പരിസ്ഥിതിലോല മേഖല: സുപ്രീം കോടതി ഉത്തരവ് ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഉന്നതതല യോഗം

പരിസ്ഥിതിലോല മേഖല: സുപ്രീം കോടതി ഉത്തരവ് ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഉന്നതതല യോഗം

തിരുവനന്തപുരം: പരിസ്ഥിതിലോല മേഖല സംബന്ധിച്ച സുപ്രീം കോടതി ഉത്തരവില്‍ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഉന്നതതല യോഗം. തിരുവനന്തപുരത്ത് രാവിലെ 11 ന് വനം മന്ത്രി എ കെ ശശീന്ദ്രന്റെ ചേംബറിലാണ് യോഗം ചേരുന്നത്.

ഉത്തരവ് മറികടക്കാനുള്ള നടപടികളെപ്പറ്റിയാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നത്. വന്യജീവി സങ്കേതങ്ങള്‍, ദേശീയോദ്യാനങ്ങള്‍ എന്നിവയ്ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ വീതിയിലെങ്കിലും പരിസ്ഥിതിലോല മേഖല വേണമെന്ന സുപ്രിംകോടതി ഉത്തരവ് സംസ്ഥാനത്ത് ഒരു ലക്ഷം കുടുംബങ്ങളെ ബാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

സംസ്ഥാനത്തില്‍ 24 സംരക്ഷിത മേഖലകളാണുള്ളത്. കോടതി ഉത്തരവനുസരിച്ച്‌ സംരക്ഷിത മേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ വീതിയില്‍ സ്ഥലം മാറ്റിവച്ചാല്‍ ആകെ രണ്ടര ലക്ഷം ഏക്കര്‍ ഭൂമിയാകും പരിസ്ഥിതിലോല മേഖലയാവുക.

ജനസാന്ദ്രതയില്‍ മുന്നിലുള്ള കേരളത്തില്‍ ഇത് ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. ദേശീയതലത്തിലെ ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററില്‍ 360 പേര്‍ ആണെങ്കില്‍ കേരളത്തില്‍ അത് 860 എന്ന നിലയിലാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ നിയമപോരാട്ടം നടത്താനാണ് സര്‍ക്കാരിന്റെ തീരുമാനം.

അതേസമയം പരിസ്ഥിതിലോല മേഖല സംബന്ധിച്ച സുപ്രീം കോടതി ഉത്തരവില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിയമപരിശോധന തുടങ്ങി. സംസ്ഥാനങ്ങളുടെ ആശങ്കയില്‍ അനുഭാവപൂര്‍വ്വമായ പരിഗണനയെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. പുനഃപരിശോധന ഹര്‍ജി നല്‍കുന്നത് അടക്കം മന്ത്രാലയം പരിഗണിക്കുന്നതായാണ് സൂചന.

ഉത്തരവ് പ്രായോഗികമായി നടപ്പാക്കുന്നതില്‍ വലിയ വെല്ലുവിളിയുണ്ടെന്നാണ് വനം പരിസ്ഥിതി മന്ത്രിയുടെയും വിലയിരുത്തല്‍. ഉത്തരവ് നടപ്പാക്കുന്നത് മുംബൈ, ചെന്നൈ, ഡൽഹി, ഭുവനേശ്വര്‍ അടക്കം നഗരങ്ങളുടെ തുടര്‍ വികസനത്തെ തടസപ്പെടുത്തുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.