ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് ലഭിച്ച പരാതികള്‍ പഠിക്കാന്‍ കേന്ദ്രം പുതിയ സമിതിയെ നിയോഗിച്ചു. മുന്‍ വന മന്ത്രാലയം ഡിജി സഞ്ജയ് കുമാര്‍ അധ്യക്ഷനായാണ് മൂന്നംഗ സമിതി.
പരാതികളുമായി ബന്ധപ്പെട്ട് സമിതിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച ശേഷം മാത്രമായിരിക്കും തുടര്‍ നടപടി.കേരളത്തിലെ ക്രൈസ്തവ സഭകളില്‍ നിന്നടക്കം പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് കേന്ദ്ര നടപടി. ഇതോടെ റിപ്പോര്‍ട്ടിലെ അന്തിമ വിജ്ഞാപനം വൈകും എന്നുറപ്പായി.
പരിസ്ഥിതി ലോല ഉത്തരവ് പുനപരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. വനം പരിസ്ഥിതി മന്ത്രാലയത്തെ അടക്കം സമീപിച്ചു തിരുത്തിക്കുക എന്നതാണ് മുന്നിലുള്ള വഴി. അത് സര്‍ക്കാര്‍ ചെയ്യും.
ജനവാസ മേഖലകള്‍ ഒഴിവാക്കി സംസ്ഥാനം കൊടുത്ത റിപ്പോര്‍ട്ട് പരിഗണനയില്‍ ഇരിക്കെയാണ് ഈ ഉത്തരവ് വന്നത്. പൊതു താല്‍പര്യം കണക്കിലെടുത്തു പരിധി കുറയ്ക്കാന്‍ സംസ്ഥാനം ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.
സംരക്ഷിത വനമേഖലകളുടെ അതിര്‍ത്തിക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയായി നിര്‍ബന്ധമായും വേണമെന്ന സുപ്രീംകോടതി വിധിയെ നിയമപരമായി നേരിടുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. കേരളത്തിന്റെ നിലപാടിന് ഏറ്റ കനത്ത തിരിച്ചടിയാണ് കോടതി വിധി. ജനങ്ങളെ കുടിയൊഴിപ്പിക്കില്ലെന്നതാണ് സര്‍ക്കാര്‍ നിലപാട്. അതില്‍ മാറ്റമില്ല.
മുന്‍കാല അനുഭവങ്ങള്‍ നോക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അനുകൂല നിലപാട് എടുക്കുമോയെന്നതില്‍ ആശങ്കയുണ്ട്. എങ്കിലും പ്രതീക്ഷ കൈവിടുന്നില്ല. വിഷയത്തില്‍ ആവശ്യമെങ്കില്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തുമെന്നും മന്ത്രി വിശദീകരിച്ചു.
സംരക്ഷിത വനമേഖലകളുടെ അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ നിര്‍ബന്ധമായും പരിസ്ഥിതി ലോല മേഖലയായി നിലനിര്‍ത്തമെന്നാണ് സുപ്രീം കോടതി നല്‍കിയ നിര്‍ദ്ദേശം. ഈ മേഖലകളില്‍ ഒരു തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തികളും അനുവദിക്കില്ല. ഇത്തരം പ്രദേശങ്ങളില്‍ ഒരു കിലോ മീറ്ററിലധികം ബഫര്‍ സോണുണ്ടെങ്കില്‍ അങ്ങനെ തന്നെ തുടരണം.
ദേശീയ ഉദ്യാനങ്ങളിലും വന്യ ജീവി സങ്കേതങ്ങളിലും ഖനനം പാടില്ല. നിലവില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തകളെ കുറിച്ച് മൂന്ന് മാസത്തിനകം മുഖ്യ വനപാലകര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ജസ്റ്റിസ് നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ച് സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.