സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ആന്റണി അല്‍ബനീസി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം രാജ്യം സന്ദര്‍ശിക്കുന്ന ആദ്യ വിദേശ നേതാവായി ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡണ്‍. ഇന്നലെ വൈകിട്ടാണ് ജസീന്ത ആര്‍ഡണ്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കായി സിഡ്‌നിയിലെത്തിയത്. നയതന്ത്ര തലത്തില്‍ ഓസ്ട്രേലിയയുടെ ഏറ്റവും അടുത്ത സുഹൃത്തായ ന്യൂസീലന്‍ഡിന്റെ ഭരണാധികാരിക്ക് ഹൃദ്യമായ വരവേല്‍പ്പാണ് അല്‍ബനീസി നല്‍കിയത്.
ഇന്നു രാവിലെയാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയത്. ഓസ്ട്രേലിയയില്‍ താമസിക്കുന്ന ന്യൂസീലന്‍ഡ് പൗരന്മാരായ കുറ്റവാളികളെ നാടുകടത്തുന്ന ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ നയമാണ് പ്രധാനമായും ചര്‍ച്ചയായത്. പസഫിക്കില്‍ ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനവും സോളമന്‍ ദ്വീപുകളുമായി ചൈന ഒപ്പുവച്ച സൈനിക സഹകരണ കരാര്‍ ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണിയും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.
കുറ്റവാളികളെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട ജസീന്ത ആര്‍ഡണിന്റെ ആശങ്കകള്‍ ഗൗരവത്തോടെ പരിഗണിക്കുമെന്ന് ആന്റണി അല്‍ബനീസി പറഞ്ഞു. ക്രിമിനല്‍ പശ്ചാത്തലമുള്ള ആയിരക്കണക്കിന് ന്യൂസീലന്‍ഡ് പൗരന്മാരെയാണ് നേരത്തെ ഓസ്ട്രേലിയയില്‍നിന്ന് നാടുകടത്തിയത്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കത്തിലേക്കും നയിച്ചു. നാടുകടത്തപ്പെട്ടവരില്‍ പലരും കുട്ടിക്കാലത്തു തന്നെ ഓസ്‌ട്രേലിയയിലേക്കു മാറിയവരാണ്. ന്യൂസിലന്‍ഡ് പൗരന്മാരാണെങ്കിലും ജന്മനാടുമായി യാതൊരു ബന്ധമില്ലാത്തവരെ പോലും ന്യൂസിലന്‍ഡിലേക്കു നാടുകടത്തുന്നതാണ് ജസീന്ദയുടെ എതിര്‍പ്പിനു കാരണം.
കുറ്റവാളികളെ നാടുകടത്താനുള്ള അടിസ്ഥാന നയം ഓസ്ട്രേലിയ മാറ്റില്ലെന്ന് അല്‍ബനീസി ആവര്‍ത്തിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട അനുഭാവപൂര്‍ണമായ ചര്‍ച്ചകള്‍ക്ക് താന്‍ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു.
കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള പ്രതിബദ്ധത ഇരു നേതാക്കളും ആവര്‍ത്തിച്ച് ഉറപ്പിച്ചു. അതേസമയം, ഓസ്ട്രേലിയയുടെ ആഭ്യന്തര കാലാവസ്ഥാ വ്യതിയാന നയങ്ങളെ വിമര്‍ശിക്കാതിരിക്കാന്‍ ജസീന്ദ മനപൂര്‍വം ശ്രമിച്ചത് ശ്രദ്ധേയമായി.
പസഫിക് രാജ്യങ്ങളുടെ മുന്നിലെ ഒന്നാം നമ്പര്‍ ഭീഷണിയായ ചൈനക്കെതിരേ ഓസ്‌ട്രേലിയക്കൊപ്പം നിലപാടെടുക്കുന്നതില്‍ തങ്ങള്‍ക്കു സന്തോഷമുണ്ടെന്ന് ആര്‍ഡണ്‍ പറഞ്ഞു.
സോളമന്‍ ദ്വീപുകളുമായി ചൈന സുരക്ഷാ ഉടമ്പടിയില്‍ ഏര്‍പ്പെട്ട വിവരം ചോര്‍ന്നപ്പോള്‍ ഓസ്ട്രേലിയക്കൊപ്പം ന്യൂസീലന്‍ഡും കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ പസഫിക്കിലെ മറ്റു രാഷ്ട്രങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ഇരു നേതാക്കളും അറിയിച്ചു.
റഷ്യ-ഉക്രെയ്ന്‍ യുദ്ധം സൃഷ്ടിച്ച ആഗോള സാമ്പത്തിക ആഘാതങ്ങളെ എങ്ങനെ കൈകാര്യമെന്നും കോവിഡ് മഹാമാരി മൂലമുള്ള പ്രതിസന്ധിളെ എങ്ങനെ അതിജീവിക്കാമെന്നും ഇരുവരും ചര്‍ച്ച ചെയ്‌തെന്നാണു റിപ്പോര്‍ട്ടുകള്‍.
സ്‌കോട്ട് മോറിസണുമായി മികച്ച സൗഹൃദം കാത്തുസൂക്ഷിച്ചെങ്കിലും ലേബര്‍ നേതാക്കള്‍ എന്ന നിലയില്‍ അല്‍ബനീസിയുമായി കൂടുതല്‍ അടുത്ത ബന്ധം ജസീന്ദ പുലര്‍ത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.