ടുണീഷ്യ: രണ്ടാം ലോക മഹായുദ്ധ കാലത്ത് മരിച്ച, ആഫ്രിക്കയിലെ അമേരിക്കന്‍ സെമിത്തേരിയില്‍ അടക്കം ചെയ്ത അജ്ഞാതരായ സൈനികരുടെ മൃതദേഹാവശിഷ്ടങ്ങള്‍ വീണ്ടെടുത്ത് അവ നാട്ടിലേക്കു കൊണ്ടുവരാനൊരുങ്ങി യു.എസ്. മരിച്ചുപോയ അമേരിക്കന്‍ സൈനികരെ അനുസ്മരിക്കുന്ന ദിനമായ മെമ്മോറിയല്‍ ഡേയില്‍ ടുണീഷ്യയിലെ യുഎസ് എംബസിയാണ് ഇക്കാര്യം അറിയിച്ചത്.
അജ്ഞാതരായ അമേരിക്കന്‍ സൈനികരുടെ അവശിഷ്ടങ്ങള്‍ നാട്ടിലെത്തിച്ച് അവ തിരിച്ചറിഞ്ഞ ശേഷം കുടുംബാംഗങ്ങള്‍ക്ക് കൈമാറുകയാണ് ലക്ഷ്യം. ഇതിനായി യുഎസിനെ അനുവദിക്കുന്ന ധാരണാപത്രത്തില്‍ യുഎസും ടുണീഷ്യയും ഒപ്പുവച്ചതിനു പിന്നാലെയായിരുന്നു പ്രഖ്യാപനം.
'യുദ്ധത്തില്‍ മരിച്ചുപോയ സൈനികരോടും അവരുടെ കുടുംബങ്ങളോടും യു.എസ് കടപ്പെട്ടിരിക്കുന്നതായി എംബസിയിലെ നതാഷ ഫ്രാന്‍സെഷി പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ജീവന്‍ ബലി അര്‍പ്പിച്ച അമേരിക്കന്‍ സൈനികര്‍ക്ക് ഈ ചരിത്ര ഉടമ്പടിയിലൂടെ അര്‍ഹമായ അംഗീകാരവും ആദരവും ഉറപ്പാക്കുമെന്ന് നതാഷ കൂട്ടിച്ചേര്‍ത്തു.
മെഡിറ്ററേനിയന്‍ കടലിനടുത്തുള്ള ടുണീഷ്യയിലെ കാര്‍ത്തേജ് നഗരത്തിലാണ് ശ്മശാനം സ്ഥിതി ചെയ്യുന്നത്. 2,841 യുഎസ് സൈനികരെയാണ് ഇവിടെ അടക്കം ചെയ്തിട്ടുള്ളത്. സെമിത്തേരിയുടെ അതിര്‍ത്തിയിലുള്ള സ്മാരക മതിലില്‍, കാണാതായ 3,724 സൈനികരുടെ പേരുകള്‍ കൊത്തിവച്ചിട്ടുണ്ട്.
എത്ര പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ യുഎസിലേക്ക് കൊണ്ടുവരുമെന്നോ തിരിച്ചറിയല്‍ നടപടികള്‍ എപ്പോള്‍ ആരംഭിക്കുമെന്നോ എംബസി വ്യക്തമാക്കിയില്ല.
മരണമടഞ്ഞ സൈനികര്‍ക്കായി നോര്‍ത്ത് ആഫ്രിക്കന്‍ അമേരിക്കന്‍ സെമിത്തേരി 1960-ലാണു സ്ഥാപിച്ചത്. എന്നാല്‍ ഇത്രയും കാലമായിട്ടും അജ്ഞാതരായ സൈനികരുടെ അവശിഷ്ടങ്ങള്‍ പുറത്തെടുക്കാനോ തിരിച്ചറിയാനോ യുഎസിന് സാധിച്ചിരുന്നില്ല. പുതുതായി ഒപ്പുവച്ച ധാരണാപത്രത്തിലൂടെ ഈ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയും.
ഫോറന്‍സിക് സയന്‍സും അന്നത്തെ സൈനിക രേഖകളും സംയോജിപ്പിച്ചായിരിക്കും സൈനികരെ തിരിച്ചറിയുന്ന നടപടികള്‍ പൂര്‍ത്തിയാക്കുക.
മെമ്മോറിയല്‍ ഡേയില്‍ നോര്‍ത്ത് ആഫ്രിക്കന്‍ അമേരിക്കന്‍ സെമിത്തേരിയില്‍ നടന്ന ചടങ്ങില്‍ ടുണീഷ്യന്‍ വിദേശകാര്യ മന്ത്രി ഒത്മാന്‍ ജെറെന്‍ഡേയ്, യുഎസ് എംബസി ടുണീഷ്യ ചാര്‍ജ് ഡി അഫയേഴ്‌സ് നതാഷ ഫ്രാന്‍സെഷി എന്നിവര്‍ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.