കാന്‍ബറ: നിരീക്ഷണ പറക്കലിനിടെ ഓസ്‌ട്രേലിയന്‍ വ്യോമസേനയുടെ വിമാനത്തെ ചൈനീസ് യുദ്ധവിമാനം അപകടപ്പെടുത്താന്‍ ശ്രമിച്ചെന്ന ഗുരുതര ആരോപണവുമായി ഓസ്‌ട്രേലിയ. ഫെഡറല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് വെറും അഞ്ചു ദിവസത്തിനു ശേഷം മെയ് 26-നാണ് ഓസ്‌ട്രേലിയയെ ആശങ്കയിലാഴ്ത്തിയ സംഭവമുണ്ടായത്.
ദക്ഷിണ ചൈനാ കടലിനു മുകളില്‍ വച്ച് റോയല്‍ ഓസ്ട്രേലിയന്‍ എയര്‍ഫോഴ്സിന്റെ നിരീക്ഷണ വിമാനത്തെ ചൈനീസ് യുദ്ധവിമാനം തടയാന്‍ ശ്രമിക്കുകയും അതിലെ ജീവനക്കാരുടെ സുരക്ഷ അപകടത്തിലാക്കുകയും ചെയ്തതായി ഓസ്ട്രേലിയയുടെ പ്രതിരോധ വകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു.
അന്താരാഷ്ട്ര വ്യോമാതിര്‍ത്തിയില്‍ പതിവു സമുദ്ര നിരീക്ഷണ പറക്കലിനിടെയായിരുന്നു ഓസ്‌ട്രേലിയന്‍ വിമാനത്തിനു നേരേയുള്ള യുദ്ധവിമാനത്തിന്റെ അതിരുവിട്ട പ്രവൃത്തി. ഓസ്‌ട്രേലിയന്‍ വിമാനത്തിന് തൊട്ടുമുന്നിലായി അപകടകരമായ രീതിയില്‍ പറന്ന ചൈനീസ് വിമാനത്തില്‍നിന്ന് അലുമിനിയം തരികള്‍ പുറന്തള്ളുകയും ചെയ്തു. ഇത് ഓസ്ട്രേലിയന്‍ വിമാനത്തിന്റെ എന്‍ജിനകത്തേക്കാണു വീണത്. ഇത് അപകടകരമായ പ്രവൃത്തിയാണെന്ന് ഓസ്‌ട്രേലിയന്‍ പ്രതിരോധ മന്ത്രി റിച്ചാര്‍ഡ് മാര്‍ലെസ് കുറ്റപ്പെടുത്തി.
സംഭവവുമായി ബന്ധപ്പെട്ട ആശങ്ക ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ചൈനീസ് സര്‍ക്കാരുമായി പങ്കുവച്ചിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം ഓസ്ട്രേലിയയിലെ ചൈനീസ് എംബസി ഇക്കാര്യത്തില്‍ പ്രതികരണത്തിനു തയാറായിട്ടില്ല.
ഓസ്‌ട്രേലിയയുമായുള്ള ബന്ധം വീണ്ടെടുക്കാന്‍
നിര്‍ദേശങ്ങളുമായി ചൈനീസ് വിദേശകാര്യ മന്ത്രി
അതിനിടെ പസഫിക് രാജ്യങ്ങളുടെ 'രക്ഷകനായി' എത്തിയ ചൈന ഓസ്ട്രേലിയയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പസഫിക് രാഷ്ട്രങ്ങളില്‍ പര്യടനം നടത്തുന്ന ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ആണ്, ഇടക്കാലത്ത് വഷളായ ചൈന-ഓസ്ട്രേലിയ ബന്ധം പുനഃസ്ഥാപിക്കാനുള്ള മാര്‍ഗങ്ങള്‍ മുന്നോട്ടുവച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം സ്വാഭാവികമായി വീണ്ടെടുക്കാനാകില്ലെന്നും ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും വാങ് യി അഭിപ്രായപ്പെട്ടു.
ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി
ഓസ്ട്രേലിയയിലെ ഒരു രാഷ്ട്രീയ ശക്തി ചൈനയെ ഒരു പങ്കാളിയായി കാണുന്നതിനു പകരം എതിരാളിയായി പ്രതിഷ്ഠിക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്നാണ് വാങ് യിയുടെ വിലയിരുത്തല്‍. ചൈനയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയെ അവസരമാക്കാതെ ഭീഷണിയായി കാണുന്നതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാന്‍ കാരണമായതെന്നും മന്ത്രി പറയുന്നു. ദ്വീപ് രാഷ്ട്രമായ പാപ്പുവ ന്യൂ ഗിനിയ സന്ദര്‍ശിക്കുന്നതിനിടെ ചൈനീസ് മാധ്യമപ്രവര്‍ത്തകരോടായിരുന്നു വാങ് യിയുടെ അഭിപ്രായപ്രകടനം.
ദീര്‍ഘകാലമായി ഓസ്‌ട്രേലിയയുമായി ചൈനയ്ക്കുണ്ടായിരുന്ന മികച്ച നയതന്ത്ര ബന്ധമാണ് അടുത്തിടെ ഇല്ലാതായത്. വിവേകപൂര്‍ണവും ക്രിയാത്മകവുമായ ഇടപെടലുകളിലൂടെ ചൈന-ഓസ്ട്രേലിയ ബന്ധം പുനസ്ഥാപിക്കുകയാണ് വേണ്ടത്. പരസ്പര ബഹുമാനം ഉയര്‍ത്തിപ്പിടിക്കുക, അഭിപ്രായവ്യത്യാസങ്ങളുണ്ടാകുമ്പോള്‍ പൊതുവായ താല്‍പര്യം പരിഗണിക്കുക, ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ ആവശ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുക എന്നീ നിര്‍ദേശങ്ങളും മന്ത്രി മുന്നോട്ടുവച്ചു.
അതേസമയം, പസഫിക് മേഖലയിലെ എട്ട് രാജ്യങ്ങളിലൂടെയുള്ള ചൈനീസ് വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനം യു.എസും ഓസ്‌ട്രേലിയയും ആശങ്കയോടെയാണ് വീക്ഷിച്ചത്. ചൈനീസ് മന്ത്രിയുടെ സന്ദര്‍ശനത്തിനു മറുപടിയായി ഓസ്ട്രേലിയയുടെ പുതിയ വിദേശകാര്യ മന്ത്രി പെന്നി വോങ്ങും ഫിജി, സമോവ, ടോംഗ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.
പര്യടനത്തിനിടെ പസഫിക് രാജ്യങ്ങളുമായി 50-ലധികം കരാറുകളിലാണ് ചൈന ഒപ്പുവച്ചത്. വ്യോമ ഗതാഗതം, കൃഷി, വര്‍ധിച്ച സാമ്പത്തിക, സാങ്കേതിക സഹകരണം തുടങ്ങിയ വിഷയങ്ങളിലാണ് കരാറുകള്‍ ഒപ്പുവച്ചത്. ഇന്നലെ തിമോര്‍-ലെസ്റ്റെയിലാണ് പര്യടനം അവസാനിച്ചത്.
അതേസമയം സന്ദര്‍ശനത്തിനിടെ ചൈന മുന്നോട്ടുവച്ച പ്രാദേശിക വ്യാപാര-സുരക്ഷാ സഹകരണ കരാറിനോട് 10 പസഫിക് രാജ്യങ്ങള്‍ മുഖം തിരിച്ചതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ചൈനയുടെ ആധിപത്യത്തിലേക്ക് തങ്ങളെ വലിച്ചിഴക്കുമെന്ന് ആശങ്കയാണിതിന് കാരണം. കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പരാജയപ്പെട്ടെങ്കിലും അടുത്ത വര്‍ഷം ഈ രാജ്യങ്ങളെ വിശ്വാസത്തിലെടുക്കാനുള്ള ശ്രമങ്ങള്‍ ചൈന പുനരാരംഭിക്കുമെന്നാണ് സൂചന.
ചൈനീസ് മന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് പരിമിതമായ മാധ്യമങ്ങളെ മാത്രം അനുവദിച്ചതിലും പ്രതിഷേധം ഉയരുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.