ലോകവ്യാപാര സംഘടനയുടെ മന്ത്രിതല സമ്മേളനം ജനീവയില്‍ ജൂണ്‍ 12 മുതല്‍

ലോകവ്യാപാര സംഘടനയുടെ മന്ത്രിതല സമ്മേളനം ജനീവയില്‍ ജൂണ്‍ 12 മുതല്‍

ആഗോളവ്യാപാരത്തിലെ അണിയറ അജണ്ടകള്‍ - ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍

ആഗോള കച്ചവടത്തിന്റെ ഗതിവിഗതികള്‍ നിര്‍ണ്ണയിക്കുന്ന ലോകവ്യാപാര സംഘടനയുടെ 12-ാം മന്ത്രിതല സമ്മേളനം ജൂണ്‍ 12ന് ജനീവയില്‍ ആരംഭം കുറിക്കും. 2017 ഡിസംബര്‍ 10 മുതല്‍ 13 വരെ അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സില്‍ തീരുമാനങ്ങളും പ്രഖ്യാപനങ്ങളുമില്ലാതെ അമേരിക്കയുടെ വീറ്റോ പ്രയോഗത്തില്‍ അലസിപ്പിരിഞ്ഞ 11-ാം മന്ത്രിതല സമ്മേളനത്തിന്റെ ആവര്‍ത്തനമാകുമോ ജനീവ ഉച്ചകോടിയെന്ന ആശങ്ക എല്ലായിടത്തുമുണ്ട്. ഒരു കാര്യമുറപ്പാണ്. വികസിത രാജ്യങ്ങളുടെ ധാര്‍ഷ്ഠ്യത്തിനു മുമ്പില്‍ മുട്ടുമടക്കാനാവില്ലന്നുള്ള പൊതുധാരണ വികസ്വര-അവികസിത രാജ്യങ്ങളില്‍ രൂപപ്പെട്ടിട്ടുണ്ട്. ചുരുക്കത്തില്‍ ലോകവ്യാപാരസംഘടനയുടെ നിലനില്പുതന്നെ ചോദ്യംചെയ്യുന്ന സ്ഥിതിവിശേഷത്തിലാണ് 12-ാം മന്ത്രിതല സമ്മേളനം ചേരുന്നത്. അതിനാല്‍ തന്നെ അട്ടിമറികളും പൊട്ടിത്തെറികളും പ്രതീക്ഷിക്കാം.
ലോകവ്യാപാരസംഘടനയുടെ ഇന്നലകള്‍
ജനറല്‍ എഗ്രിമെന്റ് ഓഫ് താരിഫ്‌സ് ആന്റ് ട്രേഡ് (ഗാട്ട്)ന്റെ പശ്ചാത്തലത്തില്‍ 1995 ജനുവരി 1ന് ലോകവ്യാപാരസംഘടന രൂപംകൊണ്ടു. ജനീവ അസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോകവ്യാപാര സംഘടനയില്‍ ഇന്ത്യയുള്‍പ്പെടെ 164 അംഗരാജ്യങ്ങളുണ്ട്. അഫ്ഗാനിസ്ഥാനാണ് 164-ാമത്തെ രാജ്യം. രാജ്യാന്തരവ്യാപാരത്തിന്റെ 98 ശതമാനവും ലോകവ്യാപാരസംഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും നിയമനിയന്ത്രണങ്ങള്‍ക്കും ഇന്നു വിധേയമാണ്. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്)ഉം ലോകബാങ്കുമായി ബന്ധപ്പെട്ടാണ് ലോകവ്യാപാരസംഘടന പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും മുന്നോട്ടു നീങ്ങുന്നത്.
