ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 18 ന് നടക്കും. ഇതു സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ജൂണ്‍ 15 ന് പുറത്തിറക്കും.
ജൂണ്‍ 29 വരെ നാമനിര്‍ദേശ പത്രിക നല്‍കാം. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ജൂലൈ രണ്ടാണ്. ജൂലൈ 21 നാണ് വോട്ടെണ്ണല്‍. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ അല്‍പം മുന്‍പ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള വനിതാ നേതാക്കളായ ചത്തീസ്ഗഢ് ഗവര്‍ണര്‍ അനുസൂയ ഉയ്‌കെ, ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപതി മുര്‍മു, കര്‍ണാടക ഗവര്‍ണര്‍ തവാര്‍ചന്ദ് ഗഹലോത്ത് തുടങ്ങിയവരുടെ പേരുകള്‍ ബിജെപിയുടെ പരിഗണനയിലുണ്ടെന്നാണ് സൂചന. പൊതുസമ്മതനായ ഒരാളെ മത്സരിപ്പിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ശ്രമം.
എന്‍.ഡി.എ ഘടകകക്ഷികള്‍ നിലപാട് മാറ്റാതിരിക്കുകയും ബിജു ജനതാദള്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നീ കക്ഷികളുടെ പിന്തുണ കൂടി ലഭിക്കുകയും ചെയ്താല്‍ കാര്യമായ വെല്ലുവിളി കൂടാതെ തങ്ങളുടെ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാം എന്ന ആത്മ വിശ്വാസത്തിലാണ് ബിജെപി. ജാതി സെന്‍സസ് വിഷയത്തില്‍ ബിജെപിയുമായി ഉടക്കി നിന്ന നിതീഷ് കുമാറിന്റെ നിലപാട് നിര്‍ണായകമാകും.
പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍, ഡല്‍ഹിയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയും ഉള്‍പ്പെടെ എല്ലാ സംസ്ഥാന നിയമസഭകളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ എന്നിവരടങ്ങിയ ഇലക്ടറല്‍ കോളേജാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുക.
രാജ്യസഭയിലെയും ലോക്‌സഭയിലെയും സംസ്ഥാന നിയമസഭകളിലെയും നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാനാകില്ല. മാത്രമല്ല, നിയമസഭാ കൗണ്‍സിലിലെ അംഗങ്ങള്‍ക്കും രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടവകാശമില്ല.
പാര്‍ലമെന്റ് മന്ദിരത്തിലും നിയമസഭാ മന്ദിരങ്ങളിലുമാണ് പോളിങ് ബൂത്തുകള്‍. രാജ്യസഭാ സെക്രട്ടറി ജനറലാണ് മുഖ്യ വരണാധികാരി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന പേന ഉപയോഗിച്ചു മാത്രമേ വോട്ട് രേഖപ്പെടുത്താവൂ എന്ന പ്രത്യേക നിര്‍ദേശവും കമ്മീഷന്‍ മുന്നോട്ടു വച്ചു.
കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24 ന് അവസാനിക്കും. പതിനാറാമത് രാഷ്ട്രപതിയെയാണ് ജൂലൈ 18 ന് തെരഞ്ഞെടുക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.