അമേരിക്കയില്‍ ഗര്‍ഭഛിദ്ര നിയമം റദ്ദാക്കുന്നതിനെ അനുകൂലിച്ച ജഡ്ജിയെ കൊലപ്പെടുത്താന്‍ ശ്രമം; കാലിഫോര്‍ണിയ സ്വദേശി പിടിയില്‍

അമേരിക്കയില്‍ ഗര്‍ഭഛിദ്ര നിയമം റദ്ദാക്കുന്നതിനെ അനുകൂലിച്ച ജഡ്ജിയെ കൊലപ്പെടുത്താന്‍ ശ്രമം; കാലിഫോര്‍ണിയ സ്വദേശി പിടിയില്‍

കാലിഫോര്‍ണിയ: ഗര്‍ഭഛിദ്ര നിയമം റദ്ദാക്കുന്നതിനെ അനുകൂലിക്കുന്ന സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബ്രെറ്റ് കവനോവിനെ കൊലപ്പെടുത്താന്‍ ശ്രമം. ജസ്റ്റിസിന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ സംശയാസ്പദമായി കണ്ട കാലിഫോര്‍ണിയ സ്വദേശി നിക്കോളാസ് ജോണ്‍ റോസ്‌കെ (26) യെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കൈയ്യില്‍ നിന്ന് തോക്കും മാരകായുധങ്ങളും കണ്ടെടുത്തു. ഗര്‍ഭഛിദ്ര നിയമം റദ്ദാക്കുന്നതായുള്ള ജഡ്ജിമാരുടെ നിലപാടില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച ഇയാള്‍ സുപ്രീം കോടതി ജസ്റ്റിസിനെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് എത്തിയതെന്ന് പൊലീസ് പറഞ്ഞു.

അമേരിക്കയില്‍ അബോര്‍ഷന്‍ ഉത്തരവ് റദ്ദ് ചെയ്യുന്നതായുള്ള സൂചനകളുടെ പശ്ചാത്തലത്തില്‍ ജഡ്ജിമാര്‍ക്ക് സംരക്ഷണം ശക്തമാക്കിയിരുന്നു. ജസ്റ്റിസിന്റെ വീടിന് മുന്നില്‍ ടാക്‌സിയില്‍ ഇറങ്ങിയ റോസ്‌കെ ബാഗും കൈയ്യില്‍ പിടിച്ച് വീടിനു മുന്നിലെ നടപ്പാതയിലൂടെ മുന്നോട് നടന്നു. സംശയം തോന്നിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്തപ്പോള്‍ കൈയ്യില്‍ തോക്ക് ഉണ്ടെന്നും, ജഡ്ജിയെ കൊല്ലാന്‍ കാലിഫോര്‍ണിയയില്‍ നിന്ന് വന്നതാണെന്നും പറഞ്ഞു. ശ്രമം നടത്തിയ ശേഷം ആത്മഹത്യ ചെയ്യാനാണ് പദ്ധതിയെന്നും പറഞ്ഞു. ഉടനെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടി ലോക്കല്‍ പൊലീസിന് കൈമാറി.



സംഭവം നടക്കുമ്പോള്‍ ജസ്റ്റിസ് കവനോവും കുടുംബവും വീട്ടിലുണ്ടായിരുന്നു. ഗര്‍ഭച്ഛിദ്രത്തെക്കുറിച്ചുള്ള സുപ്രീം കോടതി രേഖ ചോര്‍ന്നതിനെക്കുറിച്ചും ടെക്‌സസിലെ ഉവാള്‍ഡെയില്‍ അടുത്തിടെ നടന്ന കൂട്ട വെടിവയ്പ്പിലും താന്‍ അസ്വസ്ഥനാണെന്ന് ചോദ്യം ചെയ്യലില്‍ റോസ്‌കെ പറഞ്ഞു. ഇയാളുടെ ബാഗില്‍ നിന്ന് പിസ്റ്റള്‍, കുരുമുളക് സ്പ്രേ, ഒരു ചുറ്റിക, സ്‌ക്രൂഡ്രൈവര്‍, കത്തി, എന്നിവ കണ്ടെത്തി.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 22 വരെ റിമാന്‍ഡ് ചെയ്തു. കുറ്റം തെളിയിക്കപ്പെട്ടാല്‍, ഒരു യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജഡ്ജിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് 20 വര്‍ഷം തടവ് അനുഭവിക്കേണ്ടിവരും. സംഭവത്തില്‍ പ്രസിഡന്റ് ബൈഡന്‍ അപലപിക്കുന്നതായി വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു.

റോയ് വി വേഡ് വിധിന്യായം റദ്ദാക്കുന്നതായുള്ള ജഡ്ജിമാരുടെ കരട് അഭിപ്രായ സര്‍വേ സുപ്രീംകോടതിയില്‍ നിന്ന് ചോര്‍ന്നതിനെ തുടര്‍ന്ന് രാജ്യവ്യാപകമായി പ്രക്ഷോഭം അഴിച്ചുവിട്ട ഗര്‍ഭഛിദ്രാനുകൂലികള്‍ ജസ്റ്റിസുമാര്‍ക്കെതിരെ ഭീഷണി മുഴക്കിയിരുന്നു. ഇതേ തുടര്‍ന്ന് ജഡ്ജിമാരുടെ സുരക്ഷ സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. വീടുകള്‍ക്ക് മുന്നില്‍ പ്രതിഷേധിക്കുന്നതും നിയമനിര്‍മാണത്തിലൂടെ തടഞ്ഞു. ഇതിനു ശേഷവും ജഡ്ജിമാരുടെ ജീവനു പോലും ഭീഷണിയുണ്ടാകുന്ന നടപടികള്‍ പ്രതിഷേധക്കാരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. ഇതിന്റെ ഒടിവിലത്തെ ശ്രമമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.