പോപ്പുലര്‍ ഫ്രണ്ട് അക്കൗണ്ടുകളിലേക്ക് ഒഴുകിയെത്തിയത് 100 കോടിയിലധികം: കൂടുതലും ഗള്‍ഫില്‍ നിന്ന്; കൈമാറ്റത്തിന് പ്രത്യേക രീതി

പോപ്പുലര്‍ ഫ്രണ്ട് അക്കൗണ്ടുകളിലേക്ക് ഒഴുകിയെത്തിയത് 100 കോടിയിലധികം: കൂടുതലും ഗള്‍ഫില്‍ നിന്ന്; കൈമാറ്റത്തിന് പ്രത്യേക രീതി

ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ച പോപ്പുലര്‍ ഫ്രണ്ടിന്റെയും പോഷക സംഘടനകളുടെയും അക്കൗണ്ടുകളിലേക്ക് ഒഴുകിയെത്തിയ കള്ളപ്പണത്തില്‍ അധികവും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന്.

2009 മുതല്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ അക്കൗണ്ടുകളിലേക്ക് 100 കോടി രൂപയിലധികം എത്തിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. ഇതില്‍ അനുഭാവികളില്‍ നിന്നുള്ള സംഭാവന എന്ന വ്യാജേന 58 കോടി രൂപയോളമാണ് വിവിധ അക്കൗണ്ടുകളിലായി എത്തിയതെന്നും ഇ.ഡി വ്യക്തമാക്കുന്നു. പാര്‍ട്ടി ഭാരവാഹികളുടെയും അംഗങ്ങളുടെയും അവരുടെ ബന്ധുക്കളുടെയും അനുഭാവികളുടെയും ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ച ശേഷം അത് സംഘടനയുടെ അക്കൗണ്ടിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.

കള്ളപ്പണക്കേസില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെയും പോഷക സംഘടനകളുടെയും പേരുകളിലുള്ള 33 ബാങ്ക് അക്കൗണ്ടുകളിലെ 68,62,081 രൂപയാണ് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചത്. പോപ്പുലര്‍ ഫ്രണ്ടിന്റെ 23 അക്കൗണ്ടുകളിലുള്ള 59 ലക്ഷം രൂപയും പോഷക സംഘടനയായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ പേരിലുള്ള പത്ത് അക്കൗണ്ടുകളിലെ 9.50 ലക്ഷം രൂപയും ഇതില്‍ ഉള്‍പ്പെടുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം പ്രകാരം ഇ.ഡി ലഖ്നൗ കോടതിയില്‍ സമര്‍പ്പിച്ച പരാതിയുടെ തുടര്‍ച്ചയായാണ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. വിദേശത്ത്, പ്രധാനമായി ഗള്‍ഫ് രാജ്യങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തമായ സംഘടനാ സംവിധാനത്തിലൂടെയാണ് ഫണ്ട് രാജ്യത്തേക്കെത്തിക്കുന്നതെന്നും ഇത് ഭീകര പ്രവര്‍ത്തനത്തിന് അടക്കം ഉപയോഗിക്കുന്നുവെന്നുമാണ് ഇ.ഡിയുടെ വിലയിരുത്തല്‍.

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവ് എം.കെ അഷ്‌റഫിനെ അറസ്റ്റ് ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളാണ് അക്കൗണ്ട് മരവിപ്പിക്കുന്നതിലേക്ക് നയിച്ചത്. രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഈ സംഘടനയ്‌ക്കെതിരെ നിരവധി കേസുകളുണ്ട്. പോപ്പുലര്‍ ഫ്രണ്ടിനെയും പോഷക സംഘടനകളെയും നിരോധിക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അതിനുള്ള നീക്കം നടത്തുന്നുണ്ട്.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.