ഗാട്ട് കരാറിനെത്തുടര്‍ന്ന്, കഴിഞ്ഞ രണ്ടരപ്പതിറ്റാണ്ടിലേറെയായി ലോകവ്യാപാരസംഘടനയുടെ പ്രവര്‍ത്തനങ്ങളും നിബന്ധനകളും നിയന്ത്രണങ്ങളും വ്യാപാര ഇടപെടലുകളും ആഗോളതലത്തില്‍ സജീവവും നിര്‍ണ്ണായകവുമായി തുടരുന്നു. ലോകവ്യാപാരത്തിന് മേല്‍നോട്ടം വഹിക്കുകയും, ഉദാരവല്‍ക്കരണത്തിന് പുത്തന്‍വഴികള്‍ തേടുകയുമാണ് സുപ്രധാനലക്ഷ്യമെങ്കിലും രാജ്യാന്തര കച്ചവടങ്ങളിലെ സുതാരവല്‍ക്കരണവും സാമ്പത്തിക ഗവേഷണവും സ്വതന്ത്രവ്യാപാരവും സംഘടനയുടെ അജണ്ടയില്‍ ഉള്‍പ്പെടുന്നു. ഗാട്ട് കരാര്‍ വ്യാപാരമേഖലയിലെ അഡ്‌ഹോക്ക് സംവിധാനമാണെങ്കില്‍ ലോകവ്യാപാരസംഘടന സ്ഥിരംസമിതിയാണ്. ഗാട്ടിന് ഒരു കരാറിന്റെ പരിമിതികളുണ്ടെങ്കില്‍ ലോകവ്യാപാരസംഘടനയ്ക്ക് നിയമത്തിന്റെ പിന്‍ബലവും വിവിധ രാജ്യങ്ങളുടെ പരിരക്ഷയും സംഘടനാസംവിധാനങ്ങളുമുണ്ട്.
1948 ജൂലൈ 8 മുതല്‍ ഇന്ത്യ ഗാട്ട് കരാറില്‍ പങ്കാളിയായി. 01 ജനുവരി 1995 മുതല്‍ ഗാട്ടില്‍ ഉള്‍പ്പെട്ട രാജ്യമെന്ന നിലയില്‍ ലോകവ്യാപാരസംഘടനയില്‍ അംഗവുമായി. ഉറുഗ്വേ റൗണ്ട് എന്നുവിളിക്കുന്ന 1986-1994 വരെയുണ്ടായ ലോകവ്യാപാര കൂടിയാലോചനകളും വിലപേശലുകളും തുടര്‍ന്നുണ്ടായ ഗാട്ടുകരാറിലെ നിബന്ധനകളും 2001ലെ ദോഹ വികസന അജണ്ടയുമാണ് ബ്യൂണസ് അയേഴ്‌സില്‍ ചേരുന്ന ലോകവ്യാപാരസംഘടനയുടെ മിനിസ്റ്റീരിയല്‍ കോണ്‍ഫറന്‍സിന്റെ പിന്നാമ്പുറത്തുള്ളത്. ഉറുഗ്വേ റൗണ്ട് വ്യാപാര കൂടിയാലോചനാതീരുമാനങ്ങള്‍ 1994 ഏപ്രിലില്‍ മോറോക്കയില്‍ ഇന്ത്യയുള്‍പ്പെടെ രാജ്യങ്ങള്‍ ഒപ്പുവച്ചതാണ്.
പതിനൊന്ന് നല്‍കുന്ന പാഠങ്ങള്‍
പതിനൊന്നാം മന്ത്രിതലസമ്മേളനം അജണ്ടകളില്‍ മാത്രമല്ല, സുപ്രധാന രാജ്യാന്തരവിഷയങ്ങളില്‍ പോലും വികസ്വര അവികസിത രാജ്യങ്ങളുടെ വ്യാപാരസ്വപ്നങ്ങൾക്ക് കടിഞ്ഞാണിട്ടു. ഇന്ത്യയുള്‍പ്പെടെ വികസ്വര അവികസിത രാജ്യങ്ങള്‍ വികസിതരാജ്യങ്ങളുടെ ഉല്പന്നങ്ങള്‍ വിറ്റഴിക്കുന്ന ആഗോളകമ്പോളങ്ങളായി തുറന്നുകൊടുക്കേണ്ട ഗതികേടിലേയ്ക്ക് തള്ളിവിട്ടതാണ് ഏറ്റവും ദുഃഖകരം. ഇതോടെ ലോകവ്യാപാരസംഘടനയുടെ ഭാവിയും ചോദ്യം ചെയ്യപ്പെട്ടു.
