ഡാര്‍വിന്‍: ഓസ്‌ട്രേലിയയുടെ ബഹിരാകാശ സ്വപ്‌നങ്ങളിലേക്ക് പുതിയ ഊര്‍ജം പകര്‍ന്ന് നാസയുടെ റോക്കറ്റുകള്‍ നോര്‍ത്തേണ്‍ ടെറിട്ടറിയില്‍ നിന്ന് കുതിച്ചുയരും. ജൂണ്‍, ജൂലൈ മാസങ്ങളില്‍ വിക്ഷേപണം നടത്താനാണു തീരുമാനം. ഇതാദ്യമായാണ് യു.എസിന് പുറത്തുള്ള ഒരു വാണിജ്യ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് നാസയുടെ റോക്കറ്റുകള്‍ വിക്ഷേപിക്കുന്നത്. 
ശാസ്ത്ര ഗവേഷണത്തിനായുള്ള അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയുടെ മൂന്ന് റോക്കറ്റുകളാണ് ജൂണ്‍ 26-നും ജൂലൈ 12-നും ഇടയില്‍ ഓസ്ട്രേലിയയില്‍ നിന്ന് വിക്ഷേപിക്കുന്നതെന്ന് നാസ അധികൃതര്‍ അറിയിച്ചു. സ്വകാര്യ ഉടമസ്ഥതയിലുള്ള ഇക്വറ്റോറിയല്‍ ലോഞ്ച് ഓസ്ട്രേലിയയുടെ (ഇ.എല്‍.എ) കീഴിലുള്ള ആര്‍ന്‍ഹേം ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണു വിക്ഷേപണം. ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിയും നോര്‍ത്തേണ്‍ ടെറിട്ടറി പ്രീമിയറും അറിയിച്ചു. 
വിക്ഷേപണത്തിനായി നാസയുടെ എഴുപത്തഞ്ചോളം ഉദ്യോഗസ്ഥര്‍ ഓസ്ട്രേലിയയിലെത്തുമെന്ന്  പ്രധാനമന്ത്രി പറഞ്ഞു. ഇതിനു മുന്‍പ് 1995-ലാണ് ഓസ്ട്രേലിയയില്‍ നിന്ന് നാസ ആദ്യമായി റോക്കറ്റ് അയയ്ക്കുന്നത്. അന്ന് റോയല്‍ ഓസ്ട്രേലിയന്‍ എയര്‍ഫോഴ്സിന്റെ വൂമേറ റേഞ്ച് കോംപ്ലക്സിലായിരുന്നു വിക്ഷേപണം. 
തയാറെടുപ്പുകള്‍ അവലോകനം ചെയ്യാന്‍ ആന്റണി അല്‍ബനീസ് ഡാര്‍വിനിലെത്തി. സിഡ്നിയിലേക്ക് മടങ്ങുന്നതിന് മുമ്പ് നാളെ നോര്‍ത്തേണ്‍ ടെറിട്ടറി പ്രീമിയര്‍ നതാഷ ഫൈല്‍സുമായി ചേര്‍ന്ന് വിക്ഷേപണം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തും. 
ഓസ്ട്രേലിയന്‍ ബഹിരാകാശ ഏജന്‍സി രണ്ട് വര്‍ഷത്തോളം നീണ്ട പരിശോധനകള്‍ നടത്തിയ ശേഷമാണ് നാസ ദൗത്യത്തിനായി ആര്‍ന്‍ഹേം സ്പേസ് സെന്ററിന് വിക്ഷേപണത്തിനായുള്ള അനുമതി നല്‍കിയത്. സംസ്ഥാന സര്‍ക്കാരും ഇതിനാവശ്യമായ പിന്തുണ നല്‍കി. 
ഓസ്ട്രേലിയയുടെ ബഹിരാകാശ സ്വപ്‌നങ്ങളെ ഒരു പുതിയ തലത്തിലേക്കു കൊണ്ടുപോകാന്‍ ഈ വിക്ഷേപണം സഹായിക്കുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ആഗോള, പ്രാദേശിക വ്യവസായങ്ങള്‍ക്ക് വളരാനും തദ്ദേശവാസികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും നാസയുടെ ഈ ദൗത്യം സഹായകമാകും.
1950-കളില്‍ ബഹിരാകാശ രംഗവുമായി ഓസ്ട്രേലിയയ്ക്കുണ്ടായിരുന്ന ബന്ധം പ്രശസ്തമാണ്. ആ പൈതൃകം വീണ്ടും കെട്ടിപ്പടുക്കേണ്ടതുണ്ടെന്നും ആല്‍ബനീസി കൂട്ടിച്ചേര്‍ത്തു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.