വാരാണസി സ്ഫോടന പരമ്പര: മുഖ്യപ്രതി വാലിയുള്ള ഖാന് വധശിക്ഷ

വാരാണസി സ്ഫോടന പരമ്പര: മുഖ്യപ്രതി വാലിയുള്ള ഖാന് വധശിക്ഷ

ന്യൂഡല്‍ഹി: വാരാണസി സ്ഫോടന പരമ്പരയുടെ മുഖ്യപ്രതി വാലിയുള്ള ഖാന് വധശിക്ഷ. ഗാസിയാബാദിലെ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. 2006 മാര്‍ച്ച് ഏഴിന് മൂന്നിടത്താണ് സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നത്.

ഇതില്‍ സംഘട് മോചന്‍ ക്ഷേത്രത്തിലും വാരണാസി കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷനിലും നടന്ന സ്‌ഫോടനത്തില്‍ 28 പേരാണ് കൊല്ലപ്പെട്ടത്. ഗൊഡൗലിയയില്‍ കണ്ടെത്തിയ മൂന്നാമത്തെ ബോംബ് പൊട്ടിത്തെറിച്ചിരുന്നില്ല. സ്‌ഫോടനം നടന്ന് 16 വര്‍ഷങ്ങള്‍ക്ക് ശേഷം ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് വാലിയുള്ള ഖാന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് ഇന്ന് ശിക്ഷ വിധിച്ചത്.

2006 മാര്‍ച്ച് ഏഴിനാണ് വാരണാസി നഗരത്തിന്റെ പ്രധാനപ്പെട്ട രണ്ടിടങ്ങളില്‍ സ്‌ഫോടനം നടന്നത്. വൈകുന്നേരം 6.15 നാണ് ആദ്യത്തെ സ്‌ഫോടനം നടക്കുന്നത്. തൊട്ടുപിന്നാലെ 15 മിനിറ്റിന് ശേഷം കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷനിലും സ്‌ഫോടനം നടന്നു. മരിച്ചവരെ കൂടാതെ നൂറോളം പേര്‍ക്ക് ഈ സ്‌ഫോടനങ്ങളില്‍ പരിക്കേറ്റിരുന്നു.

കൊലപാതകം, കൊലപാതക ശ്രമം, അംഗഭംഗം വരുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരവും സ്‌ഫോടക വസ്തു നിയമ പ്രകാരവുമാണ് രണ്ട് കേസുകളിലായി ജില്ലാ സെഷന്‍സ് ജഡ്ജി ജിതേന്ദ്ര കുമാര്‍ സിന്‍ഹ വാലിയുള്ള ഖാന് വധശിക്ഷ നല്‍കിയത്. ആകെ 121 സാക്ഷികളെയാണ് ഈ കേസുകളില്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്.

സുരക്ഷ കണക്കിലെടുത്ത് വിധി പ്രഖ്യാപന വേളയില്‍ കോടതിയില്‍ മാധ്യമങ്ങളെ അനുവദിച്ചിരുന്നില്ല. കനത്ത സുരക്ഷയാണ് കോടതിയില്‍ ഒരുക്കിയിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.