'വാക്കുകള്‍ക്ക് കാതോര്‍ത്ത് ചുവര്‍ ചിത്രമായി ആശിഷ്...'; മകന്റെ ഓര്‍മ്മകളില്‍ വിങ്ങിപ്പൊട്ടി യെച്ചൂരി

'വാക്കുകള്‍ക്ക് കാതോര്‍ത്ത് ചുവര്‍ ചിത്രമായി ആശിഷ്...'; മകന്റെ ഓര്‍മ്മകളില്‍ വിങ്ങിപ്പൊട്ടി യെച്ചൂരി

ന്യൂഡല്‍ഹി: മകന്റെ ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ കണ്ട് വിങ്ങിപ്പൊട്ടി സീതാറാം യെച്ചൂരി. 2021 ഏപ്രിലിലാണ് മകന്‍ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച് മരിച്ചത്. യാത്രകള്‍ക്കിടെ പകര്‍ത്തിയ ഫോട്ടോകള്‍ ചേര്‍ത്ത് മരുമകള്‍ സ്വാതി ചാവ്ല ഡല്‍ഹി ബിക്കാനീര്‍ ഹൗസിലെ കലംകാര്‍ ആര്‍ട്ട് ഗാലറിയിലൊരുക്കിയ പ്രദര്‍ശനം കാണാനെത്തിയതായിരുന്നു സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

'അവന്റെ മുപ്പത്തിയാറാമത് പിറന്നാളാണ് ഇന്ന്. അവന്റെ അകാല വിയോഗത്തെത്തുടര്‍ന്ന് വികാരഭരിതമായ കാലത്തിലൂടെയാണ് കുടുംബം കടന്നു പോകുന്നത്. എങ്കിലും പിറന്നാള്‍ ദിനത്തില്‍ തന്നെ അവന്റെ സ്വപ്നങ്ങള്‍ക്കൊപ്പം സഞ്ചരിച്ച ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഒരു പ്രദര്‍ശനമൊരുക്കാന്‍ സാധിച്ചത് മനസിന് സമാധാനം നല്‍കുന്നുവെന്ന്'- ഇടറിയ ശബ്ദത്തില്‍ സീതാറാം യെച്ചൂരി പറയുന്നു.

ആശിഷിന്റെ ഭാര്യ സ്വാതിയും ദുഖത്തില്‍ മുങ്ങി അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഹാളിലെ ചുവരുകളില്‍ തൂങ്ങിയ ജീവന്‍ തുടിക്കുന്ന ചിത്രങ്ങളിലൂടെ ആശിഷ് അവരുടെ വാക്കുകള്‍ക്ക് കാതോര്‍ക്കുന്ന പോലെ ഓരോ ചിത്രവും ജീവന്‍ തുടിക്കുന്നതായിരുന്നു. ചിത്രങ്ങള്‍ ഓരോന്നും നടന്നു കാണുമ്പോള്‍ വികാര ഭരിതനായ യെച്ചൂരി, സ്വയം നിയന്ത്രിക്കാന്‍ നന്നെ വിഷമിച്ചിരുന്നു. ഒരുഘട്ടത്തില്‍ വിങ്ങിപ്പൊട്ടിയ യെച്ചൂരി പ്രദര്‍ശനം ഒറ്റയ്ക്ക് കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു.

അല്‍പസമയം ആളൊഴിഞ്ഞ ഹാളില്‍ അച്ഛനും മകനും ചിത്രങ്ങളും മാത്രമായി. സംഘര്‍ഷഭരിതമായ രാഷ്ട്രീയ അടിയൊഴുക്കുകളില്‍ അടിപതറാത്ത നേതാവ് മകന്റെ അകാല വിയോഗം ഏല്‍പ്പിച്ച മുറിവില്‍ ഒരു സാധാരണ പിതാവായി. 'ഇതില്‍ ഏതു ചിത്രമാണ് കൂടുതല്‍ ഇഷ്ടപ്പെട്ടതെന്ന്' പ്രദര്‍ശനത്തിനെത്തിയ ഓരോരുത്തരോടും യെച്ചൂരി മാറി മാറി ചോദിക്കുന്നുണ്ടായിരുന്നു.

കൂടാതെ കാണികള്‍ ചൂണ്ടിക്കാണിക്കുന്ന ഇഷ്ട ചിത്രത്തെക്കുറിച്ചും അദ്ദേഹത്തിന്റെ യാത്രകളെക്കുറിച്ചും വാചാലയായി പ്രദര്‍ശന ഹാളില്‍ ആശിഷിന്റെ ഭാര്യ സ്വാതിയും ഉണ്ടായിരുന്നു. ആശിഷിന് യാത്രകളേറെ ഇഷ്ടമായിരുന്നുവെന്ന് സ്വാതി പറയുന്നു. ''ഇന്ത്യയായിരുന്നു ഫോട്ടോഗ്രാഫിക് പരീക്ഷണശാല. ആകാശവും പക്ഷികളും കാടും ഏറെയിഷ്ടം. വിയോഗം വല്ലാത്തൊരു ശൂന്യതയാണ് സമ്മാനിക്കുന്നത്. ആശിഷ് ഇവിടെയുണ്ടായിരുന്നെങ്കിലെന്ന് വെറുതേയെങ്കിലും ചിന്തിച്ചുപോകുന്നു'' നിറകണ്ണുകളോടെ സ്വാതി പറഞ്ഞു.
ഇന്ത്യ, യു.കെ., മാലദ്വീപ്, ഉസ്ബെക്കിസ്ഥാന്‍ എന്നിവിടങ്ങളിലെ യാത്രകള്‍ക്കിടെ ആശിഷ് 2007നും 2021നും ഇടയില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളാണ് ഏറെയും. പ്രകൃതിയും ഏകാന്തതയുമാണ് പ്രമേയം.

സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ഇന്ദ്രാണി മജുംദാറിന്റെയും മകനായ ആശിഷ് എന്ന ബിക്കു ന്യൂസ് ലൗണ്‍ട്രിയില്‍ അസിസ്റ്റന്റ് എഡിറ്ററായി പ്രവര്‍ത്തിക്കുമ്പോഴായിരുന്നു മരണം. മുമ്പ് ടൈംസ് ഓഫ് ഇന്ത്യയിലും ന്യൂസ് 18 ചാനലിലും പുണെ മിററിലും ഏഷ്യാവില്ലിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ത്രിവേദി കലാസംഗമില്‍ നിന്ന് ഫോട്ടോഗ്രാഫിയില്‍ ഡിപ്ലോമ കോഴ്സ് പൂര്‍ത്തിയാക്കിയ ആശിഷിന്റെ ആദ്യകാല ഫോട്ടോഗ്രാഫിക് പരീക്ഷണങ്ങളെല്ലാം മുത്തച്ഛന്റെ അമ്പതു വര്‍ഷം പഴക്കമുള്ള ക്യാമറയിലായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.