തായ്‌വാന്‍ വ്യോമ പ്രതിരോധ മേഖലയില്‍ 30 യുദ്ധവിമാനങ്ങള്‍ അയച്ച് ചൈന; പ്രകോപനം യു.എസ്. സെനറ്ററിന്റെ സന്ദര്‍ശനത്തിനിടെ

തായ്‌വാന്‍ വ്യോമ പ്രതിരോധ മേഖലയില്‍ 30 യുദ്ധവിമാനങ്ങള്‍ അയച്ച് ചൈന; പ്രകോപനം യു.എസ്. സെനറ്ററിന്റെ സന്ദര്‍ശനത്തിനിടെ

ബീജിങ്‌: തായ്‌വാന്റെ വ്യോമപ്രതിരോധ മേഖലയിലേക്ക് പ്രകോപനവുമായി 30 യുദ്ധവിമാനങ്ങളയച്ച് ചൈന. ജനുവരിക്കു ശേഷം ഇതാദ്യമായാണ് ഇത്രയേറെ യുദ്ധവിമാനങ്ങള്‍ തായ്‌വാനു സമീപം പറത്തി ചൈന പ്രകോപനം സൃഷ്ടിക്കുന്നത്. അമേരിക്കന്‍ സെനറ്റര്‍ തായ്‌വാന്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്.

തായ്‌വാന്‍ വ്യോമപ്രതിരോധ മേഖലയായ പ്രതാസ് ദ്വീപിനു സമീപമാണു ചൈനീസ് വിമാനങ്ങള്‍ പറന്നത്. അതേസമയം ഇവ തായ്‌വാന്റെ ആകാശത്തു പ്രവേശിച്ചില്ല. ചൈനയുടെ തായ്‌വാന്‍ അധിനിവേശ ശ്രമത്തിനെതിരെ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് ചൈനയുടെ പ്രകോപനം.

സുരക്ഷാ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യു.എസ് സെനറ്റര്‍ ടാമി ഡക്‌വര്‍ത്ത് കഴിഞ്ഞദിവസം തായ്‌വാനിലെത്തിയത്. ഈ വര്‍ഷം രണ്ടാം തവണയാണ് അവര്‍ തായ്‌വാന്‍ സന്ദര്‍ശിക്കുന്നത്. തായ്‌വാന്‍ പ്രസിഡന്റ് സായ് ഇങ് വെന്നുമായി കൂടിക്കാഴ്ച നടത്തി.

അതേസമയം, പരിശീലനപ്പറക്കലിന്റെ ഭാഗമായാണ് യുദ്ധവിമാനങ്ങളയച്ചതെന്നാണ് ചൈനയുടെ വാദം. ചൈനീസ് വിമാനങ്ങള്‍ക്കു മുന്നറിയിപ്പുമായി തായ്‌വാനും യുദ്ധവിമാനങ്ങള്‍ അയച്ചു.

ചൈനയുടെ നീക്കം തായ്‌വാനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. തങ്ങളുടെ ഭാഗമെന്ന് ആവര്‍ത്തിക്കുന്ന ചൈന അനിവാര്യമെന്നു തോന്നുന്ന സന്ദര്‍ഭത്തില്‍ തായ്‌വാന്‍ പിടിച്ചെടുക്കുമെന്നും ഭീഷണി മുഴക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.