തട്ടിപ്പുകേസില്‍ പ്രതിശ്രുതവരനെ അറസ്റ്റ് ചെയ്ത 'ലേഡി സിങ്കം' അതേ കേസില്‍ അറസ്റ്റില്‍

തട്ടിപ്പുകേസില്‍ പ്രതിശ്രുതവരനെ അറസ്റ്റ് ചെയ്ത 'ലേഡി സിങ്കം' അതേ കേസില്‍ അറസ്റ്റില്‍

ഗുവാഹത്തി: തട്ടിപ്പുകേസില്‍ പ്രതിശ്രുത വരനെ അറസ്റ്റ് ചെയ്ത് വാര്‍ത്തകളില്‍ നിറഞ്ഞ അസം പൊലീസ് ഓഫീസര്‍ ജന്‍മണി റാഭ അതേ കേസില്‍ അറസ്റ്റില്‍. അസമിലെ നഗോണിലെ സബ് ഇന്‍സ്‌പെക്ടറായ റാഭയെ രണ്ട് ദിവസത്തോളം ചോദ്യം ചെയ്തതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. റാഭയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

റാഭയ്‌ക്കെതിരെ രണ്ട് കോണ്‍ട്രാക്ടര്‍മാരാണ് പരാതി നല്‍കിയത്. മജുലിയില്‍ ചാര്‍ജ് എടുത്തതിന് ശേഷം റാഭയാണ് പ്രതിശ്രുത വരന്‍ റാണ പൊഗാഗിനെ തങ്ങള്‍ക്ക് പരിചയപ്പെടുത്തിയെന്നും തുടര്‍ന്നാണ് ഇയാളുമായി സാമ്പത്തിക ഇടാപാടുകള്‍ നടത്തിയതെന്നും പരാതിയില്‍ പറയുന്നു. തങ്ങളെ ഇരുവരും ചേര്‍ന്ന് ചതിച്ചുവെന്നും പരാതിയില്‍ കോണ്‍ട്രാക്ടര്‍മാര്‍ ആരോപിച്ചു.

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ പൊഗാഗിനെതിരായ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് റാഭയാണ്. ഒഎന്‍ജിസിയില്‍ ജോലി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാള്‍ പലരില്‍ നിന്നായി പണം തട്ടിയത്. തട്ടിപ്പ് കേസില്‍ ഇയാളെ പിന്നീട് റാഭ തന്നെ അറസ്റ്റ് ചെയ്തു വാര്‍ത്തകളില്‍ ഇടം നേടുകയായിരുന്നു. അതോടെ ലേഡി സിങ്കം എന്നാണ് റാബയെ വിശേഷിപ്പിച്ചത്.

എന്നാല്‍ റാഭയുടെ പേരിലാണ് പൊഗാഗ് പണം തട്ടിയതെന്ന് ആരോപണം ഉയര്‍ന്നതോടെ കേസ് ഇവര്‍ക്ക് നേരെ തിരിയുകയായിരുന്നു.
കഴിഞ്ഞ ജനുവരിയില്‍ റാഭ ഒരു ഫോണ്‍ വിവാദത്തില്‍ പെട്ടിരുന്നു. ബിഹ്പുരിയ എംഎല്‍എ അമിയ കുമാര്‍ ഭുയാനയുമായുള്ള റാഭയുടെ ഫോണ്‍ സംഭാഷണം ലീക്കായതാണ് വിവാദത്തിന് കാരണമായത്.

റാഭ തന്റെ മണ്ഡലത്തിലെ ജനങ്ങളെ അനാവശ്യമായി ഉപദ്രവിക്കുന്നുവെന്നാണ് എംഎല്‍എ ഫോണിലൂടെ ആരോപിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ ഉണ്ടായ സംഭാഷണം ലീക്കായിരുന്നു. ഒടുവില്‍ മുഖ്യമന്ത്രി ഹിമാന്ത ബിശ്വശര്‍മ സംഭവത്തില്‍ ഇടപെട്ടിരുന്നു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് അല്‍പ്പം ബഹുമാനം നല്‍കാവുന്നതാണെന്നും അദ്ദേഹം ഇക്കാര്യത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.