പുതിയ വിവാദം രാഷ്ട്രീയ അസ്ഥിരത ഉണ്ടാക്കാന്‍; കലാപമുണ്ടാക്കിയാല്‍ ജനത്തെ അണിനിരത്തി നേരിടുമെന്ന് കോടിയേരി

പുതിയ വിവാദം രാഷ്ട്രീയ അസ്ഥിരത ഉണ്ടാക്കാന്‍; കലാപമുണ്ടാക്കിയാല്‍ ജനത്തെ അണിനിരത്തി നേരിടുമെന്ന് കോടിയേരി

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ വിവാദങ്ങള്‍ സംസ്ഥാനത്ത് രാഷ്ട്രീയ അസ്ഥിരത ഉണ്ടാക്കാനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങള്‍ക്കും എതിരായ പ്രചാരണമാണ് മുഖ്യ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി രാജി വയ്ക്കില്ലെന്നും കോടിയേരി വ്യക്തമാക്കി.

സംസ്ഥാനത്ത് കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ ജനത്തെ അണിനിരത്തി നേരിടുമെന്നുമാണ് കോടിയേരിയുടെ മുന്നറിയിപ്പ്. സ്വപ്ന സുരേഷ് പാലക്കാട്ട് ശബ്ദരേഖ പുറത്തു വിട്ടതിനു പിന്നാലെ തിരുവനന്തപുരത്തു നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

സ്വപ്ന സുരേഷിന്റെ മൊഴിയില്‍ നിറയെ വൈരുധ്യങ്ങളുണ്ടെന്നും കോടിയേരി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്ക് സ്വര്‍ണക്കടത്തു കേസുമായി ബന്ധമില്ലെന്നാണ് മുന്‍പ് സ്വപ്ന പറഞ്ഞിരുന്നത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദ്ദമുണ്ടായെന്നും സ്വപ്ന പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് കേസുമായി ബന്ധമില്ലെന്ന് ആദ്യം പറഞ്ഞ സ്വപ്ന പിന്നീട് മാറ്റിപ്പറഞ്ഞതായും കോടിയേരി ചൂണ്ടിക്കാട്ടി.

രഹസ്യ മൊഴിയിലെ വിവരങ്ങള്‍ സ്വപ്ന തന്നെ വെളിപ്പെടുത്തുന്നു. പുതിയതായി ഉള്ള ആരോപണം ബിരിയാണി ചെമ്പില്‍ സ്വര്‍ണം കടത്തി എന്നതാണ്. ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ ഗൂഢാലോനയുടെ ഭാഗമാണ്. ഗൂഢാലോനയെക്കുറിച്ച് സര്‍ക്കാര്‍ വിശദമായ അന്വേഷണം നടത്തണം. ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ നോക്കി നില്‍ക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നും കോടിയേരി ആവശ്യപ്പെട്ടു.

സ്വപ്നയുടെ വെളിപ്പെടുത്തലിനു പിന്നാലെ കേരളത്തില്‍ സംഘര്‍ഷത്തിനാണ് ശ്രമം നടക്കുന്നത്. മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരെ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നു. മുഖ്യമന്ത്രിയേയും കുടുംബാംഗങ്ങളേയും ലക്ഷ്യമിട്ട് സംഘടിത ആക്രമണം നടത്തുന്നു. കലാപമുണ്ടാക്കിയാലും മുഖ്യമന്ത്രി രാജി വയ്ക്കില്ല. അതിനെ ജനത്തെ അണിനിരത്തി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.