മതത്തെയും ശാസ്ത്രത്തെയും ഒരുമിപ്പിക്കാന്‍ പരിശ്രമിച്ച മോണ്‍. ലോറെന്‍സോ അല്‍ബാസെതെ

മതത്തെയും ശാസ്ത്രത്തെയും ഒരുമിപ്പിക്കാന്‍ പരിശ്രമിച്ച മോണ്‍. ലോറെന്‍സോ അല്‍ബാസെതെ

മോണ്‍സിഞ്ഞോര്‍ ലോറെന്‍സോ അല്‍ബാസെതെ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയോടൊപ്പം.

ശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ ക്രൈസ്തവ സഭയുടെ സംഭാവനകളെക്കുറിച്ച് ഫാ.ജോസഫ് ഈറ്റോലില്‍ തയ്യാറാക്കിയ ലേഖന പരമ്പരയുടെ ഇരുപത്തേഴാം ഭാഗം.

കാശ വിതാനങ്ങളെക്കുറിച്ച് അവഗാഹം നേടിയ കാലികനായ ശാസ്ത്രജ്ഞനാണ് മോണ്‍സിഞ്ഞോര്‍ ലോറെന്‍സോ അല്‍ബാസെതെ. കത്തോലിക്കാ സഭ ഇന്ന് ശാസ്ത്രത്തില്‍ നിന്നും വളരെ അകലെയാണ് എന്ന് ചിന്തിക്കുന്നവര്‍ക്ക് കണ്ടു മനസിലാക്കാവുന്ന ഒരു പ്രതിഭയാണ് ലോറെന്‍സോ അല്‍ബാസെതെ.

സമകാലീന സമൂഹത്തിലും കത്തോലിക്കാ സഭ ശാസ്ത്രത്തിന് വളരെയേറെ സംഭാവനകള്‍ ചെയ്യുന്നുണ്ട്. എന്നാല്‍ മാധ്യമങ്ങളും പൊതുസമൂഹം പോലും പലപ്പോഴും അതൊന്നും വേണ്ടപോലെ ഗൗനിക്കാറില്ല. ഇങ്ങനെ പ്രശസ്തിയുടെ കിരീടങ്ങള്‍ നഷ്ടപ്പെട്ട കാതോലിക്കാ പുരോഹിതരില്‍ ഒരാളാണ് ലോറെന്‍സോ അല്‍ബാസെതെ.

അദ്ദേഹം പോര്‍ട്ടോ റിക്കോ എന്ന രാജ്യത്തില്‍ സാന്‍ ഹുവാന്‍ എന്ന സ്ഥലത്ത് 1941 ജനുവരി ഏഴിനാണ് ജനിച്ചത്. ഭൗതിക ശാസ്ത്രം വളരെ നന്നായി പഠിച്ചു. ചെറുപ്പം മുതല്‍ തന്നെ ഭൗതിക ശാസ്ത്രത്തോട് അദ്ദേഹത്തിന് വളരെ താല്പര്യം ഉണ്ടായിരുന്നു. സ്‌പേസ് സയന്‍സ് അപ്‌ളൈഡ് ഫിസിക്‌സ് തുടങ്ങിയ വിഷയങ്ങളില്‍ അല്‍ബാസെതെ ഡിഗ്രി നേടി.

വാഷിങ്ടണ്‍ നഗരത്തിലെ അമേരിക്കന്‍ കാത്തോലിക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ദൈവശാസ്ത്ര പഠനം പൂര്‍ത്തിയാക്കി. 1970-1972 കാലഘട്ടത്തില്‍ അദ്ദേഹം സ്‌പെയിനില്‍ ദൈവശാസ്ത്ര അധ്യാപകനായി ശുശ്രൂഷ ചെയ്തു. 1972 ലാണ് ഒരു പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ടത്. വാഷിങ്ടണ്‍ അതിരൂപതയ്ക്ക് വേണ്ടിയാണ് അദ്ദേഹം വൈദികനായത്.

