ടെക്സാസ്: സഹതടവുകാരുമായി മെഡിക്കല്‍ പരിശോധനയ്ക്ക് പോകുന്നതിനിടെ പൊലീസ് വാഹനത്തില്‍ നിന്ന് രക്ഷപെട്ട് ഓടിപ്പോയ കൊടുംകുറ്റവാളി ഒരു കുടുംബത്തിലെ സഹോദരങ്ങളായ നാല് കൗമാരക്കാരെയും അവരുടെ മുത്തച്ചനെയും നിഷ്ടൂരമായി കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം വാഹനത്തില്‍ രക്ഷപെട്ട പ്രതിയെ പൊലീസ് അതിസാഹസികമായി പിന്തുടര്‍ന്ന് വെടിവച്ച് കൊന്നു. അമേരിക്കയിലെ ടെക്സാസ് ലിയോണ്‍ കൗണ്ടിയില്‍ വെള്ളിയാഴ്ച്ചയാണ് മനസാക്ഷിയെ ഞെട്ടിച്ച കൂട്ടക്കൊലയും പിന്നാലെ സിനിമയെ വെല്ലുന്ന ആക്ഷന്‍ രംഗങ്ങളിലൂടെ കൊലപാതകിയെ പൊലീസ് വകവരുത്തിയ സംഭവവും അരങ്ങേറിയത്.
വരാന്ത്യ അവധി ആഘോഷിക്കാന്‍ മുത്തച്ചനായ മാര്‍ക്ക് കോളിന്‍സിനൊപ്പം ലിയോണ്‍ കൗണ്ടിയിലെ ബന്ധുവീട്ടിലെത്തിയ വെയ്ലോണ്‍ (18), കാര്‍സണ്‍ (16), ഹഡ്സണ്‍ (11), ബ്രൈസണ്‍ (11) എന്നീ സഹോദരങ്ങളാണ് കൊടുംകുറ്റവാളി ഗോണ്‍സാലോ ലോപ്പസ് (46) ന്റെ അതിക്രൂര ആക്രമണത്തിനും കൊലപാതകത്തിനും ഇരയായത്. കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മുത്തച്ചന്‍ മാര്‍ക്ക് കോളിന്‍സി (66)യെയും കൊലപ്പെടുത്തി. കൊലയ്ക്ക് ശേഷം പ്രതി വീട്ടിലുണ്ടായിരുന്ന ട്രക്കുമായി കടന്നു കളഞ്ഞു.
ട്രക്കിനെ പിന്തുടര്‍ന്ന പൊലിസ് കൃത്രിമ അപകടം സൃഷ്ടിച്ച് ട്രക്കിനെ അപായപ്പെടുത്തുകയും അതിസാഹസികമായ ഏറ്റുമുട്ടലിലൂടെ പ്രതിയെ വെടിവച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഏറ്റുമുട്ടലില്‍ പ്രതി പൊലീസിന് നേരെ നിരവധി തവണ വെടി ഉതിര്‍ത്തു. ഇയാളുടെ കൈവശം ഉണ്ടായിരുന്ന തോക്ക് മോഷ്ടിച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം.
കൊലപാതകത്തെ ലിയോണ്‍ കൗണ്ടി ഭരണാധികാരി ഉള്‍പ്പടെയുള്ളവര്‍ അപലപിച്ചു. വിദ്യാര്‍ഥികളായ നാല് സഹോദരങ്ങളുടെ മരണം വേദനാജനകമാണെന്ന് ടോംബോള്‍ ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍ ഡിസ്ട്രിക്റ്റ് സൂപ്രണ്ട് മാര്‍ത്ത സലാസര്‍ സമോറ പറഞ്ഞു.
മെക്‌സിക്കന്‍ മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ളയാളാണ് പ്രതി. കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങള്‍ക്ക് 2005 ല്‍ ശിക്ഷിക്കപ്പെട്ട് ജീവരപ്യന്തം ജയില്‍ ശിക്ഷ അനുഭവിച്ച് വരികെയാണ് മെഡിക്കല്‍ പരിശോധനകള്‍ക്കായി കൊണ്ടുപോകുന്നതിനിടെ സെന്റര്‍വില്ലിന് സമീപം മെയ് 12 ന് പൊലീസിനെ ആക്രമിച്ച് വാഹനത്തില്‍ നിന്ന് കടന്നുകളഞ്ഞത്.
16 തടവ് പുള്ളികള്‍ക്കൊപ്പമാണ് ലോപ്പസിനെയും വാഹനത്തില്‍ കൊണ്ടുപോയത്. ബസ് ഹൈവേ ഏഴില്‍ സഞ്ചരിക്കുമ്പോള്‍ ലോപ്പസ് ഡ്രൈവിംഗ് കംപാര്‍ട്ട്‌മെന്റില്‍ പ്രവേശിക്കുകയും ഡ്രൈവറെയും മറ്റൊരു പോലീസ് ഉദ്യോഗസ്ഥനെയും മര്‍ദ്ദിച്ച് വാഹനത്തില്‍ നിന്ന് പുറത്തേക്ക് തള്ളിയിടുകയും ചെയ്തു. തുടര്‍ന്ന് വാഹനം ഓടിച്ചുപോയ ലോപ്പസ് പൊലീസ് പിന്‍തുടര്‍ന്നതു മനസിലാക്കി വാഹനം നിര്‍ത്തി ഇറങ്ങി ഓടി. പൊലീസ് വെടിവച്ചെങ്കിലും ഇയാള്‍ രക്ഷപെട്ടു.
ലിയോണ്‍ കൗണ്ടിയില്‍ സെന്റര്‍വില്ലയോട് അടുത്തുള്ള ഗ്രാമപ്രദേശത്ത് 300 ലധികം പൊലീസുകാര്‍ വ്യാപക പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ഇയാളെ കണ്ടെത്തുന്നവര്‍ വിവരം അറിയിക്കണമെന്ന് ടെക്‌സസ് പൊലീസ് പറഞ്ഞു. കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 50,000 ഡോളര്‍ പാരിതോഷികവും വാഗ്ദാനം ചെയ്തു. രക്ഷപെടാനോ അഭയം നല്‍കാനോ ആരെങ്കിലും ശ്രമിച്ചാല്‍ അവര്‍ക്കെതിരെ കേസെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.