ഭക്ഷ്യസുരക്ഷ, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഭക്ഷ്യോല്പന്ന സംഭരണം, ഭക്ഷ്യസബ്‌സിഡി, അനിയന്ത്രിത ഇറക്കുമതിമൂലം ആഭ്യന്തരവിപണിയിലുണ്ടാകുന്ന വന്‍തകര്‍ച്ചയെ അതിജീവിക്കാനുള്ള പ്രത്യേക സംരക്ഷണപദ്ധതി, കോട്ടണ്‍മേഖല, മത്സ്യബന്ധനസബ്‌സിഡി, ലോകവ്യാപാരചട്ടങ്ങളെ ലംഘിച്ചുകൊണ്ടുള്ള ഇ-കൊമേഴ്‌സ് എന്നീ മേഖലകളില്‍ ഞങ്ങള്‍ പറയുന്നത് അനുസരിച്ചാല്‍മതിയെന്ന വികസിതരാജ്യങ്ങളുടെ ധാര്‍ഷ്ഠ്യത്തിനു മുമ്പില്‍ മറ്റുള്ളവര്‍ ചുരുണ്ടുകൂടേണ്ട ദയനീയ അവസ്ഥയാണ് 11-ാം മന്ത്രിതല സമ്മേളനത്തിന്റെ ബാക്കിപത്രം.

അമേരിക്ക വീറ്റോ ആവര്‍ത്തിക്കുമോ?
ലോകവ്യാപാരസംഘടനയിലെ അംഗരാജ്യങ്ങളുടെ വ്യാപാരത്തര്‍ക്ക പരിഹാരസമിതിയിലേക്കുള്ള ജഡ്ജിമാരുടെ നിയമനം 11-ാം മന്ത്രിതലസമ്മേളനത്തില്‍ അമേരിക്ക വീറ്റോ ചെയ്തു. ഇന്നലെകളിൽ ലോകവ്യാപാരം സ്വന്തം കാല്‍ക്കീഴിലാക്കുവാനും തങ്ങളുടെ ഉല്പന്നങ്ങള്‍ ലോകവിപണിയില്‍ വിറ്റഴിക്കുവാനും വിവിധ രാജ്യങ്ങളെ തങ്ങളുടെ വരുതിയില്‍ നിര്‍ത്തുവാനും നേതൃത്വം കൊടുത്തവര്‍ സംഘടനയും ചട്ടങ്ങളും നിയന്ത്രണങ്ങളും അനാവശ്യമാണെന്ന നിലപാട് സ്വീകരിച്ചത് അംഗരാജ്യങ്ങളെ അത്ഭുതപ്പെടുത്തി. ചൈനയും യൂറോപ്യന്‍ യൂണിയനും സംഘടന ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെടുമ്പോള്‍ വ്യാപാരത്തിന് ഉഭയകക്ഷിബന്ധങ്ങള്‍ മതിയെന്നും സംഘടന വേണ്ടെന്നുമുള്ള അമേരിക്കന്‍ നിലപാട് വൈകാതെ ലോകവ്യാപാരസംഘടനയുടെ അന്ത്യംകുറിക്കുവാന്‍ സാധ്യതകളേറെ.

ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍
1). കാര്‍ഷികമേഖല കോര്‍പ്പറേറ്റുകളിലേയ്ക്ക്
ബാലി,ദോഹ ഉടമ്പടികളുടെ പശ്ചാത്തലത്തില്‍ ഇന്ത്യ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളില്‍ ചര്‍ച്ചയ്ക്കുപോലും കഴിഞ്ഞ സമ്മേളനത്തില്‍ ഇടം ലഭിച്ചില്ല. ഭക്ഷ്യസുരക്ഷ, സ്‌പെഷ്യല്‍ സെയ്ഫ് ഗാര്‍ഡ് ഡ്യൂട്ടി, ഭക്ഷ്യോല്പന്ന സംഭരണം, മത്സ്യബന്ധന സബ്‌സിഡി, കോട്ടണ്‍ പ്രശ്‌നങ്ങള്‍, ഇ-കൊമേഴ്‌സ് എന്നീ തലങ്ങളിലൊക്കെ ഇന്ത്യയ്ക്ക് നിര്‍ദ്ദേശങ്ങളുണ്ടായിരുന്നെങ്കിലും കാര്യമായി പരിഗണിക്കപ്പെട്ടില്ലെന്നുമാത്രമല്ല ഇപ്പോഴും അനിശ്ചിതത്വം തുടരുന്നു. കാര്‍ഷികമേഖലയിലെ ആഭ്യന്തരപിന്തുണ, കയറ്റുമതി-ഇറക്കുമതി നിയന്ത്രണം എന്നീ വിഷയങ്ങളും പരിഗണിച്ചില്ല. ഭക്ഷ്യസുരക്ഷ കണക്കാക്കി നിലവില്‍ ലോകവ്യാപാരസംഘടന നിഷ്‌കര്‍ഷിക്കുന്ന സബ്‌സിഡി ഫോര്‍മുല തിരുത്തണമെന്ന ഇന്ത്യന്‍വാദവും ചെവിക്കൊണ്ടില്ല.

ലോകവ്യാപാരക്കരാറുകളില്‍ 1999-ലെ ബിജെപി ഭരണത്തിലും ഇപ്പോഴും വ്യക്തതകളില്ലാത്ത നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. 1999-ലെ ലോകവ്യാപാരസംഘടനയുടെ മൂന്നാം മന്ത്രിതലസമ്മേളനത്തില്‍ കേന്ദ്ര വാണിജ്യവകുപ്പ്മന്ത്രി മുരശൊലി മാരന്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റനു മുമ്പില്‍ ശക്തമായ നിലപാടെടുത്തു. ഇതര സാമൂഹ്യവിഷയങ്ങളും വ്യാപാരവുമായി ബന്ധിപ്പിക്കാന്‍ പാടില്ലെന്നുള്ള ഇന്ത്യന്‍ നിലപാടിനെതിരെ തൊഴില്‍മേഖല, പരിസ്ഥിതിവിഷയങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ വ്യാപാരംവേറെ മറ്റുവിഷയങ്ങള്‍ വ്യത്യസ്തം എന്ന് വെട്ടിത്തുറന്നുപറയാന്‍ ഇന്ത്യക്കു സാധിച്ച തന്റേടം വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ചോര്‍ന്നുപോയോ?
മത്സ്യബന്ധനം, മത്സ്യഉല്പന്ന വ്യാപാരം എന്നിവയിലെ സബ്‌സിഡികളില്‍ പുത്തന്‍ചട്ടങ്ങള്‍ രൂപപ്പെടുത്തുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. രാജ്യാന്തര കാര്‍ഷിക ചട്ടങ്ങളില്‍ പൊളിച്ചെഴുത്തു നടത്തുവാനുള്ള തീവ്രശ്രമം വികസിതരാജ്യങ്ങള്‍ നടത്തുമെന്ന് കൊട്ടിഘോഷിച്ചെങ്കിലും സാധാരണ കര്‍ഷകരുടെ ജീവനോപാധിയില്‍ നിന്ന് വന്‍കിട കോര്‍പ്പറേറ്റുകളുടെ അജണ്ടകളിലേയ്ക്ക് കാര്‍ഷികമേഖല തീറെഴുതപ്പെടുന്നതാണ് കണ്ടത്.
