അനുദിന വിശുദ്ധര്‍ - മെയ് 31
'ആ ദിവസങ്ങളില്‍ മറിയം യൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്ക് വളരെ തിടുക്കത്തില്‍ യാത്ര പുറപ്പെട്ടു' (ലൂക്കാ 1:39).
മംഗളവാര്‍ത്തക്ക് ശേഷം ഉടനെ തന്നെയാണ് പരിശുദ്ധ മാതാവ് തന്റെ ബന്ധുവായ എലിസബത്തിനെ സന്ദര്‍ശിക്കുന്നത്. മറിയത്തിന്റെ വന്ദനം കേട്ടപ്പോള്‍ എലിസബത്തിന്റെ ഉദരത്തില്‍ കിടക്കുന്ന സ്‌നാപക യോഹന്നാന്‍ തന്റെ മൂലപാപങ്ങളില്‍ നിന്നും ശുദ്ധീകരിക്കപ്പെട്ടു. എലിസബത്ത് മറിയത്തെ ഇപ്രകാരം സ്തുതിക്കുന്നു, 'ദൈവപുത്രന്റെ അമ്മയായ നീ സ്ത്രീകളില്‍ അനുഗ്രഹീതയാണ്'.
തിരുസഭയുടെ ദിനംതോറുമുള്ള പ്രാര്‍ത്ഥനകളുടെ ഭാഗമായി മാറിയിട്ടുള്ള ''എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു'' എന്ന മറിയത്തിന്റെ പ്രസിദ്ധമായ സ്‌തോത്രഗീതം ദൈവസ്‌നേഹത്തെ എടുത്ത് കാണിക്കുന്നു. എലിസബത്തുമായുള്ള മറിയത്തിന്റെ സംഗമം ധാരാളം ചിത്രകാരന്മാര്‍ക്ക് വിഷയമായിട്ടുണ്ട്.
'രക്ഷകന്റെ അമ്മ' എന്ന ഉന്നതമായ വിശേഷണം കേള്‍ക്കുകയും തന്റെ സന്ദര്‍ശനം മൂലം സ്‌നാപക യോഹന്നാന് ലഭിക്കപ്പെട്ട അനുഗ്രഹത്തെ കുറിച്ച് അറിയുകയും, 'ഇനി മുതല്‍ അവള്‍ നൂറ്റാണ്ടുകളോളം ആദരിക്കപ്പെടും' എന്ന പ്രവചനപരമായ സ്തുതിയും കേട്ടപ്പോള്‍ പരിശുദ്ധ മാതാവ് അതീവ സന്തോഷവതിയായി.
'മറിയം പറഞ്ഞു. എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു. എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു. അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും. ശക്തനായവന്‍ എനിക്കു വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു, അവിടുത്തെ നാമം പരിശുദ്ധമാണ്' (ലൂക്ക 1:46).
പരിശുദ്ധ അമ്മയുടെ സന്ദര്‍ശനത്തെക്കുറിച്ചുള്ള ലൂക്കായുടെ വിവരണത്തിന്റെ തുടക്കം തന്നെ എത്ര കാവ്യാത്മകമാണ്. സ്‌നേഹത്തിന്റേയും കരുതലിന്റെയും തീവ്രമായ ഭാവം ഇതില്‍ ദര്‍ശിക്കാന്‍ നമ്മുക്ക് സാധിക്കുന്നു. പരിശുദ്ധ അമ്മയുടെ ഉദരത്തില്‍ യേശു രൂപം ധരിച്ചതു മുതല്‍ ദൈവീകമായ ഉള്‍പ്രേരണയാലാണ് അവള്‍ കഴിഞ്ഞിരുന്നത്. അവളുടെ ഉള്‍പ്രേരണ യേശു തന്നെയായിരുന്നു.
ദുര്‍ഘടമായ യാത്ര മൂലമുണ്ടാകുന്ന ക്ഷീണം വലുതായിരിക്കുമെന്ന ന്യായങ്ങളൊന്നും പരിശുദ്ധ മാതാവ് പരിഗണിച്ചതേയില്ല. എലിസബത്തിനും ഒരു കുട്ടി ജനിക്കുവാനിരിക്കുന്നു. മറിയത്തിന്റെ കുട്ടിയാകട്ടെ വരുവാനിരിക്കുന്ന രക്ഷകനും. എന്നിരുന്നാലും മറിയത്തിന് എലിസബത്തിനെ പരിചരിക്കേണ്ട ആവശ്യകതയെ അവഗണിക്കുവാന്‍ കഴിഞ്ഞില്ല.
അവള്‍ തന്റെ ബന്ധുവായ എലിസബത്തിന് തന്റെ വന്ദനം നല്‍കി. മറിയത്തിന്റെ വന്ദനം എലിസബത്ത് കേട്ടപ്പോള്‍ തന്നെ അവളുടെ ഉദരത്തിലുള്ള ശിശു ആനന്ദത്താല്‍ കുതിച്ചു ചാടി. യേശു ജനിക്കുന്നതിനു മുന്‍പേ തന്നെ അവന്റെ സാന്നിധ്യം പോലും ജീവന്‍ നല്‍കുന്നുവെന്ന് എലിസബത്തിന്റെ വാക്കുകളിലൂടെ മനസിലാക്കാം.
എപ്രകാരമാണ് എലിസബത്ത് പരിശുദ്ധ മാതാവിന് സംഭവിച്ച കാര്യങ്ങളെക്കുറിച്ചറിഞ്ഞത്? തന്റെ ബന്ധു തന്റെ ദൈവപുത്രന്റെ അമ്മയാണെന്ന കാര്യം അവള്‍ എങ്ങിനെ അറിഞ്ഞു? അവള്‍ അതറിഞ്ഞത് അവളുടെ ഉദരത്തിലുള്ള ശിശു മുഖാന്തിരമാണ്.
ജീവനിലേക്ക് പെട്ടെന്നുള്ള ആ പ്രവേശനം സന്തോഷത്തിന്റെ ഒരു കുതിച്ചു ചാട്ടമായിരുന്നു. പരിശുദ്ധ അമ്മ നമുക്ക് കാണിച്ചു തരികയും പഠിപ്പിക്കുകയും ചെയ്തിട്ടുള്ള കാര്യങ്ങള്‍ നാം പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ നമ്മുടെ അനുഭവവും അവളുടേതിന് തുല്യമായിരിക്കും.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. സര്‍ദീനിയായിലെ ക്രെഷന്‍
2. കപ്പദോച്യായില്‍ വധിക്കപ്പെട്ട ഹെര്‍മിയാസ്
3. റോമന്‍കാരായ കാന്‍ശിയാനും കാന്‍ഷിയനില്ലായും കാന്‍ഷിയൂസും പ്രോത്തൂസും
4. 'വിശുദ്ധ ഉര്‍സുളയുടെ സ്ഥാപനം' എന്ന സഭയുടെ സ്ഥാപകയായ ആഞ്ചെലാ ദേ മെരീച്ചി.
'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.