ബെര്‍ലിന്‍: ജര്‍മ്മന്‍ തലസ്ഥാനമായ ബെര്‍ലിനിലെ തിരക്കേറിയ തെരുവില്‍ സ്‌കൂളിന് സമീപം വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്ക് നേരെ കാര്‍ പാഞ്ഞു കയറി ഉണ്ടായ അപകടത്തില്‍ മരണം ആറായി. ഒരു അധ്യാപികയെ കൂടാതെ അഞ്ചു പേര്‍ക്കൂടി മരിച്ചു. 29 പേര്‍ക്ക് പരിക്കേറ്റതായും ബെര്‍ലിനിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥന്‍ ഐറിസ് സ്പ്രാഞ്ചര്‍ പറഞ്ഞു. 
ഇന്നലെ അപകടം നടക്കുമ്പോള്‍ ഒരു അധ്യാപികയുടെ മരണ വിവരം മാത്രമാണ് പൊലീസ് പുറത്തുവിട്ടത്. 14 സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പരിക്കുണ്ടെന്നും പറഞ്ഞിരുന്നു. ഔദ്യോഗിക കണക്ക് ഇന്നു പുറത്തുവന്നപ്പോള്‍ മരണം ആറായും പരിക്ക് 29 ആയും ഉയര്‍ന്നു. പടിഞ്ഞാറന്‍ ബെര്‍ലിനിലെ ഏറ്റവും തിരക്കേറിയ കുര്‍ഫര്‍സ്റ്റെന്‍ഡാം ഷോപ്പിംഗ് തെരുവിലാണ് തിങ്കള്‍ രാവിലെ 10.30 ന് അപകടം ഉണ്ടായത്. 
ബെര്‍ലിനിലേക്കുള്ള സ്‌കൂളിലേക്ക് പോകുകയായിരുന്നു അധ്യാപകരും വിദ്യാര്‍ത്ഥികളും. വാഹനം ഓടിച്ചിരുന്ന 29 കാരനായ ഡ്രൈവറെ സംഭവ സ്ഥലത്തു നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ജര്‍മ്മന്‍, അര്‍മേനിയന്‍ രാജ്യങ്ങളുടെ പൗരത്വമുള്ള ഇയാള്‍ ഒരു മാനസിക രോഗിയാണെന്ന് ബെര്‍ലിന്‍ ആഭ്യന്തര മന്ത്രി ഐറിസ് സ്പ്രാഞ്ചര്‍ പറഞ്ഞു. 
ഇയാള്‍ ബോധപൂര്‍വം അക്രമം നടത്തിയതായാണ് പൊലീസ് സംശയിക്കുന്നത്. മൊഴികള്‍ ഓരോ തവണയും മാറ്റി മാറ്റി പറയുന്നതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആശയക്കുഴപ്പത്തിലാണ്. മൊഴിയില്‍ ഇടയ്ക്ക് 'തുര്‍ക്കി' എന്ന പദം പ്രയോഗിക്കുന്നുമുണ്ട്. ഇത് അന്വേഷണ ഉദ്യോഗസ്ഥരെ കൂടുതല്‍ ആശയക്കുഴപ്പത്തിലാക്കി. ഇടയ്ക്കിടെ മാനസിക വിഭ്രാന്തി കാട്ടുന്നതിനാല്‍ അന്വേഷണം തടസപ്പെടുകയാണെന്നും പൊലീസ് പറഞ്ഞു. 
ഇയാള്‍ ഓടിച്ചിരുന്ന കാറില്‍ നിന്ന് ചില രേഖകള്‍  കണ്ടെടുത്തു. വൈകിട്ട് ഇയാളുടെ താമസസ്ഥലത്തും പൊലീസ് എത്തി പരിശോധന നടത്തി. സെല്‍ഫോണും കമ്പ്യൂട്ടറും പരിശോധിച്ചു വരികയാണ്. 
2016-ല്‍ ഒരു ക്രിസ്മസ് ദിനത്തില്‍ ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചുകയറ്റിയ സംഭവം നടന്ന സ്ഥലത്തിന് എതിര്‍വശത്താണ് ഇന്നലത്തെ സംഭവവും ഉണ്ടായത്. അന്നു 12 പേര്‍ അപകടത്തില്‍ മരണപ്പെട്ട സംഭവത്തിന്റെ ഉത്തരവാദിത്തം തീവ്രവാദ ഗ്രൂപ്പായ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തിരുന്നു. ട്രക്ക് ഓടിച്ച ആള്‍ പിന്നീട് ഇറ്റലിയില്‍ വെച്ച് പോലീസ് വെടിയേറ്റ് മരിച്ചു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.