യുഎഇ: ലോക കേരള സഭ നിക്ഷേപകരുടെ സംഗമമാണെന്ന വിമർശങ്ങളില്‍ അടിസ്ഥാനമില്ലെന്ന് നോർക്ക റെസിഡന്റ്സ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ. വിവിധ വിദേശ രാജ്യങ്ങളിലെ സാധാരണക്കാരുടേതുള്‍പ്പടെയുളള പ്രശ്നങ്ങള്‍ അവതരിപ്പിക്കാനും പരിഹാരമാർഗ്ഗങ്ങള്‍ തേടാനുമുള വേദിയാണ് ലോക കേരള സഭയെന്നും അദ്ദേഹം പറഞ്ഞു.
ജൂണ്‍ 17, 18 തിയതികളിലായി നടക്കുന്ന ലോക കേരളസഭയില്‍ യുഎഇ ഉള്‍പ്പടെ 66 രാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികള്‍ ഇത്തവണ പങ്കാളികളാകും. പ്രതിപക്ഷ പങ്കാളിത്തവും ഇത്തവണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ലോക കേരള സഭ, ലോക മാധ്യമ സഭ എന്നിവക്ക് മുന്നോടിയായി ദുബായിലെ ഇന്ത്യൻ മാധ്യമ കൂട്ടായ്മ ഓൺലൈനിൽ സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു പി ശ്രീരാമകൃഷ്ണന്‍.
പ്രവാസി ചിട്ടി, പണം തിരികെ നല്‍കും റിസർവ്വ് ബാങ്കിന്‍റെ ചില നിയന്ത്രണങ്ങള്‍ ഉളളതു കൊണ്ടാണ് പ്രവാസി ചിട്ടി പാതി വഴിയില്‍ നിന്നുപോയത്. പണം നിക്ഷേപിച്ചവർ ആശങ്കപ്പെടേണ്ടതില്ലെന്നും പണം സുരക്ഷിതമാണെന്നും തിരിച്ച് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണ ബഡ്ജറ്റില്‍ 146 കോടി രൂപയാണ് പ്രവാസികള്‍ക്കായി മാറ്റിവച്ചിട്ടുളളത് എന്നുളളതുതന്നെ സർക്കാരിന്‍റെ പ്രവാസികളോടുളള പ്രതിബദ്ധതയ്ക്ക് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
തൊഴില്‍ തട്ടിപ്പ് തടയാന്‍ ഓപ്പറേഷന്‍ ശുഭയാത്ര
തൊഴില്‍ തട്ടിപ്പും വ്യാജ റിക്രൂട്ട്മെന്‍റും തടയാന്‍ ഓപ്പറേഷന്‍ ശുഭയാത്ര തുടങ്ങും. ഓപ്പറേഷന്‍ കുബേരയുടെ മാതൃകയില്‍ പോലീസുമായി സഹകരിച്ചാകും പദ്ധതി നടപ്പിലാക്കുക. ഇതിന്‍റെ ആദ്യയോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഈ മാസം 14 ന് ചേരും.
എത്ര ബോധവല്‍ക്കരണം നടത്തിയാലും വീണ്ടും ഇത്തരത്തിലുളള തട്ടിപ്പുകള്‍ക്ക് വീണ്ടും ഇരയാകുന്നുവെന്നുളളത് യഥാർത്ഥ്യമാണ്. ഇതുകൂടി മുന്നില്‍ കണ്ടുകൊണ്ട് സമഗ്രമായ പദ്ധതിയാകും നടപ്പിലാക്കുക. പരാതി നല്‍കാത്തതാണ് പലപ്പോഴും അന്വേഷണത്തിന് തടസ്സമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗ്ലോബല്‍ ഡിജിറ്റല്‍ പ്ലാറ്റ് ഫോം
വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നുളള മലയാളികളെ ഉള്‍പ്പടുത്തി ഗ്ലോബല്‍ ഡിജിറ്റല്‍ പ്ലാറ്റ് ഫോം രൂപീകരിക്കും. സാങ്കേതിക- തൊഴില്‍ വൈദഗ്ധ്യമുളളവർക്ക് ഈ പ്ലാറ്റ് ഫോം പ്രയോജനപ്പെടുത്തി ജോലി കണ്ടെത്താനാകും. സ്വദേശിവല്‍ക്കരണവും കോവിഡും മൂലം പ്രതിസന്ധിയിലായി നാട്ടിലേക്ക് തിരികെയെത്തിയ പ്രവാസികള്‍ക്ക് സഹായം നല്‍കാന്‍ സാധിച്ചിട്ടുണ്ടെന്നുളളത് നോർക്കുടെ നേട്ടമാണ്.
നിരവധി പേർ പ്രവാസി ഭദ്രത എന്ന പുതിയ സംരംകത്വ സഹായ പദ്ധതി പ്രയോജനപ്പെടുത്തി. 5010 സംരംഭങ്ങളാണ് പുതുതായി തുടങ്ങിയത്. സാമ്പത്തികവും, ശാരീരികവുമായി അവശതയനുഭവിക്കുന്ന തിരികെ എത്തിയ പ്രവാസികള്‍ക്കും പ്രവാസി കുടുംബങ്ങള്‍ക്കും നല്‍കുന്ന സാന്ത്വനം പദ്ധതിയിലൂടെ 4616 പേർക്കായി 30 കോടി രൂപ നല്‍കി.
രണ്ടുവർഷമെങ്കിലും വിദേശത്ത് ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്ത ശേഷം സ്ഥിരതാമസത്തിനായി നാട്ടില്‍ തിരിച്ചെത്തിയ വനിതകള്‍ക്കായി നോര്‍ക്ക വനിതാമിത്രം സംരംഭകവായ്പയാണ് നോര്‍ക്കയും വനിതാ വികസന കോര്‍പ്പറേഷനും ചേര്‍ന്ന് ആവിഷ്‌കരിച്ചിരിക്കുന്നത്.മൂന്നു ശതമാനം പലിശ നിരക്കില്‍ 15 ശതമാനം മൂലധന സബ്‌സിഡിയോടെയുള്ള വായ്പ പദ്ധതിയാണിത്.
നോർക്ക ഐഡി എടുക്കുന്നതുള്‍പ്പടെയുളള കാര്യങ്ങളില്‍ പ്രവാസികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. 78117 പേര്‍ കഴിഞ്ഞ വര്‍ഷം പ്രവാസി ഐ.ഡി കാര്‍ഡ് അംഗങ്ങളായെന്നും അദ്ദേഹം പറഞ്ഞു.
അവധിക്കാലത്ത് കുതിച്ചുയരുന്ന വിമാനടിക്കറ്റ് നിരക്കുമായി ബദ്ധപ്പെട്ട് നിരവധി തവണ കേന്ദ്രസർക്കാരിന് നിവേദനം നല്‍കിയതാണെങ്കിലും പ്രയോജനമുണ്ടായിട്ടില്ല. എങ്കിലും ഇനിയും വിഷയത്തില്‍ ഇടപെടല്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. കെ. എം.അബ്ബാസ് അധ്യക്ഷത വഹിച്ചു. അരുൺ രാഘവൻ സ്വാഗതവും തൻസി ഹാഷിർ നന്ദിയും പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.