2). അടിസ്ഥാനവിലയും (MSP) സബ്‌സിഡിയും
വികസിതരാജ്യങ്ങള്‍ ഇന്ത്യയുടെ അടിസ്ഥാനവില അഥവാ മിനിമം താങ്ങുവില അട്ടിമറിക്കാനുള്ള ശ്രമമാണ് എക്കാലവും ലക്ഷ്യമിട്ടത്. ഇന്ത്യയിലെ കര്‍ഷകസംഘടനകള്‍ എംഎസ്പി വേണമെന്ന ആവശ്യമുന്നയിച്ച് സര്‍ക്കാരിനെക്കൊണ്ട് നിയമങ്ങള്‍ നിര്‍മ്മിക്കുവാന്‍ ശ്രമിക്കുമ്പോഴാണിതെന്നോര്‍ക്കണം. കയറ്റുമതി ഉല്പാദന സബ്‌സിഡികളും നിര്‍ത്തലാക്കണമെന്നാണ് ഇക്കൂട്ടര്‍ ഇന്ത്യയോട് ആവശ്യപ്പെടുന്നത്. സബ്‌സിഡി സംബന്ധിച്ച് തര്‍ക്കപരിഹാര സംവിധാനത്തിനു മുമ്പാകെയുള്ള ഇന്ത്യയുടെ അപ്പീല്‍ പരാജയപ്പെട്ടാല്‍ കേന്ദ്രസര്‍ക്കാര്‍ നിലവില്‍ നടപ്പിലാക്കുന്ന എല്ലാ കാര്‍ഷിക കയറ്റുമതി സബ്‌സിഡികള്‍ നിര്‍ത്തലാക്കേണ്ടിവരും. ഇന്ത്യന്‍ കാര്‍ഷികമേഖലയെ കൂട്ട ആത്മഹത്യയ്ക്ക് വിട്ടുകൊടുക്കുന്നതാവും ഇതിലും ഭേദം. വികസിതരാജ്യങ്ങളുടെ ഇത്തരം ആക്ഷേപങ്ങള്‍ സഹിച്ച് അടിമകളായി ലോകവ്യാപാരസംഘടനയില്‍ തുടരുന്നതിലും ഭേദം ഇന്ത്യയുള്‍പ്പെടെ വികസ്വര-അവികസിത രാജ്യങ്ങള്‍ സംയുക്തമായി തീരുമാനങ്ങളെടുത്ത് ബദല്‍സംവിധാനം ആലോചിക്കുന്നതായിരിക്കും ഉചിതമെന്ന ചിന്ത ഉയര്‍ന്നിട്ടുണ്ട്. അതേസമയം വികസിതരാജ്യങ്ങള്‍ സബ്‌സിഡികള്‍ തുടരുന്നു. ഓരോ വര്‍ഷവും കൂടുതല്‍ നല്‍കുന്നു. ഇതിനെന്തു ന്യായീകരണം?
3). തര്‍ക്കപരിഹാര സംവിധാനം
ലോകവ്യാപാര രംഗത്ത് തര്‍ക്കങ്ങളുണ്ടാകുമ്പോള്‍ ഇന്ത്യയെ നിരന്തരം പ്രതിക്കൂട്ടിലാക്കി പരാജയപ്പെടുത്തുന്ന തന്ത്രമാണ് വികസിതരാജ്യങ്ങള്‍ എക്കാലവും നടപ്പിലാക്കിയത്. ഓരോ പരാജയങ്ങളിലും പുതിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടും. ഇറക്കുമതിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനോ സ്വന്തം മണ്ണിലെ കര്‍ഷകസമൂഹത്തിന് അടിസ്ഥാനവില നിശ്ചയിച്ചു നല്‍കാനോ സാധിക്കാത്ത അവസ്ഥയിലേയ്ക്ക് ലോകവ്യാപാരസംഘടന ഭാരതത്തെ തള്ളിവിടുമ്പോള്‍ ഈ വ്യാപാരക്കൂട്ടുകെട്ടിലൂടെ എന്തു നേട്ടമുണ്ടായെന്ന് ഇന്ത്യയുള്‍പ്പെടെ വികസ്വരരാജ്യങ്ങള്‍ തീവ്രമായി ആലോചിച്ചു തുടങ്ങിയിരിക്കുന്നതിന്റെ പ്രതിഫലനങ്ങള്‍ ഈ മന്ത്രിതലസമ്മേളനത്തില്‍ പ്രതീക്ഷിക്കാം. കരിമ്പ്, പരുത്തി കര്‍ഷകര്‍ക്ക് ഇന്ത്യ നല്‍കുന്ന സബ്‌സിഡിയും ചില രാജ്യങ്ങള്‍ പ്രശ്‌നമാക്കിയിട്ടുണ്ട്. അതേസമയം തര്‍ക്കപരിഹാര സംവിധാനം അമേരിക്കയ്ക്കുവേണ്ടി മാത്രം നിലകൊണ്ട് നിലപാടെടുക്കുന്നുവെന്ന ആക്ഷേപവും ഏറെ ശക്തമാണ്.
