റോം: പോലീസുകാരിയുടെ കുപ്പായത്തില്‍നിന്ന് തിരുവസ്ത്രത്തിലേക്കു മാറിയ കഥയാണ് ടോസ്‌കാ ഫെറാന്റേ എന്ന ഇറ്റാലിയന്‍ കന്യാസ്ത്രീയുടേത്. ചെറുപ്പത്തില്‍ ആഗ്രഹിച്ചത് അധ്യാപികയോ, നഴ്‌സോ ആകാന്‍. മുതിര്‍ന്നപ്പോള്‍ അണിഞ്ഞത് പോലീസ് യൂണിഫോം. എന്നാല്‍ ദൈവനിയോഗം മറ്റൊന്നായിരുന്നുവെന്ന് ടോസ്‌കാ വൈകാതെ തിരിച്ചറിഞ്ഞു. പോലീസ് വേഷത്തിന്റെ കാര്‍ക്കശ്യത്തില്‍നിന്നിറങ്ങി കാരുണ്യം ചൊരിയുന്ന കന്യാസ്ത്രീയുടെ സമര്‍പ്പിത ജീവിതം ഏറ്റെടുത്ത ടോസ്‌കായുടെ കഥ ഏറെ വ്യത്യസ്തമാണ്.
ഇറ്റാലിയന്‍ സ്റ്റേറ്റ് പോലീസിലായിരുന്നു ടോസ്‌കാ സേവനം അനുഷ്ഠിച്ചിരുന്നത്. ദുര്‍ബലരെ സഹായിക്കുക എന്ന ദൗത്യം ഭംഗിയായി നിര്‍വഹിച്ചെങ്കിലും ഒരു ശൂന്യത തന്നെ അലട്ടിയിരുന്നതായി ടോസ്‌ക തിരിച്ചറിഞ്ഞു. ഭാവിയെക്കുറിച്ചോര്‍ത്തും അസ്വസ്ഥതപ്പെട്ടു.
ജീവിതത്തിന്റെ അര്‍ത്ഥത്തെക്കുറിച്ചും അത് എങ്ങനെ നിര്‍വഹിക്കപ്പെടണമെന്നാണ് ദൈവം ആഗ്രഹിക്കുന്നതെന്നും ടോസ്‌ക നിരന്തരം ചിന്തിച്ചുകൊണ്ടിരുന്നു. ഈ ഘട്ടത്തില്‍ ഇറ്റാലിയന്‍ സ്റ്റേറ്റ് പോലീസിന്റെ 'എസ്സെര്‍സി സെംപ്രേ'' (എപ്പോഴും അവിടെ ഉണ്ടായിരിക്കുക) എന്ന മുദ്രാവാക്യമാണ് തന്റെ ചിന്തകളെ മാറ്റിമറിച്ചതെന്ന് ടോസ്‌കാ പറയുന്നു. മറ്റു പോലീസുകാരില്‍ നിന്നും തികച്ചും വ്യത്യസ്തമായ സേവനപാതയിലൂടെ സഞ്ചരിക്കാന്‍ ടോസ്‌ക തീരുമാനമെടുത്തു.
ദരിദ്രരുടെയും ചൂഷണത്തിനിരയാകുന്നവരുടെയും മുഖങ്ങള്‍ ടോസ്‌കയുടെ ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞു. ലഹരിക്കടിമയായവര്‍, വ്യഭിചാരത്തിന് നിര്‍ബന്ധിതരാകുന്ന പെണ്‍കുട്ടികള്‍, അഭയാര്‍ത്ഥി പൗരത്വത്തിനായി കാത്തിരിക്കുന്ന വിദേശികള്‍.... ദാരിദ്ര്യം ശൂന്യത, തിന്മ എന്നിവയൊക്കെ തന്നെ മുറിവേല്‍പ്പിച്ചുകൊണ്ടിരുന്നു.
ഇതിനിടെ മോഷണം നടത്തി പിടിക്കപ്പെട്ട പ്രായപൂര്‍ത്തിയാവാത്ത ഒരു പയ്യനുമായുള്ള സംഭാഷണം ടോസ്‌കായുടെ ജീവിതത്തില്‍ വഴിത്തിരിവായി. ആ സംഭവത്തേക്കുറിച്ച് സിസ്റ്റര്‍ വിവരിക്കുന്നത് ഇങ്ങനെ: 'ഞാനും അവനും ഒരു റൂമിലായിരുന്നു. അവന്റെ കുറ്റകൃത്യത്തിന് പിന്നിലെ പ്രേരണകളെക്കുറിച്ച് ഞാന്‍ അവനോട് ചോദിച്ചു. അത് അവന്‍ ചെയ്ത ആദ്യത്തെ കുറ്റകൃത്യമായിരുന്നു.
