അപകടത്തില്‍ മാതാപിതാക്കള്‍ നഷ്ടമായ കുരുന്നുകള്‍ക്ക് കരുതലിന്റെ കരസ്പര്‍ശവുമായി സാമും മിറിയവും; പിന്തുണയുമായി ഓസ്ട്രേലിയയിലെ ഇന്ത്യന്‍ സമൂഹം

അപകടത്തില്‍ മാതാപിതാക്കള്‍ നഷ്ടമായ കുരുന്നുകള്‍ക്ക്  കരുതലിന്റെ കരസ്പര്‍ശവുമായി സാമും മിറിയവും;  പിന്തുണയുമായി ഓസ്ട്രേലിയയിലെ ഇന്ത്യന്‍ സമൂഹം

അഡ്ലെയ്ഡ്: കണ്ണുനനയാതെ ഭാവ്ഗനയുടെയും പല്‍വിത്തിന്റെയും ജീവിത കഥ കേട്ടിരിക്കാനാവില്ല. പത്തു വയസിനുള്ളില്‍ ഈ കുഞ്ഞുങ്ങള്‍ നേരിട്ടത് ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം. വാഹനാപകടത്തില്‍ അച്ഛനും അമ്മയും മരിച്ചതോടെ ഒരു നിമിഷംകൊണ്ട് ഇവരുടെ ജീവിതം അനിശ്ചിതത്വത്തിലായി. എങ്കിലും പ്രതീക്ഷയുടെ ചില കരങ്ങള്‍ കൈപിടിക്കാനെത്തിയതോടെ ദുരന്തത്തിന്റെ ആഘാതത്തില്‍നിന്നു പതിയെ തിരിച്ചുവരാനുള്ള ശ്രമത്തിലാണിവര്‍.

ഓസ്‌ട്രേലിയയിലെ അഡ്ലെയ്ഡിലാണ് ഇന്ത്യന്‍ വംശജരായ ഹേമാംബരധര്‍ പെദ്ദഗമല്ലയും രമാ ബത്തൂലയും മക്കളായ ഭാവ്ഗനയും (9) പല്‍വിത്തും (6) താമസിച്ചിരുന്നത്. രമയുടെ പിതാവിന്റെ മരണവാര്‍ത്തയറിഞ്ഞാണ് കുടുംബം മേയ് ആദ്യം ഇന്ത്യയിലെത്തിയത്. പിതാവിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് പോകുമ്പോഴാണ് ദമ്പതികളെ ദുരന്തം തേടിയെത്തിയത്. ഹൈദരാബാദിന് സമീപമുണ്ടായ കാര്‍ അപകടത്തില്‍ ഹേമാംബരധറും രമയും മരിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടികളെ അവിടെയുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവര്‍ക്കും സര്‍ജറി നടത്തി.


ഹേമാംബരധര്‍, ഭാര്യ രമ മക്കളായ ഭാവ്ഗന, പല്‍വിത്ത്

ഒരു ദശാബ്ദത്തിലേറെയായി അഡ്ലെയ്ഡില്‍ താമസിക്കുന്ന കുടുംബത്തിനുണ്ടായ ദുരന്തം പ്രവാസി സമൂഹത്തെയാകെ സങ്കടത്തിലാഴ്ത്തി. പ്രായാധിക്യത്താല്‍ വലയുന്ന മുത്തച്ഛനും മുത്തശ്ശിക്കും പറക്കമുറ്റാത്ത കുട്ടികളെ പരിപാലിക്കുന്നത് അസാധ്യമായിരുന്നു. ഇതോടെ ജീവിതം സങ്കീര്‍ണമായ കുട്ടികളെ കൈവിടാന്‍ ഓസ്‌ട്രേലിയയിലെ പ്രവാസി സമൂഹം തയാറായിരുന്നില്ല.

കുട്ടികള്‍ക്ക് വളരാന്‍ ഏറ്റവും നല്ല സ്ഥലം ഓസ്ട്രേലിയയാണെന്ന തിരിച്ചറിവില്‍ ദമ്പതികളുടെ സുഹൃത്തുക്കള്‍ ഭാവ്ഗനയെയും പല്‍വിത്തിനെയും ഇന്ത്യയില്‍നിന്ന് കൊണ്ടുവരാന്‍ തീരുമാനിച്ചു. അവര്‍ കളിച്ചുവളര്‍ന്ന, ഓര്‍മകളും കൂട്ടുകാരും ഏറെയുള്ള അന്തരീക്ഷത്തിലേക്കു കൊണ്ടുവന്ന് ദുരന്തത്തിന്റെ ആഘാതത്തില്‍നിന്നു കുട്ടികളെ കരകയറ്റുകയായിരുന്നു ലക്ഷ്യം. അതിനായി തെലുങ്ക് സമൂഹം കൈകോര്‍ത്തു. കുട്ടികളുടെ വിദ്യാഭ്യാസവും ഭാവിയും സുരക്ഷിതമാക്കാനുള്ള എല്ലാ നടപടികളും കൈക്കൊണ്ടു.

മാതാപിതാക്കളുടെ ഉറ്റസുഹൃത്തുക്കളായ സാമും മിറിയം കലാധരിയും കുട്ടികളുടെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്തു. അവരെ ഓസ്‌ട്രേലിയയിലേക്കു കൊണ്ടുവരാന്‍ സാമും മിറിയമും ഇന്ത്യയിലേക്കു തിരിച്ചു.