തുടര്‍ന്ന് റോമിലെ പ്രശസ്തമായ അഞ്ചേലിക്കും യൂണിവേഴ്‌സിറ്റിയില്‍ നിന്നും 1983 ല്‍ ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. വാഷിങ്ടണിലെ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ നാമത്തിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കുറച്ച കാലം പഠിപ്പിച്ചു. വിവാഹത്തെക്കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചും വിചിന്തനങ്ങള്‍ നടത്തുന്ന ഈ സ്ഥാപനത്തിന്റെ ആരംഭകരില്‍ ഒരാള്‍ കൂടിയാണ് മോണ്‍സിഞ്ഞോര്‍ ലോറെന്‍സോ അല്‍ബാസെതെ.

ഈ സമയങ്ങളില്‍ പല പ്രശസ്തമായ മാസികകളിലും (The New York Times, The New Yorker, Slate, The New Republic etc) അദ്ദേഹം പംക്തികള്‍ എഴുതിയിരുന്നു. CNN, EWTN തുടങ്ങിയ ചാനലുകളില്‍ക്ക് അഭിമുഖങ്ങള്‍ നല്‍കുകയും ദൈവശാസ്ത്ര വിഷയങ്ങളില്‍ നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കുകയും ചെയ്തു.

പോള്‍ ആറാമന്‍ മാര്‍പാപ്പയെ കണ്ടുമുട്ടിയതാണ് അല്‍ബാസെതെ ദൈവവിളി സ്വീകരിക്കാന്‍ കാരണമായത്. കൊളംബിയയിലെ ഒരു സംഘം വൈദികര്‍ മാര്‍പ്പാപ്പയെ കാണാന്‍ പോയപ്പോള്‍ അദ്ദേഹവും കൂടെ പോയി. പാപ്പാ അടുത്തു വന്നപ്പോള്‍ താന്‍ ഒരു വൈദികന്‍ അല്ലായെന്ന് അദ്ദേഹം മാര്‍പാപ്പയോട് പറഞ്ഞു. പുണ്യസ്മരണാര്‍ഹനായ പോള്‍ ആറാമന്‍ പാപ്പാ അപ്പോള്‍ അദ്ദേഹത്തോട് ഒരു വൈദികന്‍ ആകുന്നതിനെപ്പറ്റി ചിന്തിച്ചുകൂടെ എന്ന് ചോദിച്ചു.

അത്രയും കാലം ജീവനെപ്പറ്റിയും ബഹിരാകാശത്തെപ്പറ്റിയുമൊക്കെ ചിന്തിച്ചു നടന്നിരുന്ന ലോറെന്‍സോ അല്‍ബാസെതെ തന്റെ ഉള്ളിലെ ദൈവിക ചിന്തയെപ്പറ്റിയും തന്റെ ദൈവവിളിയെക്കുറിച്ചും ഗൗരവമായി ചിന്തിച്ചു തുടങ്ങി. ഇതാണ് അവസാനം അദ്ദേഹം ദൈവവിളി സ്വീകരിക്കുന്നതിലേക്കും വൈദികന്‍ ആകുന്നതിലേക്കും നയിച്ച നീണ്ട യാത്രയുടെ തുടക്കം.

കണ്ടുമുട്ടുന്ന ഓരോ വ്യക്തിയോടും വളരെ ലളിതമായും എന്നാല്‍ ഗ്രാഹ്യമായ രീതിയിലും ക്രിസ്തുവിനെ പകര്‍ന്നു നല്‍കാനുള്ള അദ്ദേഹത്തിന്റെ കഴിവ് പ്രശസ്തരും അപ്രശസ്തരുമായ അനേകരെ അദ്ദേഹത്തിന്റെ അടുക്കലേക്ക് നയിച്ചു. 2008 ല്‍ അന്നത്തെ വളരെ പ്രശസ്തനായ ദൈവ നിഷേധിയും മത വിരോധിയുമായിരുന്ന ക്രിസ്റ്റഫര്‍ ഹിച്ചെന്‍സ് ദൈവാസ്തിത്വത്തെപ്പറ്റി ചര്‍ച്ചക്കും സംവാദത്തിനുമായി ക്ഷണിച്ചത് അല്‍ബാസെതെയാണ്. ടെലിവിഷനില്‍ നടന്ന ഈ സംവാദം സംഘടിപ്പിച്ചത് templeton ഫൗണ്ടേഷന്‍ ആണ്.

