ഭക്ഷ്യ വിഷബാധയേറ്റ വിദ്യാര്‍ത്ഥികളില്‍ രണ്ട് പേരില്‍ നോറോ വൈറസ്; കൂടുതല്‍ പേര്‍ ചികിത്സ തേടി

ഭക്ഷ്യ വിഷബാധയേറ്റ വിദ്യാര്‍ത്ഥികളില്‍ രണ്ട് പേരില്‍ നോറോ വൈറസ്; കൂടുതല്‍ പേര്‍ ചികിത്സ തേടി

തിരുവനന്തപുരം: ഭക്ഷ്യ വിഷബാധയുണ്ടായ വിഴിഞ്ഞം എല്‍.എം. എല്‍.പി സ്‌കൂളിലെ രണ്ട് കുട്ടികളില്‍ നോറോ വൈറസ് സാന്നിധ്യം കണ്ടെത്തി. വൃത്തിഹീനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പടരുന്നതാണിത്. അതേസമയം കായംകുളത്തെയും കൊട്ടാരക്കരയിലെയും ഭക്ഷ്യ വിഷബാധയുടെ ഉറവിടം കണ്ടെത്താന്‍ പരിശോധനാ ഫലം കാത്തിരിക്കുകയാണ് വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകള്‍. വൈകീട്ട് മൂന്നിന് വിദ്യാഭ്യാസ മന്ത്രിയും ഭക്ഷ്യസുരക്ഷാ വകുപ്പ് മന്ത്രിയും കൂടിക്കാഴ്ച്ച നടത്തും.

സ്‌കൂളുകളിലേക്ക് അരി കൊടുക്കുന്നതിന് മുന്‍പായി പരിശോധിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. തീരദേശ മേഖലയായ വിഴിഞ്ഞത്തെ സ്‌കൂളില്‍ നിന്ന് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയ കുട്ടികളുടെ മലം സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബില്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതില്‍ രണ്ട് പേരിലാണ് നോറോ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്.

ശുചിത്വമില്ലാത്ത ഭക്ഷണം, വെള്ളം, ശുചിത്വമില്ലാത്ത സാഹചര്യം എന്നിവയിലൂടെയാണ് വൈറസ് ബാധ ഉണ്ടാകുന്നത്. പകര്‍ച്ചാ ശേഷിയും കൂടുതലാണ്. അങ്ങനെയെങ്കില്‍ ഭക്ഷണമോ വെള്ളമോ വൃത്തിഹീനമായ പരിസരമോ ഏതാണ് ഉറവിടം എന്നത് കണ്ടെത്തല്‍ പ്രധാനമാണ്.

അതേസമയം വിഴിഞ്ഞത്ത് ഇന്ന് അഞ്ച് കുട്ടികള്‍ കൂടി അസ്വസ്ഥകതകളുമായി ചികിത്സ തേടി. ഉച്ചക്കട, കായംകുളം എന്നിവിടങ്ങളിലെ ഭക്ഷ്യവിഷബാധ സ്‌കൂളിലെ ഭക്ഷണത്തില്‍ നിന്നുള്ള പ്രശ്‌നമല്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഈ സ്‌കൂളുകള്‍ക്ക് പുറമെ കൊട്ടാരക്കര അംഗന്‍വാടിയിലും കുട്ടികളില്‍ ഭക്ഷ്യവിഷബാധയുടെ കാരണം കണ്ടെത്താന്‍ ഇതുവരെ വകുപ്പുകള്‍ക്കായിട്ടില്ല. ലാബുകളിലേക്കയച്ച ഭക്ഷ്യ സാംപിളുകളുടെ ഫലം കാത്തിരിക്കുകയാണ്. ഇന്ന് ലാബ് അവധിയായതിനാല്‍ നാളെയോ മറ്റന്നാളോ ഫലം കിട്ടും.

കൊട്ടാരക്കരയിലെ അംഗന്‍വാടിയില്‍ 35 കിലോ പുഴുവും ചെള്ളും നിറഞ്ഞ അരി കണ്ടെത്തിയിരുന്നു. മാര്‍ച്ചില്‍ എത്തിയ ലോഡാണിതെന്നാണ് ജീവനക്കാര്‍ പറഞ്ഞത്. കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമാന സംഭവം ആവര്‍ത്തിക്കാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ടാണ് ഭക്ഷ്യ-വിദ്യാഭ്യാസ മന്ത്രിമാര്‍ ചര്‍ച്ച നടത്തുന്നത്. പൊതുവായ മാര്‍ഗ നിര്‍ദേശം ഇന്ന് വന്നേക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.