ടെക്‌സാസ് വെടിവയ്പ്പ്: കുഞ്ഞുങ്ങളുടെ ചോര വീണ സ്‌കൂള്‍ പൊളിച്ച് പുനര്‍നിര്‍മിക്കുമെന്ന് ജോ ബൈഡന്‍

ടെക്‌സാസ് വെടിവയ്പ്പ്: കുഞ്ഞുങ്ങളുടെ ചോര വീണ സ്‌കൂള്‍ പൊളിച്ച് പുനര്‍നിര്‍മിക്കുമെന്ന് ജോ ബൈഡന്‍

ടെക്‌സാസ്: അമേരിക്കയില്‍ 19 കുരുന്നുകളുടെയും രണ്ട് അധ്യാപികമാരുടെയും ചോരക്കറ പതിഞ്ഞ സ്‌കൂള്‍ പൊളിച്ച് പുനര്‍നിര്‍മിക്കാന്‍ സഹായം അനുവദിക്കുമെന്ന് പ്രസിഡന്റ് ബൈഡന്‍. ഉവാള്‍ഡയെ പ്രതിനിധീകരിക്കുന്ന സ്റ്റേറ്റ് സെനറ്റര്‍ റോളണ്ട് ഗുട്ടറസിനോടാണ് ബൈഡന്‍ ഇക്കാര്യം അറിയിച്ചത്.

പതിനെട്ടുകാരന്‍ നടത്തിയ വെടിവയ്പ്പില്‍ 21 പേര്‍ കൊല്ലപ്പെട്ട ഉവാള്‍ഡയിലെ റോബ് എലിമെന്ററി സ്‌കൂള്‍ പൊളിച്ച് പുതിയത് നിര്‍മിക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ പ്രത്യേകം തുക അനുവദിക്കും. കൂട്ടക്കുരുതി നടന്ന സ്‌കൂളിലേക്കു തിരിച്ചുപോകാന്‍ കുട്ടികളും മാതാപിതാക്കളും വിസമ്മതിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

സ്‌കൂളില്‍ പ്രസിഡന്റും ഭാര്യ ജില്‍ ബൈഡനും നടത്തിയ സന്ദര്‍ശനത്തിനു പിന്നാലെയാണ് ഗുട്ടറസ് മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത്.

കൂട്ടക്കൊലയില്‍നിന്നു കഷ്ടിച്ചു രക്ഷപ്പെട്ട കുട്ടികളോട് ഞാന്‍ സംസാരിച്ചു. ഭയാനകമായ ദുരന്തത്തിന്റെ ഓര്‍മകള്‍ പേറുന്ന ആ കെട്ടിടത്തിലേക്ക് പോകാന്‍ അവര്‍ക്കു കഴിയില്ല. ആ കുഞ്ഞുങ്ങള്‍ കടുത്ത ആഘാതത്തിലാണ് - റോളണ്ട് ഗുട്ടറസ് പറഞ്ഞു.

2012-ല്‍ കണക്റ്റിക്കട്ട് സംസ്ഥാനത്തെ നടുക്കിയ കൂട്ടക്കൊല നടന്ന സാന്‍ഡി ഹൂക്ക് എലിമെന്ററി സ്‌കൂള്‍ പൊളിച്ച് അതേസ്ഥാനത്ത് പുതിയ കെട്ടിടം നിര്‍മിച്ചിരുന്നു. അന്ന് 20 കുഞ്ഞുങ്ങളടക്കം 26 പേരാണ് കൊല്ലപ്പെട്ടത്.

1999-ല്‍ കൊളറാഡോയില്‍ 13 പേര്‍ കൊല്ലപ്പെട്ട കൊളംബൈന്‍ ഹൈസ്‌കൂള്‍ കെട്ടിടവും പൊളിച്ചുനീക്കാന്‍ അധികൃതര്‍ പരിഗണിച്ചെങ്കിലും പിന്നീട് വേണ്ടെന്നുവച്ചു.

കൂട്ടക്കൊലയ്ക്കിരയായ കുട്ടികളുടെ കുടുംബാംങ്ങള്‍ക്കും അതിനു സാക്ഷികളായ കുഞ്ഞുങ്ങള്‍ക്കും വേണ്ട മാനസിക പിന്തുണ നല്‍കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നും അതിനുള്ള നടപടികള്‍ ചെയ്യുമെന്നും ബൈഡന്‍ പറഞ്ഞതായി ഗുട്ടറസ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.