ഹൃദയം ഹൃദയത്തെ തൊട്ടു

ഹൃദയം ഹൃദയത്തെ തൊട്ടു

അന്ന് വിശുദ്ധ കുർബാനയ്ക്കു ശേഷം വികാരിയച്ചൻ കപ്യാരോട് പറഞ്ഞു: "നമുക്കൊരു വീടുവരെ പോകാം." "അച്ചന് വയ്യല്ലോ... വിശ്രമം വേണമെന്ന് ഡോക്ടർ പറഞ്ഞത് മറന്നോ?" അല്പം ശബ്ദമുയർത്തി കപ്യാർ ചോദിച്ചു.

മറുപടിയൊന്നും പറയാതെ അച്ചൻ വണ്ടിയിൽ കയറി. കൂടെ കപ്യാരും. അവർ ഒരു വീട്ടിലെത്തി. ആ വീട്ടിൽ സുഖമില്ലാതെ കിടക്കുന്ന ഒരു മധ്യവയസ്ക. കൂടെ അവരുടെ മകളും. അച്ചനെ കണ്ട മാത്രയിൽ അവരുടെ മിഴികൾ വിടർന്നു. "അച്ചൻ വരുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. അച്ചൻ ആശുപത്രിയിലാണെന്നാണല്ലോ കേട്ടത്?" അവർ ചോദിച്ചു.

"എനിക്ക് കുഴപ്പമൊന്നുമില്ല. ഇന്നലെ രാത്രി തന്നെ ഹോസ്പിറ്റലിൽ നിന്ന് പള്ളിയിലെത്തി. രാവിലെ കുർബാന കഴിഞ്ഞപ്പോൾ നേരെ ഇങ്ങോട്ട് പോന്നു...." ഇത്രയും പറഞ്ഞ് അച്ചൻ ആ സ്ത്രീയ്ക്കു വേണ്ടി പ്രാർത്ഥിച്ചു. അവരെ കുമ്പസാരിപ്പിച്ച് വിശുദ്ധ കുർബാന നൽകി. കയ്യിൽ കരുതിയിരുന്ന ജപമാലയും അവർക്ക് നൽകി. "പേടിക്കേണ്ടാ പരിശുദ്ധ അമ്മയും ഈശോയും കൂടെയുണ്ട് ...ഞാൻ പ്രാർത്ഥിക്കാം."

ആ സ്ത്രീ മണിക്കുറുകൾക്കു ശേഷം നിത്യ സമ്മാനത്തിനായ് വിളിക്കപ്പെട്ടു. മൃതസംസ്ക്കാര ശുശ്രൂഷകൾക്കു ശേഷം മകൾ വന്ന് അച്ചനോട് പറഞ്ഞു: "അച്ചൻ വീട്ടിൽ വന്നതും പ്രാർത്ഥിച്ചതും വിശുദ്ധ കുർബാന നൽകിയതും അമ്മയ്ക്ക് ലഭിച്ച സൗഭാഗ്യമാണ്. ഞങ്ങളത് ഒട്ടും പ്രതീക്ഷിച്ചില്ല. ക്യാൻസർ കാർന്നുതിന്ന അമ്മയുടെ ജീവിതത്തിൽ, പുഞ്ചിരിയോടെ യാത്ര പറയാൻ അച്ചന്റെ ഇടപെടൽ കാരണമായി..... നന്ദി!"

"എനിക്ക് വരണമെന്ന് തോന്നി. ഞാൻ വന്നു. അതായിരുന്നു ദൈവഹിതം. മോൾക്കറിയാലോ ... ഞാനും ക്യാൻസർ രോഗിയാണ്. നീട്ടിക്കിട്ടിയ ആയുസുമായ് സന്തോഷത്തോടെ ജീവിക്കുകയാണ്. അന്ന് ഞാൻ ആശുപത്രിയിലാണെന്ന് അറിയാതെ നിങ്ങൾ എനിക്ക് ഫോൺ ചെയ്തില്ലേ....? അമ്മയുടെ ശബ്ദത്തിൽ നിന്ന് അവർക്ക് ഈശോയെ സ്വീകരിക്കാൻ അത്രമാത്രം ആഗ്രഹമുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. അതുകൊണ്ടായിരിക്കാം എന്റെ ക്ഷീണമെല്ലാം പെട്ടന്ന് മാറിയതും വീട്ടിൽ വരാൻ കഴിഞ്ഞതും ..."

ഈ സംഭവം നമ്മുടെ മനസുകളെ കുളിരണിയിപ്പിക്കുന്നില്ലേ? ചില നൊമ്പരങ്ങളും രോഗങ്ങളുമെല്ലാം ദൈവം നമുക്ക് നൽകുന്നത് സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്നവരെ തിരിച്ചറിയാനും അവർക്ക് സാന്ത്വനമാകാനും വേണ്ടിയാണ്.

ഇന്ന് പരിശുദ്ധ കന്യകാമറിയം വൃദ്ധയായ എലിസബത്തിനെ സന്ദർശിച്ചതിന്റെ ഓർമയാചരിക്കുന്ന ദിനമാണ്. മറിയം ഗർഭവതിയായിരുന്നു, എലിസബത്തും ഗർഭവതിതന്നെ. മറ്റേത് സമയത്തേക്കാളും മറിയത്തിന്റെ സാനിധ്യവും സഹായവും എലിസബത്ത് ആഗ്രഹിച്ചിരുന്ന ദിവസങ്ങളായിരുന്നു അത്. ആവശ്യം തിരിച്ചറിഞ്ഞ് എലിസബത്തിന്റെ ഭവനത്തിലേക്ക് മറിയം കടന്നുചെന്നു എന്നതാണ് ഏറ്റവും അനുഗ്രഹപ്രദം.

അതുകൊണ്ടാണ്, "എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക്‌ എവിടെ നിന്ന്‌?" എന്ന് എലിസബത്ത് ഉദ്ഘോഷിച്ചത്. (ലൂക്കാ 1 : 43). നമ്മുടെ ജീവിതത്തിൽ പരിശുദ്ധ അമ്മയുടെ ഓരോ ഇടപെടലും സ്വർഗ്ഗം നൽകുന്ന സൗഭാഗ്യമാണെന്ന തിരിച്ചറിവ് എത്ര മഹത്തരമാണ്.

നമുക്ക് സൗകര്യമുള്ളിടത്തേയ്ക്കല്ല നമ്മെ ആവശ്യമുള്ളിടത്തേയ്ക്കാണ് നമ്മൾ കടന്നുചെല്ലേണ്ടത്. അങ്ങനെയുള്ള കൂടിക്കാഴ്ചകൾ അനുഗ്രഹപ്രദവും ആനന്ദ ദായകവുമായിരിക്കും. തീർച്ച!

പരിശുദ്ധ കന്യകാമറിയത്തിന്റെ
സന്ദർശനത്തിരുനാൾ മംഗളങ്ങൾ!

31.05.2022


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.