കഴിഞ്ഞ ദിവസമാണ് കുട്ടികള്‍ അഡ്‌ലെയ്ഡില്‍ എത്തിയത്. ഭാവ്ഗനയെയും പല്‍വിത്തിനെയും സ്വീകരിക്കാന്‍ നിരവധി കൂട്ടുകാരാണ് സമ്മാനങ്ങളുമായി അഡ്ലെയ്ഡ് എയര്‍പോര്‍ട്ടില്‍ എത്തിയത്. എയര്‍പോര്‍ട്ടിന്റെ ഗേറ്റുകള്‍ കടന്ന് വീല്‍ചെയറില്‍ എത്തിയ കുട്ടികളെ ആര്‍പ്പുവിളികളോടെയാണ് ഇന്ത്യന്‍ സമൂഹം സ്വീകരിച്ചത്.


അഡ്ലെയ്ഡ് എയര്‍പോര്‍ട്ടില്‍ എത്തിയ കുട്ടികളെ സ്വീകരിക്കുന്ന ഇന്ത്യന്‍ സമൂഹം

മാതാപിതാക്കള്‍ നഷ്ടപ്പെട്ട വേദനയിലും ജീവിതം വീണ്ടും തളിരിടുന്നതിന്റെ പ്രതീക്ഷ ആ കുഞ്ഞുങ്ങളുടെ മുഖത്തുണ്ടായിരുന്നു.

മാതാപിതാക്കളുടെ മരണശേഷമുള്ള കുഞ്ഞുങ്ങളുടെ അവസ്ഥ ഹൃദയഭേദകമായിരുന്നുവെന്ന് സാം പറയുന്നു. കുട്ടികളെ കാണാന്‍ ഇരുവരും ഇന്ത്യയിലെത്തിയപ്പോള്‍ വീട്ടില്‍ പോകണം എന്നു മാത്രമാണ് അവര്‍ ആവശ്യപ്പെട്ടത്. നിരന്തരം അവരത് പറഞ്ഞുകൊണ്ടിരുന്നു.

പരിക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ മാതാപിതാക്കളുടെ വേര്‍പാട് കുട്ടികളെ അറിയിച്ചിരുന്നില്ല. അഡ്ലെയ്ഡില്‍ ജനറല്‍ പ്രാക്ടീഷണറായി ജോലി ചെയ്യുന്ന സുധീര്‍ തലാരി ഇന്ത്യയിലെത്തിയാണ് മാതാപിതാക്കളുടെ മരണവാര്‍ത്ത കുട്ടികളെ അറിയിച്ചത്. അവരുടെ ജീവിതത്തില്‍ ഇനി അച്ഛനും അമ്മയും ഇല്ലെന്ന് വിശ്വസിപ്പിക്കാന്‍ ഏറെ പാടുപെട്ടു. ദിവസം മുഴുവന്‍ കുട്ടികള്‍ കരഞ്ഞു. അച്ഛനൊപ്പം എന്നും ഉറങ്ങിയിരുന്ന പല്‍വിത്ത് ഇനി ആരാണ് തങ്ങള്‍ക്കുള്ളതെന്ന് ചോദിച്ചതാണ് ഏറെ വേദനിപ്പിച്ചതെന്ന് സുധീര്‍ ഓര്‍ക്കുന്നു.



ഇന്ത്യന്‍ സമൂഹത്തിന്റെ പിന്തുണയോടെ കുട്ടികള്‍ക്ക് ഏറ്റവും മികച്ച ജീവിതം നല്‍കാന്‍ കഴിയുമെന്നാണ് സാമിന്റെ പ്രതീക്ഷ. 'നമുക്ക് അവരുടെ മാതാപിതാക്കളെ തിരികെനല്‍കാന്‍ കഴിയില്ല. എന്നാല്‍ ആ മാതാപിതാക്കള്‍ ആഗ്രഹിച്ചപോലെ കുട്ടികള്‍ക്ക് മികച്ച ജീവിതം നല്‍കാന്‍ നമുക്ക് സാധിക്കും - മിറിയം പറഞ്ഞു.

ഓസ്ട്രേലിയന്‍ ഹൈക്കമ്മീഷന്റെ സഹായത്തോടെയാണ് കുട്ടികളുടെ മടങ്ങിവരവ് വേഗത്തിലാക്കിയത്. മാതാപിതാക്കളുടെ ശവസംസ്‌കാരത്തിനും കുട്ടികളുടെ ചികിത്സാ ചെലവുകള്‍ക്കുമായി 245,000 ഡോളറാണ് സുഹൃത്തുക്കള്‍ സമാഹരിച്ചത്.



കുട്ടികള്‍ക്കും അവരുടെ ഉത്തരവാദിത്തം ഏറ്റെടുത്ത ദമ്പതികള്‍ക്ക് തുടര്‍ച്ചയായ പിന്തുണയും സഹായവും തെലുങ്ക് അസോസിയേഷന്‍ ഓഫ് സൗത്ത് ഓസ്ട്രേലിയ ഉറപ്പാക്കും. ഹേമാംബരധറും രമയും അസോസിയേഷനിലെ ഏറ്റവും സജീവാംഗങ്ങളായിരുന്നു. പരിപാടികളില്‍ തെലുങ്കു ഗാനങ്ങള്‍ അദ്ദേഹം അതിമനോഹരമായി പാടിയിരുന്നതായി സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു.

ഈ ദയയും ഉദാരതയുമാണ് മനുഷ്യത്വത്തിന്റെ ഏറ്റവും മനോഹരമായ മാതൃകയെന്ന് സുഹൃത്തുക്കള്‍ ഒരേ സ്വരത്തില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26