വര്‍ഗീയ സംഘര്‍ഷം: ജമ്മു കശ്മീരിൽ കൂടുതൽ നഗരങ്ങളിൽ കർഫ്യൂ; ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചു

വര്‍ഗീയ സംഘര്‍ഷം: ജമ്മു കശ്മീരിൽ കൂടുതൽ നഗരങ്ങളിൽ കർഫ്യൂ; ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ വര്‍ഗീയ സംഘര്‍ഷത്തെ തുടര്‍ന്ന് ചിനാബ് താഴ്‌വരയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു.

ശ്രീനഗറിലും ഇന്റര്‍നെറ്റ് വിലക്കും കര്‍ഫ്യൂയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തുടര്‍ച്ചയായി നടന്ന പ്രതിഷേധങ്ങളെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം ഭാദേര്‍വ ടൗണിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തി. കര്‍ഫ്യൂ നിലവിലുള്ള നഗരങ്ങളില്‍ ഫ്ലാഗ് മാര്‍ച്ച്‌ നടത്താന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി.

പ്രദേശത്തെ സാമുദായിക സൗഹാര്‍ദത്തെ ബാധിക്കുന്ന ഒരു കാര്യവും മാധ്യമങ്ങള്‍ പങ്കുവെക്കരുതെന്ന് ഡോഡ ജില്ലാ ഭരണകൂടം അഭ്യര്‍ഥിച്ചു. പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരായ പരാമര്‍ശത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത നൂപുര്‍ ശര്‍മ്മയുടെ പ്രസ്താവനയെ പരസ്യമായി അംഗീകരിച്ച്‌ ചിലര്‍ രംഗത്തെത്തിയതോടെയാണ് ഭാദേര്‍വയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.

തുടര്‍ന്ന് പ്രദേശത്തെ പള്ളിയില്‍ പ്രകോപനപരമായ പ്രസംഗവും പ്രതിഷേധവും ഉണ്ടായി. ഇത് സമൂഹമാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണങ്ങളിലേക്ക് നയിക്കുകയും കൂടുതല്‍ സംഘര്‍ഷത്തിന് കാരണമാവുകയും ചെയ്തു. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.

എന്നാല്‍ സമൂഹമാധ്യമങ്ങള്‍ വഴി വിദ്വേഷ പരാമര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയൊന്നും എടുത്തിട്ടില്ല.
ഭാദേര്‍വയിലെ അപകടകമായ സാഹചര്യത്തില്‍ താന്‍ അങ്ങേയറ്റം അസ്വസ്ഥനാണെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. പ്രദേശത്തെ മത സൗഹാര്‍ദ്ദം സംരക്ഷിക്കാന്‍ ഞാന്‍ എല്ലാവരോടും വിനയപൂര്‍വം അഭ്യര്‍ഥിക്കുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.