communion and liberation എന്ന് പേരുള്ള ഒരു മുന്നേറ്റവുമായി അദ്ദേഹം കുറച്ചുകാലം സഹകരിച്ചു പ്രവര്‍ത്തിച്ചു. ഈ മുന്നേറ്റം മതവും സംസ്‌കാരവും തമ്മിലുള്ള ബന്ധത്തെ വളര്‍ത്താനുള്ള പരിശ്രമത്തിന്റെ ഭാഗമായി രൂപം നല്‍കപ്പെട്ട ഒന്നാണ്.

മരിക്കുന്ന സമയത്തും അദ്ദേഹം ഈ മുന്നേറ്റത്തിന്റെ ചെയര്‍മാന്‍ ആയിരുന്നു. തന്റെ ഉള്ളിലെ മതബോധത്തെ പൊതു സമൂഹത്തിന്റെ സാംസ്‌കാരിക ബോധത്തോട് ചേര്‍ത്തു വെച്ചുകൊണ്ട് സമൂഹത്തെ ക്രിസ്തു സന്ദേശത്തിലേക്ക് കൂടുതല്‍ അനുരൂപപ്പെടുത്താന്‍ അദ്ദേഹം പരിശ്രമിച്ചു.

US Naval Ordnance Laboratory യില്‍ കുറച്ചു വര്‍ഷങ്ങള്‍ അദ്ദേഹം ബഹിരാകാശവുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങളും പഠനങ്ങളും നടത്തി. അന്ന് കൂടെ ജോലി ചെയ്തിരുന്ന പലരും വിശ്വാസമില്ലാത്തവര്‍ ആയിരുന്നെങ്കിലും അദ്ദേഹം ഭഗ്‌നാശനാകാതെ അവരെയും വിശ്വാസത്തിലേക്ക് നയിക്കാന്‍ തന്നാല്‍ ആവുംവിധം പരിശ്രമിച്ചു.

ഈ കാലഘട്ടം വളരെ പ്രത്യേകമായി വിശ്വാസത്തെയും ശാസ്ത്ര ബോധത്തെയും ഒരുമിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ നടത്താന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. വ്യക്തിപരമായി അനുകരണാര്‍ഹമല്ലാത്ത പല ദുശീലങ്ങളും അദ്ദേഹത്തിന് ഉണ്ടായിരുന്നു. പുകവലി, എഴുത്തുകള്‍ക്കും മറ്റും സമയത്തു മറുപടി കൊടുക്കാതിരിക്കുക, ക്ലാസിനിടയില്‍ ഫോണ്‍ വന്നാല്‍ അതെടുക്കുക അങ്ങനെ പലതും.

എന്നാല്‍ ഈ ദുശീലങ്ങള്‍ക്കപ്പുറം മതത്തെയും ശാസ്ത്രത്തെയും ഒരുമിപ്പിക്കാനുള്ള ദൗത്യത്തില്‍ ഏറെ പ്രശംസനാര്‍ഹമായ സംഭാവനകള്‍ നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചു. 2014 ഒക്ടോബര്‍ 23 നാണ് അദ്ദേഹം മരണമടഞ്ഞത്. നമ്മുടെ കാലഘട്ടത്തില്‍ മതത്തെയും ശാസ്ത്രത്തെയും ഒരുമിപ്പിക്കാന്‍ പരിശ്രമിച്ചവരില്‍ പ്രധാനിയാണ് മോണ്‍സിഞ്ഞോര്‍ ലോറെന്‍സോ അല്‍ബാസെതെ.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.