എന്തിനാണ് നീ മോഷ്ടിച്ചതെന്നു ചോദിച്ചപ്പോള്‍ അവന്‍ പേടിച്ചു കരഞ്ഞു. 'എനിക്ക് പേടിയാകുന്നു, എന്നെ ഒന്ന് ആശ്ലേഷിക്കാമോ' എന്ന് കരഞ്ഞുകൊണ്ടു തന്നോട് ചോദിച്ചതായി സിസ്റ്റര്‍ ടോസ്‌ക പറയുന്നു. 'എനിക്ക് സാധിക്കില്ല, ഞാന്‍ ഡ്യൂട്ടിയിലാണ്' എന്ന് വേദനയോടെ മറുപടി പറഞ്ഞു.
സിസ്റ്റര്‍ ടോസ്‌കാ ഫെറാന്റേ ഇറ്റാലിയന്‍ സ്റ്റേറ്റ് പോലീസില്‍ സേവനം അനുഷ്ഠിച്ചിരുന്ന കാലത്തെ ചിത്രം (ഫയല്‍)
എന്നാല്‍ ആ കുട്ടി എന്നോട് ആവശ്യപ്പെട്ടതിനെക്കുറിച്ച് ഞാന്‍ ആഴത്തില്‍ ചിന്തിച്ചു. ഒരു ആലിംഗനം... ഒരു നവജാത ശിശുവിന്റെ ലോകവുമായുള്ള ആശയവിനിമയത്തിന്റെ ആദ്യ അടയാളമാണത്. ഊഷ്മളതയും ആര്‍ദ്രതയും സംരക്ഷണവും നല്‍കുന്ന ഒന്ന്. ഞാന്‍ വീട്ടിലെത്തി കണ്ണാടിയില്‍ നോക്കി 'നീ ആരായി മാറിക്കൊണ്ടിരിക്കുന്നു? എന്ന് എന്നോടു തന്നെ ചോദിച്ചു,
ഉത്ഥിതനായ ക്രിസ്തുവുമായുള്ള യഥാര്‍ത്ഥ കൂടിക്കാഴ്ചയുടെയും മറ്റുള്ളവരിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള ദൈവവിളിയുടെയും തുടക്കം ഇതായിരുന്നുവെന്നാണ് സിസ്റ്റര്‍ പറയുന്നത്. ജീവിതത്തിലെ ശൂന്യതയ്ക്കുള്ള മറുപടിയെന്നോണം ഏതാനും വര്‍ഷത്തിനു ശേഷം ടോസ്‌ക ഒരു സന്യാസ സമൂഹത്തില്‍ ചേര്‍ന്ന് നിരാലംബര്‍ക്കിടയില്‍ സേവനം ആരംഭിക്കുകയായിരുന്നു.
പോലീസ് സേനയില്‍ നിന്നും ആത്മീയ ജീവിതത്തിലേക്കുള്ള പരിവര്‍ത്തനം അത്ര എളുപ്പമായിരുന്നില്ലെന്ന് പറഞ്ഞ സിസ്റ്റര്‍, ദൈവം തന്നില്‍ നിന്നും എന്താണ് ആഗ്രഹിക്കുന്നതെന്നു മനസിലാക്കാന്‍ മുന്‍പ് കണ്ടിട്ടുള്ള ആളുകള്‍ തന്നെ സഹായിച്ചുവെന്നും പറയുന്നു.
നാം ജീവിക്കുന്ന യാഥാര്‍ത്ഥ്യങ്ങളിലേക്കും നമ്മുടെ ചുറ്റുമുള്ള ദരിദ്രരിലേക്കും നോക്കുമ്പോള്‍ തിരിച്ചറിയാന്‍ കഴിയുന്ന ഒന്നാണ് ദൈവവിളി. പാവപ്പെട്ടവരുടെ മുഖങ്ങളില്‍ താന്‍ ദൈവത്തെ കണ്ടെത്തുകയാണെന്നു സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. യുവജന അജപാലക മിനിസ്ട്രിയുടെ മേല്‍നോട്ടത്തിനു പുറമേ, ടസ്‌കാനിയിലെ പ്രായപൂര്‍ത്തിയാകാത്തവരുടെയും, ദുര്‍ബ്ബല വിഭാഗങ്ങളുടെയും സംരക്ഷണത്തിനുള്ള റീജിയണല്‍ സര്‍വ്വീസിന്റെ ഏകോപനവും നിര്‍വഹിക്കുന്ന തിരക്കിലാണ് സിസ്റ്റര്‍ ടോസ്‌ക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26