'പാലം കുലുങ്ങിയപ്പോള്‍ മേയറും കുലുങ്ങി': പിന്നീട് സമീപത്തെ കുഴിയിലേക്ക് പതിച്ചു; മെക്‌സിക്കോയിലും പഞ്ചവടിപ്പാലം

'പാലം കുലുങ്ങിയപ്പോള്‍ മേയറും കുലുങ്ങി': പിന്നീട് സമീപത്തെ കുഴിയിലേക്ക് പതിച്ചു; മെക്‌സിക്കോയിലും പഞ്ചവടിപ്പാലം

'പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല' എന്ന മട്ടില്‍ ഉദ്ഘാടന ശേഷം മേയറും ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും മറ്റും പാലത്തിലൂടെ നടന്നപ്പോഴാണ് അപകടമുണ്ടായത്. മേയറും കൂട്ടരും പാലത്തിന്റെ നടുക്കെത്തിയപ്പോള്‍ പാലം തകര്‍ന്നു വീഴുകയായിരുന്നു.

ക്യൂനാവാക(മെക്സിക്കോ): പാലം തകരുന്നത് കേരളത്തില്‍ മാത്രമല്ല. ഗുണമേന്‍മ ഉറപ്പു വരുത്താതെ പണിയുന്ന പഞ്ചവടി പാലങ്ങള്‍ ലോകത്ത് എവിടെയാണെങ്കിലും തകര്‍ന്നു വീഴും. മെക്സിക്കോയിലെ ക്യൂനാവാക നഗരത്തില്‍ ഉദ്ഘാടനം കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം പാലം തകര്‍ന്നു വീഴുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്.

ആവേശ ഭരിതമായ അന്തരീക്ഷത്തിലാണ് സ്ഥലം മേയര്‍ ജോ ലൂയി യൂരിസ്റ്റോയിയായിരുന്നു പാലത്തിന്റെ ഉദ്ഘാടകന്‍. അഭിമാനത്തോടെ അദ്ദേഹം പാലം ഉദ്ഘാടനം ചെയ്തു. അതിനു ശേഷം കൗണ്‍സില്‍ അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥ പ്രമുഖര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമൊപ്പം നടക്കുമ്പോള്‍ തന്നെ പാലം തകര്‍ന്നു വീണു! മേയറും കൂട്ടരും തൊട്ടടുത്ത് പാറക്കല്ലുകള്‍ കൂട്ടിയിട്ട കുഴിയിലേക്ക് നിലം പതിച്ചു.

സംഭവത്തില്‍ മേയറും ഒരു പ്രാദേശിക മാധ്യമ പ്രവര്‍ത്തകനും അടക്കം നാലു പേര്‍ക്ക് പരിക്കേറ്റു. വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഒരു നദിയ്ക്ക് കുറുകേ ഉണ്ടായിരുന്ന പഴയ തൂക്കുപാലം മാറ്റിപ്പണിതതിന്റെ ഉദ്ഘാടന ചടങ്ങിലാണ് പാലം നിലം പതിച്ചത്.

ഇരുമ്പ് ചങ്ങലകളും മരത്തടികളും കൊണ്ടുണ്ടാക്കിയ തൂക്കുപാലം ഉദ്ഘാടനം ഗംഭീരമായാണ് നടന്നത്. കൗണ്‍സില്‍ അംഗങ്ങളും പ്രാദേശിക മാധ്യമപ്രവര്‍ത്തകരും നാട്ടുകാരുമെല്ലാം പരിപാടിക്ക് എത്തിയിരുന്നു.

'പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല' എന്ന മട്ടില്‍ ഉദ്ഘാടന ശേഷം മേയറും ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും മറ്റും പാലത്തിലൂടെ നടന്നപ്പോഴാണ് അപകടമുണ്ടായത്. മേയറും കൂട്ടരും പാലത്തിന്റെ നടുക്കെത്തിയപ്പോള്‍ പാലം തകര്‍ന്നു വീഴുകയായിരുന്നു.

മരത്തടികളെ താങ്ങി നിര്‍ത്തിയ ഇരുമ്പു ചങ്ങലകള്‍ പൊട്ടിപ്പോയി. പാലത്തിന്റെ വശത്തായി നിര്‍മാണ സാമഗ്രികളും മറ്റും കൂട്ടിയിട്ട വലിയൊരു കുഴിയിലേക്കാണ് മേയറും സംഘവും വീണത്. ഇവിടെ പാറകളും മറ്റും കൂട്ടിയിട്ടിട്ടുണ്ടായിരുന്നു. പ്രതീക്ഷിച്ചതിലും കൂടുതലാളുകള്‍ ഉദ്ഘാടനത്തിന്റെ ഭാഗമായി പാലത്തില്‍ കയറിയതിനാലാണ് അപകടമുണ്ടായതെന്ന് മേയര്‍ പിന്നീട് പറഞ്ഞു.

നടക്കുന്നവരില്‍ ചിലര്‍ പാലത്തിനു നടുക്കെത്തിയപ്പോള്‍ ഉറപ്പ് നോക്കാനായി ചാടുന്നുണ്ടായിരുന്നു. അതാണ് പാലം പൊളിയാനിടയാക്കിയത്. പുതിയ പാലമല്ല തകര്‍ന്നു വീണതെന്നും പഴയ പാലം പുനര്‍നിര്‍മിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മെക്സിക്കോയിലെ മോറിലോസ് സംസ്ഥാനത്തെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമാണ് ക്യൂനാവാക നഗരം. നദികളാല്‍ സമ്പന്നമായ ഇവിടെ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് പഴയമട്ടില്‍ തൂക്കുപാലം പണിതത്. അതാണ് ഒടുവില്‍ മേയര്‍ക്കും കൂട്ടര്‍ക്കും പണിയായത്.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.