4). സ്‌പെഷ്യല്‍ സെയ്ഫ്ഗാര്‍ഡ് മെക്കാനിസം
മുന്‍കാലങ്ങളില്‍ നടന്ന ഒട്ടുമിക്ക മന്ത്രിതല സമ്മേളനങ്ങളിലും ഉയര്‍ന്നുവന്നിട്ടുള്ള ഇറക്കുമതി നിയന്ത്രണ പ്രതിഭാസമാണ് സ്‌പെഷ്യല്‍ സെയ്ഫ്ഗാര്‍ഡ് മെക്കാനിസം. അനിയന്ത്രിതമായ ഇറക്കുമതിമൂലം ആഭ്യന്തര ഉല്പന്നങ്ങള്‍ക്ക് വന്‍ തകര്‍ച്ച നേരിടുന്നുവെന്ന് ഉറപ്പായാല്‍ സംരക്ഷണകവചമൊരുക്കേണ്ടത് ഏതൊരു രാജ്യത്തിന്റെയും ഉത്തരവാദിത്വമാണ്. വന്‍കിട രാജ്യാന്തര കോര്‍പ്പറേറ്റുകള്‍ക്ക് മൂക്കുകയറിടുന്ന ഈ നടപടി വികസിത രാജ്യങ്ങള്‍ക്ക് വെല്ലുവിളിയാണ്. അതേസമയം സ്വന്തം മണ്ണിലെ സാധാരണ കര്‍ഷകന് ഒരു പിടിവള്ളിയും.
5). ആഭ്യന്തര നിക്ഷേപവും ലക്ഷ്യം
വികസിതരാജ്യങ്ങളിലെ ആഗോള കോര്‍പ്പറേറ്റുകളിലൂടെ ഇന്ത്യയുള്‍പ്പെടെയുള്ള വികസ്വരരാജ്യങ്ങളുടെ കാര്‍ഷികമേഖലയില്‍ വന്‍നിക്ഷേപമിറക്കി ഉല്പാദനവും വിപണനവും കൈപ്പിടിയിലൊതുക്കുക, ഇ. കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലൂടെ രാജ്യാന്തരതലത്തില്‍ നേരിട്ട് വിപണികള്‍ രൂപീകരിക്കുക, ഗ്രാമീണ കര്‍ഷകരെയും ചെറുകിയ വ്യാപാരികളെയുമാണ് ജീവിതപ്രതിസന്ധിയിലാക്കുന്ന ലോകവ്യാപാരസംഘടനയുടെ അജണ്ടകള്‍ക്കും തീരുമാനങ്ങള്‍ക്കും മുമ്പില്‍ ഇനിയും തലവെച്ചുകൊടുക്കണമോയെന്ന് ഡല്‍ഹിയില്‍ ഉയര്‍ന്ന കര്‍ഷകപ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ 12-ാം മന്ത്രിതലസമ്മേളനത്തില്‍ പുനഃചിന്ത നടത്തണം.
