സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍: മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് സുധാകരനും ചെന്നിത്തലയും

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍: മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് സുധാകരനും ചെന്നിത്തലയും

ഒരു മുഖ്യമന്ത്രി ബിരിയാണി പാത്രത്തില്‍ സ്വര്‍ണം കടത്തിയെന്ന് കേള്‍ക്കുന്നത് ആദ്യം: സുധാകരന്‍
ബിരിയാണി പാത്രം കൊണ്ട് മൂടിവെച്ചാലും സത്യം പുറത്തുവരും: രമേശ് ചെന്നിത്തല

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും.

ഒരു മുഖ്യമന്ത്രിയും ഇതുവരെ സ്വര്‍ണക്കള്ളക്കടത്തില്‍ പ്രതിയായിട്ടില്ലെന്ന് പറഞ്ഞ സുധാകരന്‍ ഒരു മുഖ്യമന്ത്രി ബിരിയാണി പാത്രത്തില്‍ സ്വര്‍ണം കടത്തിയെന്ന് ആദ്യമായി കേള്‍ക്കുകയാണെന്നും പറഞ്ഞു. മുഖ്യമന്ത്രി ആ സ്ഥാനത്ത് തുടരുന്നത് ആ കസേരക്കും ജനാധിപത്യ സംവിധാനത്തിനും അപമാനമാണെന്നും കേസില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

സ്വപ്നയുടെ വെളിപ്പെടുത്തല്‍ വരുമ്പോള്‍ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും ഈ അഴിമതിക്കേസില്‍ പങ്കുണ്ടാകുമെന്ന് കേരളത്തിലെ ജനങ്ങളാരും വിശ്വസിച്ചിരുന്നില്ല. എന്നാല്‍ സ്വപ്ന സുരേഷിന്റെ 164 മൊഴിയും മാധ്യമങ്ങളോട് നടത്തിയ വെളിപ്പെടുത്തലും സത്യാവസ്ഥ തുറന്നു പറഞ്ഞതും കേരളത്തിലെ ജനങ്ങളെ മാത്രമല്ല, ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തെ മുഴുവന്‍ ഭയപ്പെടുത്തിയിരിക്കുകയാണ്.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇന്നേവരെ ഒരു മുഖ്യമന്ത്രിയും ഇതുപോലെ ഭീകരമായ അഴിമതിക്കേസില്‍ പ്രതിയായി ജനങ്ങള്‍ക്ക് മുന്നില്‍ തലകുനിച്ച് നിന്നിട്ടില്ല. അതുകൊണ്ട് തന്നെ ആത്മാഭിമാനം ഉണ്ടെങ്കില്‍ സ്വപ്ന സുരേഷിന്റെ ആരോപണം അതിജീവിക്കും വരെ പൊതുരംഗത്ത് നിന്ന് മാറിനില്‍ക്കാനുള്ള സാമാന്യ ജനാധിപത്യ വിവേകം പിണറായി വിജയന്‍ കാണിക്കണന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

ബിരിയാണി പാത്രം കൊണ്ട് മൂടിവെച്ചാലും സത്യം പുറത്തുവരും: ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ താന്‍ ഉന്നയിച്ച കാര്യങ്ങള്‍ സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബിരിയാണി പാത്രം കൊണ്ട് മറച്ചു വെച്ചാലും സത്യം പുറത്തു വരും. വസ്തുതകള്‍ ഓരോ ദിവസവും പുറത്തുവന്നു കൊണ്ടിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസിലെ ഒന്നാമത്തെ പ്രതി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്. എത്ര മൂടിവെയ്ക്കാന്‍ ശ്രമിച്ചാലും നടക്കില്ല. പഴയ കേസാണ് എന്ന് പറഞ്ഞ് തള്ളിക്കളയാന്‍ കഴിയില്ല. വസ്തുതകള്‍ ഓരോ ദിവസം കഴിയുന്തോറും പുറത്തുവരുകയാണ്. ജനങ്ങള്‍ വിശ്വസിച്ചില്ല എന്നാണ് സര്‍ക്കാര്‍ പറയുന്നത്.

ഒരു തെരഞ്ഞെടുപ്പില്‍ വിജയിച്ചു എന്നതിന്റെ അടിസ്ഥാനത്തില്‍ കൈയില്‍ പറ്റിയ എല്ലാ അഴിമതി കറകളും മുഖ്യമന്ത്രിക്ക് കഴുകി കളയാന്‍ സാധിക്കില്ല. സ്വര്‍ണക്കടത്തില്‍ ഇനിയും വസ്തുതകള്‍ പുറത്തുവരും. പലരുടെയും മുഖം അനാവരണം ചെയ്യപ്പെടുമെന്നും ചെന്നിത്തല പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.