ടെക്‌സാസ് സ്‌കൂള്‍ വെടിവയ്പ്പിന്റെ പശ്ചാത്തലത്തില്‍ കാനഡയില്‍ കൈത്തോക്കുകള്‍ക്ക് നിരോധനം; നിയമം പാസാക്കി സര്‍ക്കാര്‍

ടെക്‌സാസ് സ്‌കൂള്‍ വെടിവയ്പ്പിന്റെ പശ്ചാത്തലത്തില്‍ കാനഡയില്‍ കൈത്തോക്കുകള്‍ക്ക് നിരോധനം; നിയമം പാസാക്കി സര്‍ക്കാര്‍

ഒട്ടാവ: അയല്‍ രാജ്യമായ അമേരിക്കയില്‍ തോക്ക് ആക്രമണങ്ങള്‍ ഏറിവരുന്ന പശ്ചാത്തലത്തില്‍ കാനഡയില്‍ കൈത്തോക്ക് വില്പനയും ഉപയോഗവും നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ നിയമം പാസാക്കി. അമേരിക്കയിലെ ടെക്‌സാസില്‍ ഒരു സ്‌കൂളില്‍ 18 കാരന്‍ നടത്തിയ വെടിവയ്പ്പില്‍ കുട്ടികള്‍ ഉള്‍പ്പടെ 21 പേര്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് കാനഡയില്‍ കൈത്തോക്കുകള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തണമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് തിങ്കളാഴ്ച്ച നിയമസഭയില്‍ ബില്‍ അവതരിപ്പിച്ച് പാസാക്കിയത്.

നിയമം പ്രാബല്യത്തില്‍ വന്നതോടെ കൈത്തോക്കുകള്‍ സ്വകാര്യ വ്യക്തികള്‍ക്ക് വാങ്ങാന്‍ അനുവാദം ഉണ്ടാകില്ല. എന്നാല്‍ കായിക ഇനങ്ങള്‍ക്ക് ഉപയോഗിക്കുന്ന തോക്കുകള്‍ മൃഗവേട്ടയ്ക്ക് ഉപയോഗിക്കുന്ന തോക്കുകള്‍ എന്നിവയ്ക്ക് നിരോധനം ബാധകമാകില്ല. നീളമുള്ള തോക്കുകള്‍ ഉപയോഗിക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവരും. അഞ്ചു റൗണ്ട് മാത്രമേ ഒറ്റത്തവണ ഉപയോഗിക്കാന്‍ അനുവാദമുള്ളു. മാത്രമല്ല ഗാര്‍ഹിക പീഡനം, ക്രിമിനല്‍ പശ്ചാത്തലം എന്നിവയുമായി ബന്ധപ്പെട്ട് കേസുകളോ പൊലീസിന്റെ ക്രിമനല്‍ പട്ടികയിലോ ഉള്‍പ്പെട്ടവരില്‍ നിന്ന് തോക്കുകള്‍ തിരിച്ചു പിടിക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.

''കാനഡയിലെ ആര്‍ക്കും അവരുടെ ദൈനംദിന ജീവിതത്തില്‍ തോക്കുകള്‍ ആവശ്യമായി വരാന്‍ ഒരു കാരണവുമില്ല. തോക്ക് അക്രമം വര്‍ദ്ധിച്ചുവരുന്നതായി കാണുമ്പോള്‍, നടപടിയെടുക്കുന്നത് സര്‍ക്കാരിന്റെ കടമയാണ്. തോക്കുകള്‍ കുറവാണെങ്കില്‍ എല്ലാവരും സുരക്ഷിതരായിരിക്കും,'' ട്രൂഡോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കാനഡയില്‍ ഗ്രാമപ്രദേശങ്ങളില്‍ പോലും തോക്ക് വ്യാപകമാണ്. എന്നാല്‍ തോക്ക് ഉപയോഗത്തില്‍ അമേരിക്കയിലേക്കാളും ശക്തമായ നിയമം കാനഡയില്‍ ഉണ്ട്. ക്രിമനല്‍ പശ്ചാത്തലം പരിശോധിച്ച ശേഷം മാത്രമേ വ്യക്തികള്‍ക്ക് തോക്ക് അനുവദിക്കുകയുള്ളു. മാത്രമല്ല എല്ലാവര്‍ഷവും ലൈസന്‍ പുതുക്കുകയും തോക്ക് ഉപയോഗിച്ച സംഭവങ്ങള്‍ രേഖപ്പെടുത്തി നല്‍കുകയും വേണം.



അമേരിക്കയില്‍ ഉള്‍പ്പടെ തോക്ക് ഉപയോഗം വ്യാപകവും മാരകവുമായ പശ്ചാത്തലത്തില്‍ രാജ്യത്ത് തോക്ക് നിയമം കര്‍ശനമാക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ഗൗരവമായി ആലോചിച്ചു വരികെയായിരുന്നു. 2020 ഏപ്രിലില്‍, നോവ സ്‌കോട്ടിയയില്‍ പോലീസ് ഉദ്യോഗസ്ഥനായി വേഷമിട്ട ഒരു തോക്കുധാരി 22 പേരെ വെടിവച്ചുകൊന്നത് കാനഡയെ പിടിച്ചുകുലുക്കിയിരുന്നു. അതിനു മുന്‍പും ശേഷവും ഇത്രയും വലിയൊരു തോക്ക് കുട്ടക്കൊല കാനഡയില്‍ ഉണ്ടായിട്ടില്ല.

ഇതേ തുടര്‍ന്ന് നടത്തിയ സര്‍വേയില്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത തോക്ക് കുറ്റകൃത്യങ്ങളില്‍ 59 ശതമാനവും കൈത്തോക്ക് ഉപയോഗിച്ചുള്ളതാണെന്ന് കണ്ടെത്തി. മാത്രമല്ല കൈത്തോക്കുകളുടെ എണ്ണം 2010 നും 2020 നും ഇടയില്‍ 71 ശതമാനം വര്‍ദ്ധിച്ച് 1.1 ദശലക്ഷമായതിന്റെയും കണക്കുകള്‍ പുറത്തുവന്നു. ഇതേ തുടര്‍ന്ന് തോക്ക് നിയമത്തില്‍ കര്‍ശന വ്യവസ്ഥകള്‍ കൊണ്ടുവരണമെന്ന ആവശ്യം ശക്തമാകുകയും അതിനാവശ്യമായ നീക്കങ്ങള്‍ സര്‍ക്കാര്‍ ആരംഭിക്കുകയും ചെയ്തു.

2019 ലെ തെരഞ്ഞെടുപ്പില്‍ ട്രൂഡോയുടെ പ്രചാരണത്തിന്റെ ഭാഗമായിരുന്നു തോക്ക് അക്രമം അവസാനിപ്പിക്കുമെന്നത്. 2020ല്‍ അദ്ദേഹത്തിന്റെ സര്‍ക്കാര്‍ 1,500 ലധികം സൈനിക ശൈലി ആക്രമണ ആയുധങ്ങള്‍ നിരോധിച്ചു. കൈത്തോക്ക് ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ വ്യാപിച്ച പശ്ചാത്തലത്തിലാണ് ഇന്നലെ പാര്‍ലമെന്റില്‍ നിയമം പാസാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.