുടെ നിയന്ത്രണത്തിലാണ്. സീവിയറോഡോണെറ്റ്‌സ്‌ക് കൂടി വീണാല്‍ മേഖല മുഴുവനായും റഷ്യയുടെ അധീനതയിലാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.