ഒമാനില്‍ പുതുക്കിയ വിസാ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തിലാകും

ഒമാനില്‍ പുതുക്കിയ വിസാ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തിലാകും

ഒമാൻ: ഒമാനില്‍ പുതുക്കിയ വിസാ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തിലാകും. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്‍റെ നിർദ്ദേശത്തെ തുടർന്നാണ് തൊഴില്‍ മന്ത്രാലയം വിസാനിരക്കുകള്‍ കുറച്ചത്. 

സ്വദേശിവല്‍ക്കരണ തോത് പൂർണമായും നടപ്പിലാക്കുന്ന കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും 85 ശതമാനം വരെയാണ് മന്ത്രാലയം വിസ ഫീസില്‍ ഇളവ് നല്‍കിയിരിക്കുന്നത്. ഏറ്റവും കുറഞ്ഞ വിസാ നിരക്ക് 101 റിയാലായി. കൂടിയ നിരക്ക് 301 റിയാലും. വിസാ തരമനുസരിച്ച് ഇതില്‍ വ്യത്യാസമുണ്ടായിരിക്കും.

സ്വദേശിവല്‍ക്കരണ തോത് പൂർണമായും നടപ്പിലാക്കിയ കമ്പനികള്‍ക്ക് 176 റിയാലായിരിക്കും വിസാ നിരക്കെന്ന് മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ 601 റിയാല്‍ മുതല്‍ 1001 റിയാല്‍ വരെ ഈടാക്കിയിരുന്ന ഇടത്തരം വിഭാഗത്തില്‍ പെടുന്ന വിസകള്‍ക്ക് 251 റിയാലായി. 2001 റിയാല്‍ വിസാ ഫീസ് ഈടാക്കിയിരുന്ന തസ്തികകളില്‍ 301 റിയാലാണ് പുതിയ വിസാ നിരക്ക്.

വീട്ടുജോലി വിസകള്‍ക്ക് 101 റിയാലാണ് പുതുക്കിയ നിരക്ക്. നേരത്തെ ഇത് 141 റിയാലായിരുന്നു. അതേസമയം തന്നെ പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ട പിഴകള്‍ സെപ്റ്റംബര്‍ ഒന്നു വരെ ഒഴിവാക്കിയതും ആശ്വാസമായി. സെപ്റ്റംബര്‍ ഒന്നിന് മുൻപു വിസ പുതുക്കുന്നവര്‍ക്കാണു പിഴയില്‍ ഇളവ് ലഭിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.