'ഭീകരതയോട് വിട്ടുവീഴ്ചയില്ല, സഹായത്തില്‍ പിന്നോട്ടുമില്ല': ഇന്ത്യന്‍ നയതന്ത്ര സംഘം അഫ്ഗാനില്‍; താലിബാനുമായി ചര്‍ച്ച

'ഭീകരതയോട് വിട്ടുവീഴ്ചയില്ല, സഹായത്തില്‍ പിന്നോട്ടുമില്ല': ഇന്ത്യന്‍ നയതന്ത്ര സംഘം അഫ്ഗാനില്‍; താലിബാനുമായി ചര്‍ച്ച

കാബൂള്‍: താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുത്തതിന് ശേഷം ആദ്യമായി ഇന്ത്യന്‍ സംഘം കാബൂളില്‍. വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ജെ.പി സിങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് താലിബാന്‍ സര്‍ക്കാരിന്റെ ഉന്നത പ്രതിനിധികളുമായുള്ള ചര്‍ച്ചയ്ക്കായി അഫ്ഗാനിലെത്തിയത്.

താലിബാന്റെ തീവ്രവാദ നിലപാടുകളെ ശക്തമായി എതിര്‍ക്കുമ്പോളും ആ രാജ്യത്തിന് ഇന്ത്യ നല്‍കുന്ന സഹായങ്ങളുടെ തുടര്‍ന്നുള്ള പുരോഗതി വിലയിരുത്തുന്നതിനാണ് സംഘം സന്ദര്‍ശനം നടത്തുന്നതെന്നാണ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. ഇന്ത്യ നല്‍കിയിട്ടുള്ള സഹായങ്ങള്‍ കൂടിക്കാഴ്ചയില്‍ വിലയിരുത്തും. അവശ്യമെങ്കില്‍ കൂടുതല്‍ സഹായം നല്‍കുമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്.

അഫ്ഗാനിസ്ഥാനിലെ കടുത്ത പ്രതിസന്ധി പരിഹരിക്കാനായി ഐക്യരാഷ്ട്രസഭയുമായി ചേര്‍ന്നാണ് ഇന്ത്യ സഹായം എത്തിച്ചുകൊണ്ടിരിക്കുന്നത്. അടിയന്തിരമായി 20,000 മെട്രിക് ടണ്‍ ഗോതമ്പ് എത്തിച്ച ഇന്ത്യ 13 ടണ്‍ മരുന്നുകളും അഞ്ചു ലക്ഷം ടണ്‍ കൊറോണ വാക്‌സിനും വസ്ത്രങ്ങളും നേരത്തേ എത്തിച്ചിരുന്നു.

കാബൂളില്‍ ഇന്ത്യ നിര്‍മ്മിച്ചു നല്‍കിയ ഇന്ദിരാഗാന്ധി ചില്‍ഡ്രന്‍സ് ആശുപത്രി സന്ദര്‍ശിക്കുന്ന സംഘം എല്ലാ സഹായങ്ങളുടേയും വിതരണവും നിലവിലെ അവസ്ഥയും വിലയിരുത്തും. താലിബാന്‍ ആക്രമണത്തെ തുടര്‍ന്ന് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയ അഭയാര്‍ത്ഥികള്‍ക്കും ഇന്ത്യന്‍ സഹായം ലഭിക്കുന്നുണ്ട്.

താലിബാന്‍ ഭരണം പിടിക്കുന്നതിന് മുന്‍പും ഇന്ത്യ അഫ്ഗാനുമായി മികച്ച ബന്ധമായിരുന്നു നിലനിര്‍ത്തിയിരുന്നത്. അഫ്ഗാനിലെ ഇന്ത്യന്‍ ഇടപെടല്‍ പാകിസ്ഥാന് എന്നും തലവേദന സൃഷ്ടിച്ചിരുന്നു. താലിബാന്‍ അധികാരം പിടിച്ചതോടെ ഇന്ത്യയുടെ ഇടപെടല്‍ പൂര്‍ണമായും ഒഴിവാക്കാം എന്ന കണക്ക് കൂട്ടലിലായിരുന്നു പാക് ചാരസംഘടന. എന്നാല്‍ ഈ ധാരണ തകിടം മറിച്ചു കൊണ്ടാണ് അഫ്ഗാനില്‍ താലിബാന്‍ ഭരണത്തിലും ഇന്ത്യ സംഘത്തെ അയച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.