ഹൈദ്രബാദ്: കഴിഞ്ഞ ദിവസം ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രഖ്യാപിച്ച പുതിയ കര്‍ദ്ദിനാള്‍മാരുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള ആര്‍ച്ച്ബിഷപ് ഡോ. ആന്റണി പൂല ഉള്‍പ്പെട്ടതോടെ ആദ്യമായി ദളിത് വിഭാഗത്തില്‍ നിന്ന് ഒരു കര്‍ദ്ദിനാളിനെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഭാരത കത്തോലിക്ക സഭ.
ദളിത് വിഭാഗത്തോടുള്ള വത്തിക്കാന്റെ പ്രത്യേക പരിഗണനയുടെ സമ്മാനമായാണ് ആര്‍ച്ച്ബിഷപ് ആന്റണി പൂലയുടെ കര്‍ദ്ദിനാള്‍ സ്ഥാനലബ്ദിയെ ഇന്ത്യയിലെ ദളിത് വിഭാഗം കാണുന്നത്. ജാതിക്കും മതത്തിനും ഉപരിയായി ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും അഭിമാന നിമിഷമാണിതെന്ന് നാഷണല്‍ കൗണ്‍സില്‍ ഓഫ് ദളിത് ക്രിസ്ത്യന്‍സിന്റെ (എന്‍സിഡിസി) കോര്‍ഡിനേറ്റര്‍ ഫ്രാങ്ക്‌ലിന്‍ സീസര്‍ തോമസ് പറഞ്ഞു.
തങ്ങള്‍ക്കായി ഒരു കര്‍ദ്ദിനാള്‍ വേണമെന്നത് ഇന്ത്യയിലെ ദലിത് കത്തോലിക്കാ ഗ്രൂപ്പുകള്‍ വത്തിക്കാന്റെ മുന്നില്‍ വച്ചിരുന്ന വലിയ ആവശ്യങ്ങളിലൊന്നായിരുന്നു. ഇതിന്റെ ഫലസമാപ്തിയാണ് ആര്‍ച്ച്ബിഷപ് പൂലയുടെ സ്ഥാനക്കയറ്റം. 'സമൂഹത്തിൽ അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്കുള്ള ബഹുമതിയും അംഗീകാരവുമാണിതെന്ന് ഹൈദ്രബാദ് ഇടവക വികാരി ഫാ. ബെര്‍ണാഡ് അഭിപ്രായപ്പെട്ടു. ആന്ധ്രയില്‍ നിന്നുള്ള ആദ്യ കര്‍ദ്ദിനാള്‍ കൂടിയാണ് ആന്റണി പൂല.
1961 നവംബര്‍ 15 ന് ആന്ധ്രാപ്രദേശിലെ ചിന്ദുകൂറില്‍ ജനിച്ച ആന്റണി പൂല കുര്‍ണൂലിലെ മൈനര്‍ സെമിനാരിയില്‍ നിന്നും ബംഗലൂരുവിലെ സെന്റ് പീറ്റേഴ്സ് പൊന്തിഫിക്കല്‍ മേജര്‍ സെമിനാരിയില്‍ നിന്നുമാണ് വൈദിക പഠനം പൂര്‍ത്തിയാക്കിയത്. 1992 ഫെബ്രുവരി 20 ന് വൈദികനായി അഭിഷിക്തനായി.
ആമഗം പള്ളിയില്‍ അസിസ്റ്റന്റ് ഇടവക വികാരിയായും തേക്കൂര്‍പേട്ട, ചൈനയരസല്‍, ബദ്വേല്‍ ഔര്‍ ലേഡി ഓഫ് ഫാത്തിമ പള്ളി എന്നിവിടങ്ങളില്‍ ഇടവക വികാരിയായും സേവനമനുഷ്ഠിച്ചു. ബദ്വേലിലെ സെന്റ് തോമസ് ബോര്‍ഡിംഗ് ഹോം, വാന്‍ഡര്‍ വാല്‍ക്ക് ബോയ്സ് ബോര്‍ഡിംഗ് ഹോം എന്നിവയുടെ ഡയറക്ടറും യു.എസ്.എയിലെ കലമാസൂ രൂപതയിലെ സെന്റ് ജോസഫ് പള്ളി റസിഡന്റ് വൈദികനുമായിരുന്നു ്അദ്ദേഹം.
2008 ഫെബ്രുവരി എട്ടിന് കുര്‍ണൂല്‍ ബിഷപ്പായി നിയമിതനാകുമ്പോള്‍ അദ്ദേഹത്തിന് 46 വയസുമാത്രമേ ഉണ്ടായിരുന്നുള്ളു. 2020 നവംബര്‍ 19 ന് ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തെ ഹൈദരാബാദ് ബിഷപ്പായി നിയമിക്കുകയും 2021 ജനുവരി മൂന്ന് ആര്‍ച്ച് ബിഷപ്പായി ഉയര്‍ത്തുകയും ചെയ്തു.
2008-20 കാലഘട്ടത്തില്‍ ആന്ധ്രാപ്രദേശ് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ചെയര്‍മാന്‍, 2014-20 വരെ തെലുങ്ക് കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സിന്റെ സെക്രട്ടറി ജനറല്‍, ട്രഷറര്‍, 2014 മുതല്‍ ടിസബിസി പ്രീസ്റ്റ് കമ്മ്യൂണിറ്റിക്കുള്ള സിഖ് വില്ലേജ് കാമ്പസിന്റെ ചെയര്‍മാന്‍, ജീവന്‍ ഇന്‍ സ്റ്റേറ്റ് പ്രിന്റിംഗ് പ്രസിന്റെ ചെയര്‍മാന്‍ എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്.
ആര്‍ച്ച്ബിഷപ്പ് ആന്റണി പൂലയെ കൂടാതെ ഗോവയില്‍ നിന്നുള്ള ആര്‍ച്ച് ബിഷപ്പ് ഫിലിപ്പെ നേറി അന്റോണിയോയും പുതിയ കര്‍ദിനാള്‍ പട്ടികയില്‍ ഉണ്ട്. 21 പുതിയ കര്‍ദ്ദിനാള്‍മാരില്‍ യൂറോപ്പില്‍ നിന്ന് എട്ടുപേരും ഏഷ്യയില്‍ നിന്ന് ആറും ആഫ്രിക്കയില്‍ നിന്ന് രണ്ടും വടക്കേ അമേരിക്കയില്‍ നിന്ന് ഒരാളും മധ്യ, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള നാല് പേര്‍ വീതവുമാണുള്ളത്. ഇന്ത്യയില്‍ നിന്ന് ഇത്തവണ രണ്ടുപേരാണ് കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്. ഓഗസ്റ്റ് 27 ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഇവരെ കര്‍ദ്ദിനാള്‍മാരായി വാഴ്ത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.