കാബൂള്‍: പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ ത്വയ്ബ തുടങ്ങിയ തീവ്രവാദ സംഘടനകളുടെ നൂറുകണക്കിന് ആളുകള്‍ അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യു.എന്‍ റിപ്പോര്‍ട്ട്. 11 ഭീകര പരിശീലന ക്യാമ്പുകള്‍ അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും യുഎന്‍ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
വിദേശ തീവ്രവാദികളെ അഫ്ഗാന്‍ മണ്ണില്‍ വളരാന്‍ അനുവദിക്കില്ലെന്ന് താലിബാന്‍ ആവര്‍ത്തിച്ച് പ്രസ്താവിക്കുന്നതിനിടയ്ക്കാണ് യുഎന്നിന്റെ പുതിയ വെളിപ്പെടുത്തല്‍. വിദേശരാജ്യങ്ങളുമായി സഖ്യത്തിലാകാനുള്ള താലിബാന്റെ ശ്രമം ഇതോടെ പാളിയേക്കും.
വടക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ആക്രമണങ്ങള്‍ നടത്തുന്ന തെഹ്രീക്-ഇ-താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) എന്ന സംഘടനയിലാണ് ഏറ്റവും കൂടുതല്‍ വിദേശ തീവ്രവാദികളുള്ളത്. ആയിരക്കണക്കിനാണ് തീവ്രവാദികളുടെ എണ്ണമെന്നും യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ താലിബാന്‍ അധികാരമേറ്റെടുത്തതിന് ശേഷം ആദ്യമായാണ് യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ ഉപരോധ സമിതി റിപ്പോര്‍ട്ട് തയാറാക്കുന്നത്.
അഫ്ഗാനിസ്ഥാനിലെ നന്‍ഗര്‍ഹര്‍ പ്രവിശ്യയിലാണ് ജെയ്‌ഷെ മുഹമ്മദിന്റെ എട്ട് പരിശീലന ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ മൂന്നെണ്ണം താലിബാന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണെന്ന് യുഎന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ ക്യാമ്പുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തെക്കുറിച്ചോ ഓരോ ക്യാമ്പിലും എത്ര അംഗങ്ങള്‍ ഉണ്ടെന്നോ വിവരമില്ല.
1990ല്‍ അഫ്ഗാനിലാണ് ലഷ്‌കര്‍ ഇ ത്വയിബ രൂപീകരിച്ചത്. കുനാര്‍, നന്‍ഗര്‍ഹര്‍ പ്രവിശ്യകളിലാണ് ലഷ്‌കര്‍ ഇ ത്വയിബയുടെ മൂന്ന് പരിശീലന കേന്ദ്രങ്ങളുള്ളത്. അഫ്ഗാന്‍ നേതൃത്വവുമായി വളരെ അടുത്ത ബന്ധമാണ് ഇവര്‍ക്ക്. 2021 ഒക്ടോബറില്‍ ലഷ്‌കര്‍ നേതാവ് മൗലവി അസദുല്ല താലിബാന്‍ ഉപ ആഭ്യന്തരമന്ത്രി നൂര്‍ ജലീലുമായി കൂടിക്കാഴ്ച നടത്തിയതായും യുഎന്നിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കിഴക്കന്‍ തുര്‍ക്കിസ്ഥാന്‍ ഇസ്ലാമിക് മൂവ്‌മെന്റ് (ഇടിഐഎം), ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഉസ്ബക്കിസ്ഥാന്‍, ജമാത് അന്‍സാറുള്ള തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകളുടെയെല്ലാം നൂറോളം പ്രവര്‍ത്തകര്‍ അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.
വിദേശരാജ്യങ്ങളെ ആക്രമിക്കുന്നതിനുള്ള താവളമാക്കി തീവ്രവാദ സംഘടനകള്‍ അഫ്ഗാനെ മാറ്റുന്നതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഇത് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.