ഷാർജ: ജോലി കഴിഞ്ഞ് മടങ്ങിവരുമ്പോഴാണ് സ്വർണവും പണവുമടങ്ങിയ പഴ്സ് ഷാർജ ഇന്‍ഡസ്ട്രിയല്‍ ഏരിയ നാലില്‍ നിന്ന് മലയാളിയായ നൗഫലിന് കളഞ്ഞുകിട്ടുന്നത്. ജൂണ്‍ ഒന്നിനായിരുന്നു സംഭവം.
സുഹൃത്ത് നിഫാലുമൊന്നിച്ചാണ് സൂപ്പർമാർക്കറ്റില്‍ നിന്ന് രാത്രി തിരിച്ച് വീട്ടിലേക്ക് പോയത്. അവനാണ് ആദ്യം പഴ്സ് നിലത്ത് കിടക്കുന്നത് കണ്ടത്. തുറന്നു നോക്കിയപ്പോള്‍ ഡോളറും സ്വർണനാണയങ്ങളും ക്രെഡിറ്റ് കാർഡും ഇന്ത്യന്‍ തിരിച്ചറിയല്‍ കാർഡും കണ്ടു. ആരെങ്കിലും അന്വേഷിച്ച് വരുമെന്ന് കരുതി രണ്ട് ദിവസം കൈയില്‍ വച്ചു.
സുഹൃത്തുക്കളോടും സൂപ്പർമാർക്കറ്റിലെ പലരോടും ആരെങ്കിലും പഴ്സ് അന്വേഷിച്ച് വരികയാണെങ്കില്‍ അറിയിക്കണമെന്ന് പറഞ്ഞുവെങ്കിലും ഫലമുണ്ടായില്ല. ഇന്ത്യന്‍ തിരിച്ചറിയല്‍ കാർഡുകള്‍ ഉളളതിനാല്‍ ഷാർജ ഇന്ത്യന്‍ അസോസിയേഷന്‍ അധികൃതർക്ക് നല്‍കിയാല്‍ ഫലമുണ്ടാകുമെന്ന് തോന്നി, അവിടെ ഏല്‍പിക്കുകയായിരുന്നു.
തുടർന്ന് അസോസിയേഷന്‍ അംഗത്തോടൊപ്പം വീണ്ടും പഴ്സ് പരിശോധിച്ചപ്പോള്‍ ലഭിച്ച ഫോണ്‍ നമ്പറിലേക്ക് വിളിച്ചു. ആദ്യം കാള്‍ എടുത്തില്ലെങ്കിലും മൂന്നാം തവണ വിളിച്ചപ്പോള്‍ ഫോണെടുത്തു, നൗഫല്‍ പറയുന്നു. ദുബായില്‍ അവധിക്കാലം ചെലവഴിക്കാനായി എത്തിയ വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ സീനിയർ ശാസ്ത്രജ്ഞനായ ഡോ. പരാഗ് നിഗത്തിന്‍റേതായിരുന്നു പഴ്സ്.
അന്ന് അല്‍ നഹ്ദയില്‍ സുഹൃത്തിന്‍റെ വീട്ടില്‍ ഭക്ഷണം കഴിക്കാനായി പോയപ്പോഴാണ് പഴ്സ് നഷ്ടമായതെന്ന് അദ്ദേഹം പറഞ്ഞു. കൈയ്യിലുളള പണമെല്ലാം ആ പഴ്സിലായിരുന്നു. സുഹൃത്തുക്കളാണ് പിന്നീടുളള ദിവസങ്ങളില്‍ സഹായിച്ചത്.
പഴ്സ് തിരിച്ചുകിട്ടിയെന്നു പറഞ്ഞുളള ഫോണ്‍ കോള്‍ ലഭിച്ചപ്പോള്‍ ആദ്യം വിശ്വസിച്ചില്ലെന്നും അദ്ദേഹം പറയുന്നു. നൗഫലിന്‍റെ സത്യസന്ധതയ്ക്ക് ഒരുപാട് നന്ദി.ഡോ. പരാഗ് നിഗത്തിന്‍റെ വാക്കുകള്‍. ദുബായില്‍ വീണ്ടുമെത്തി നൗഫലിന് നേരിട്ട് നന്ദി പറയാനിരിക്കുകയാണ് അദ്ദേഹം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.