ദക്ഷിണാഫ്രിക്കയിലെ കളളപ്പണക്കേസ്, ഗുപ്ത സഹോദരന്മാരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു

ദക്ഷിണാഫ്രിക്കയിലെ കളളപ്പണക്കേസ്, ഗുപ്ത സഹോദരന്മാരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു

ദുബായ്: ദക്ഷിണാഫ്രിക്കയിലെ കളളപ്പണക്കേസുമായി ബന്ധപ്പെട്ടുളള അന്വേഷണത്തില്‍ ഗുപ്ത സഹോദരന്മാരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. അതുല്‍ ഗുപ്തയും രാജേഷ് ഗുപ്തയുമാണ് പിടിയിലായത്. ഇന്ത്യന്‍ വംശജരാണ് ഇരുവരും. ദക്ഷിണാഫ്രിക്കന്‍ പോലീസ് തിരയുന്ന വലിയ കുറ്റകൃത്യങ്ങളില്‍ പങ്കാളികളായ പിടികിട്ടാപുളളികളാണ് ഇരുവരുമെന്ന് ദുബായ് പോലീസ് വ്യക്തമാക്കി.

ഇന്‍റർപോള്‍ ഇരുവർക്കുമെതിരെ നേരത്തെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇവരുടെ അറസ്റ്റ് ദക്ഷിണാഫ്രിക്കന്‍ പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ ദക്ഷിണാഫ്രിക്കയ്ക്ക് കൈമാറുന്ന കാര്യത്തില്‍ എന്‍ഫോഴ്സ്മെന്‍റ് ഏജന്‍സികള്‍ ചർച്ച നടത്തി തീരുമാനമെടുക്കും. 

ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്‍റ് ജേക്കബ് സുമയുമായുളള ബന്ധം ദുരുപയോഗപ്പെടുത്തി വലിയ പദ്ധതികള്‍ നേടിയെടുക്കുകയും പൊതുസ്വത്തുക്കള്‍ ദുരുപയോഗം ചെയ്യുകയും മന്ത്രിതല തീരുമാനങ്ങളെ സ്വാധീനിച്ച് ദശലക്ഷകണക്കിന് ഡോളറിന്‍റെ സർക്കാർ ഫണ്ട് തട്ടിയെടുക്കുകയും ചെയ്തുവെന്നതൊക്കെയാണ് ഇവർക്കെതിരെയുളള കുറ്റങ്ങള്‍. 

ഇന്ത്യയിലെ ഉത്തർപ്രദേശില്‍ നിന്ന് 1993 ലാണ് ഇരുവരും ദക്ഷിണാഫ്രിക്കയിലെത്തുന്നത്. കാറിന് പിറകില്‍ ഷൂസ് വില്‍പനയായിരുന്നു അന്ന് തൊഴില്‍. പിന്നീട് കമ്പ്യൂട്ടർ ഭാഗങ്ങള്‍ കയറ്റുമതി ചെയ്യുന്ന സഹാറ കമ്പ്യൂട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റ‍ഡ് എന്ന കമ്പനി ആരംഭിച്ചു. പിന്നീട് ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ഭാഗമായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങി. ജേക്കബ് സുമയുടെ മകനെ തന്നെ ബിസിനസില്‍ പങ്കാളിയാക്കി. ഇതോടെ രാഷ്ട്രീയത്തിലൂടെ ബിസിനസ് വളർന്നു. 

2016 ല്‍ ദക്ഷിണാഫ്രിക്കന്‍ ഉപ പ്രധാനമന്ത്രി മെസെബിസി ജോനാസ് കമ്പനിക്ക് ചെയ്ത് നല്‍കുന്ന ആനുകൂല്യങ്ങള്‍ക്ക് പകരമായി തന്നെ മന്ത്രിസ്ഥാനത്തേക്ക് എത്തിക്കാന്‍ വാഗ്ദാനം നല്‍കിയതായി ആരോപണം ഉയർത്തി. 2017 ല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. 

സർക്കാരിനെ സ്വാധീനിച്ച് നേട്ടങ്ങളുണ്ടാക്കിയതിന് നിരവധി തെളിവുകള്‍ പുറത്തുവന്നു. രാഷ്ട്രത്തലവന് മാത്രമുള്ള സൈനിക വ്യോമതാവളത്തിൽ വിവാഹ അതിഥികളുമായി വിമാനം ഇറക്കി ദക്ഷിണാഫ്രിക്കൻ വികാരം വ്രണപ്പെടുത്തിയതോടെ സുമയ്ക്കും ഗുപ്ത സഹോദരന്മാർക്കും എതിർപ്പുകളും പരാതികളും ശക്തമായി. 

2018 ല്‍ സുമ പ്രസിഡന്‍റ് സ്ഥാനം രാജിവച്ചു. അതേ വർഷമാണ് ഗുപ്ത സഹോദരന്മാർ ദുബായിലേക്ക് എത്തിയത്.
ഗുപ്തയുമായി ബന്ധമുളള ഒരു കമ്പനിക്ക് നല്‍കിയ 25 ദശലക്ഷം റാന്‍ഡ് ( 6.89 ദശലക്ഷം ദിർഹം) കരാറുമായി ബന്ധപ്പെട്ട് ഗുപ്ത സഹോദന്മാർക്കെതിരെ കഴിഞ്ഞ വർഷം ജൂലൈയില്‍ വഞ്ചനയും കളളപ്പണം വെളുപ്പിക്കലുമായുളള കേസ് അന്വേഷണം ഇന്‍റർപോളിന് കൈമാറിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.