'ദുബായ് സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി കറന്‍സി കടത്തി'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്

'ദുബായ് സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി കറന്‍സി കടത്തി';  ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ അതീവ ഗുരുതര വെളിപ്പെടുത്തലുമായി സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്. മുഖ്യമന്ത്രി പിണറായി വിജയന്‍ 2016 ല്‍ നടത്തിയ വിദേശ സന്ദര്‍ശനത്തിനിടെ കറന്‍സി കടത്തിയെന്നാണ് സ്വപ്‌നയുടെ വെളിപ്പെടുത്തല്‍.

പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ എന്നിവര്‍ക്കെതിരെയാണ് പ്രധാനമായും സ്വപ്ന സുരേഷ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കള്ളപ്പണക്കേസില്‍ രഹസ്യമൊഴി നല്‍കിയ ശേഷമാണ് സ്വപ്നയുടെ തുറന്നു പറച്ചില്‍.

ജീവന് ഭീഷണിയുണ്ടെന്നും കേസുമായി ബന്ധമുള്ളവരില്‍ നിന്നാണ് അതെന്നും പറഞ്ഞ സ്വപ്‌ന മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ, എം ശിവശങ്കര്‍, സെക്രട്ടറി സി.എം രവീന്ദ്രന്‍, നളിനി നെറ്റോ, മുന്‍ മന്ത്രി കെ.ടി ജലീല്‍ തുടങ്ങി കേസില്‍ ഇങ്ങനെയുള്ള എല്ലാവരുടെയും എന്താണോ ഇന്‍വോള്‍വ്‌മെന്റ്്, അത് തന്റെ രഹസ്യ മൊഴിയില്‍ വിശദമായി പറഞ്ഞിട്ടുണ്ടന്നും വ്യക്തമാക്കി.

2016 ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായില്‍ പോകുന്ന സമയത്താണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ ആദ്യമായി തന്നെ ബന്ധപ്പെടുന്നത്. അന്ന് താന്‍ കോണ്‍സുല്‍ ജനറലിന്റെ സെക്രട്ടറിയായിരിക്കുന്ന കാലമായിരുന്നു. ചീഫ് മിനിസ്റ്റര്‍ ഒരു ബാഗ് മറന്ന് പോയി. ആ ബാഗ് എത്രയും പെട്ടെന്ന് ദുബായിലെത്തിച്ച് തരണം എന്നാണ് ശിവശങ്കര്‍ ആവശ്യപ്പെട്ടത്. അത് നിര്‍ബന്ധമായി എത്തിക്കണമെന്നും പറഞ്ഞു.

അന്ന് കോണ്‍സുലേറ്റിലെ ഒരു ഡിപ്ലോമാറ്റിന്റെ കയ്യിലാണ് ഈ ബാഗ് കൊടുത്തു വിടുന്നത്. ആ ബാഗ് കോണ്‍സുലേറ്റ് ഓഫീസില്‍ കൊണ്ടു വന്നപ്പോള്‍ നമ്മള്‍ മനസിലാക്കിയത് അത് കറന്‍സിയായിരുന്നു എന്നാണ്. അങ്ങനെയാണ് ഇതെല്ലാം തുടങ്ങുന്നത്. ബാക്കിയുള്ള കാര്യങ്ങളൊന്നും തനിക്കിപ്പോള്‍ പറയാന്‍ പറ്റുന്നതല്ല.

അതിനൊപ്പം തന്നെ വളരെ സര്‍പ്രൈസിംഗായിട്ട് ബിരിയാണി പാത്രങ്ങളും കോണ്‍സുലേറ്റില്‍ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തു വിട്ടിട്ടുണ്ട്. വലിയ വെയ്റ്റുള്ള പാത്രങ്ങളാണ് ഇതിലുണ്ടായിരുന്നത്. പാത്രം മാത്രമല്ല, മറ്റെന്തൊക്കെയോ ലോഹ വസ്തുക്കള്‍ ഉണ്ടായിരുന്നതായിട്ടാണ് സൂചന. ഇങ്ങനെ നിരവധി തവണ കോണ്‍സുലേറ്റില്‍ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തു വിട്ടിട്ടുണ്ടന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.

ഇത് മുഖ്യമന്ത്രിക്കറിയാമായിരുന്നോ എന്ന ചോദ്യത്തിന്, ക്ലിഫ് ഹൗസില്‍ കൊണ്ടുപോകുമ്പോള്‍ കോമണ്‍ സെന്‍സനുസരിച്ച് ഇത് സിഎമ്മിനറിയാമല്ലോ എന്നായിരുന്നു സ്വപ്‌നയുടെ മറുപടി. ഇതല്ലാതെ പല വിവരങ്ങളും വിശദമായി താന്‍ രഹസ്യമൊഴിയില്‍ നല്‍കിയിട്ടുണ്ട്. സമയം വരുമ്പോള്‍ എല്ലാ കാര്യങ്ങളും പുറത്തു പറയും.

എറണാകുളം ജില്ലാ കോടതിയില്‍ എത്തിയാണ് സ്വപ്ന മൊഴി നല്‍കിയത്. ഇഡിക്കെതിരെ സംസാരിക്കാന്‍ സംസ്ഥാന പൊലീസ് നിര്‍ബന്ധിച്ചു എന്നടക്കം സ്വപ്ന മൊഴി നല്‍കിയതായാണ് വിവരം. തന്റെ ജീവന് ഭീഷണിയുണ്ടെന്നും, വധിക്കപ്പെടുമെന്ന് ഭയമുള്ളതിനാല്‍ സുരക്ഷ വേണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടതായും സ്വപ്ന സുരേഷ് വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.