രാജി ആവശ്യപ്പെട്ട് കൂടുതല്‍ ഭരണകക്ഷി എംപിമാര്‍ രംഗത്ത്; ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെതിരെ അവിശ്വാസ വോട്ടെടുപ്പ് ബുധനാഴ്ച്ച

രാജി ആവശ്യപ്പെട്ട് കൂടുതല്‍ ഭരണകക്ഷി എംപിമാര്‍ രംഗത്ത്; ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെതിരെ അവിശ്വാസ വോട്ടെടുപ്പ് ബുധനാഴ്ച്ച

ലണ്ടന്‍: അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് അടിയുലയുന്ന ബോറിസ് ജോണ്‍സണെതിരെ കൂടുതല്‍ എംപിമാര്‍ രംഗത്തെത്തിയതോടെ വിശ്വാസ വോട്ടെടുപ്പിനെ നേരിടാന്‍ നിര്‍ബന്ധിതനായി ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഭരിക്കാനുള്ള അധികാരം നഷ്ടപ്പെട്ടെന്ന ചൂണ്ടിക്കാട്ടി ഭരണകക്ഷിയിലെ കൂടുതല്‍ എംപിമാര്‍ ഇന്നലെയും രംഗത്തെത്തി. പ്രധാനമന്ത്രിയില്‍ വിശ്വാസമില്ലെന്ന് ഇവര്‍ ആവര്‍ത്തിച്ചു. നാലിനൊന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടതിനാല്‍ ബുധനാഴ്ച്ച ബോറിസ് വിശ്വാസ വോട്ടെടുപ്പിനെ നേരിടേണ്ടിവരും.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ 54 എംപിമാര്‍ ജോണ്‍സനെതിരെ വിശ്വാസ വോട്ടിനു കത്ത് നല്‍കി. 25 എംപിമാര്‍ പരസ്യമായും പ്രതികരിച്ചിരുന്നു. 359 എംപിമാരില്‍ പകുതിയിലേറെ പേരുടെ വോട്ട് ലഭിച്ചാല്‍ ബോറിസ് ജോണ്‍സണ് അധികാരത്തില്‍ തുടരാം. വീണ്ടും അവിശ്വാസം കൊണ്ടുവരാന്‍ 12 മാസം കഴിയണം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ഇപ്പോഴും ആധിപത്യം ഉണ്ടെന്ന് ബോറിസ് ജോണ്‍സന് തെളിയിക്കാന്‍ കിട്ടുന്ന അവസരം കൂടിയാണ് അവിശ്വാസ വോട്ടെടുപ്പ്.

കോവിഡ് ലോക്ഡൗണ്‍ കാലത്തു പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലടക്കം ചട്ടം ലംഘിച്ചു മദ്യസല്‍ക്കാരങ്ങള്‍ നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് ബോറിസ് ജോണ്‍സണെതിരെ ആക്ഷേപങ്ങള്‍ ഉയര്‍ന്നത്. അന്വേഷണ കമ്മിഷന്‍ നടത്തിയ അന്വേഷണത്തിലും ആരോപണം സത്യമെന്ന് ബോധ്യപ്പെട്ടു. റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം കഴിഞ്ഞയാഴ്ച പുറത്തുവന്നതിനെ തുടര്‍ന്ന് ബോറിസ് ജോണ്‍സന്റെ നില പരുങ്ങലിലായി. മദ്യസല്‍ക്കാരം നടത്തിയതില്‍ ക്ഷമാപണം നടത്തിയെങ്കിലും രാജിവയ്ക്കില്ലെന്ന ഉറച്ച നിലപാടാണ് ആദ്ദേഹം സ്വീകരിച്ചത്.

സംഘടനാചട്ടം അനുസരിച്ച് 15 ശതമാനം പാര്‍ട്ടി എംപിമാര്‍ ആവശ്യപ്പെട്ടാല്‍ വോട്ടെടുപ്പു വേണ്ടിവരും. 54 എംപിമാര്‍ കത്തെഴുതിയാല്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണം. കത്തെഴുതിയ എംപിമാരുടെ പേരുകള്‍ രഹസ്യമായി സൂക്ഷിക്കുമെന്നതില്‍ യഥാര്‍ഥത്തില്‍ എത്ര എംപിമാര്‍ ജോണ്‍സനെതിരെ കത്തു നല്‍കിയിട്ടുണ്ടെന്നത് സമിതിയുടെ ചെയര്‍മാന്‍ ഗ്രഹാം ബാര്‍ഡിക്കു മാത്രമേ അറിയൂ.

വോട്ടെടുപ്പില്‍ ജോണ്‍സണു ഭൂരിപക്ഷം കിട്ടിയാല്‍ പ്രധാനമന്ത്രിയായി തുടരാം. പരാജയപ്പെട്ടാല്‍ രാജിയല്ലാതെ വഴിയില്ല. വോട്ടെടുപ്പു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമില്ലെങ്കിലും ബുധനാഴ്ച നടന്നേക്കുമെന്നാണു മാധ്യമറിപ്പോര്‍ട്ട്. എലിസബത്ത് രാജ്ഞിയുടെ സ്ഥാനാരോഹണ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്കുശേഷം ഇന്നാണു പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നത്.

ആദ്യ ലോക്ഡൗണ്‍ കാലത്ത്, 2020 ഡിസംബറില്‍, ബോറിസ് ജോണ്‍സന്റെ ഔദ്യോഗിക വസതിയില്‍ അടക്കം മന്ത്രിഭവനങ്ങളില്‍ പാര്‍ട്ടികള്‍ നടന്ന വിവരം കഴിഞ്ഞ വര്‍ഷാവസാനം പുറത്തായതോടെയാണ് വിവാദങ്ങളുടെ തുടക്കം. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഡോണിങ് സ്ട്രീറ്റ് ഉദ്യാനത്തില്‍ ബോറിസ് ജോണ്‍സന്‍ അടക്കമുള്ളവര്‍ പങ്കെടുത്ത മദ്യസല്‍ക്കാരത്തിന്റെ ഫോട്ടോ 'ദ് ഗാര്‍ഡിയന്‍' ദിനപത്രം പുറത്തുവിട്ടു. മദ്യവിരുന്നില്‍ പങ്കെടുത്തതായി സമ്മതിച്ച ബോറിസ് ജോണ്‍സണ്‍ പാര്‍ലമെന്റില്‍ ക്ഷമാപണം നടത്തിയെങ്കിലും പ്രതിപക്ഷ എംപിമാര്‍ക്കൊപ്പം ഭരണപക്ഷ എംപിമാരും ജോണ്‍സന്റെ രാജി ആവശ്യപ്പെട്ടു രംഗത്തെത്തി. തുടര്‍ന്നാണ് അന്വേഷണ കമ്മിഷനെ നിയോഗിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.