6). മത്സ്യബന്ധന സബ്‌സിഡി
കഴിഞ്ഞ മന്ത്രിതലസമ്മേളനങ്ങളിലൊക്കെ ഉയര്‍ന്നുവന്ന പ്രശ്‌നമാണ് മത്സ്യബന്ധന സബ്‌സിഡി. 200 നോട്ടിക്കല്‍ മൈല്‍വരെയുള്ള മത്സ്യബന്ധനത്തിന് സബ്‌സിഡി നിലനിര്‍ത്തണമെന്ന ഇന്ത്യയുടെ ആവശ്യത്തെ അംഗീകരിക്കുവാന്‍ വികസിത രാജ്യങ്ങള്‍ തയ്യാറാകുന്നില്ല. മത്സ്യബന്ധനം ഇപ്പോഴും അനേകായിരം ജനങ്ങളുടെ ജീവിതമാര്‍ഗ്ഗവും തൊഴിലുമായിരിക്കുമ്പോള്‍ അവരെ അവഗണിച്ചുകൊണ്ട് നീങ്ങാന്‍ ഇന്ത്യക്കാവില്ല. മുന്തിയ സാങ്കേതികവിദ്യകളിലൂടെ മത്സ്യബന്ധനരംഗത്ത് മുന്നേറ്റങ്ങളുള്ള വികസിതരാജ്യങ്ങള്‍ക്ക് മത്സ്യവിപണി കണ്ടെത്തുവാന്‍ ഇന്ത്യപോലുള്ള രാജ്യങ്ങളിലെ ഉല്പാദനം കുറച്ചുകൊണ്ടുവരണം. അതിന് 200 നോട്ടിക്കല്‍ മൈല്‍ സബ്‌സിഡി കൊടുക്കാന്‍ പാടില്ലെന്നു വാദിക്കുന്നു. ഈ തീരുമാനങ്ങള്‍ ലോകവ്യാപാരസംഘടന അംഗീകരിച്ചാല്‍ വലിയൊരു ജനവിഭാഗത്തിന്റെ നിലനില്‍പ്പുതന്നെ ചോദ്യംചെയ്യപ്പെടും.
ഇന്ത്യയുടെ നീക്കങ്ങള്‍ പൂവണിയുമോ?
പ്രഖ്യാപനങ്ങളും തീരുമാനങ്ങളുമില്ലാതെ നിരാശനല്‍കി അവസാനിച്ച 11-ാം മന്ത്രിതല സമ്മേളനത്തിന്റെ തുടര്‍ച്ചയായി മാത്രം നാലുവര്‍ഷങ്ങള്‍ക്കുശേഷം നടക്കുന്ന 12-ാം മന്ത്രിതല സമ്മേളനം മാറുമോ? ഇതിനിടയില്‍ ലോകവ്യാപാരമേഖലയിലും വ്യാപാരസംഘടനാനേതൃത്വത്തിലും ഒട്ടേറെ മാറ്റങ്ങളും അഴിച്ചുപണിയും നടന്നു. അമേരിക്ക-ചൈന വ്യാപാരയുദ്ധം, കോവിഡ് സൃഷ്ടിച്ച ആഗോള വ്യാപാര പ്രതിസന്ധികള്‍, വ്യാപാരക്കൂട്ടായ്മകളുടെ തകര്‍ച്ചകള്‍, ആര്‍സിഇപി കരാറില്‍ നിന്ന് അന്തിമഘട്ടത്തിലെ ഇന്ത്യയുടെ പിന്മാറ്റം, ട്രാന്‍സ് പസഫിക് പാര്‍ട്ണര്‍ഷിപ്പില്‍നിന്ന് അമേരിക്കയുടെ പിന്മാറ്റം, വിവിധ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകളും ഭരണനയമാറ്റങ്ങളുമെല്ലാം 12-ാം മന്ത്രിതല സമ്മേളനത്തെ സ്വാധീനിക്കും.
ഇവയെക്കാളെല്ലാം പ്രധാനം ഇന്ത്യ നടത്തിയ ചില തന്ത്രപരമായ നീക്കങ്ങളാണ്. ഭക്ഷ്യസുരക്ഷ, മത്‌സ്യസബ്‌സിഡി, കാര്‍ഷികവിഷയങ്ങള്‍ എന്നിവയില്‍ പരിഹാരം കാണാതെ 11-ാം മന്ത്രിതല സമ്മേളനം പിരിഞ്ഞപ്പോള്‍ ഏറ്റവും ആഘാതമേറ്റത് വികസ്വരരാജ്യങ്ങള്‍ക്കാണ്. ഇതു പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ 2018 മാര്‍ച്ച് 19, 20 തീയതികളില്‍ ഇന്ത്യ ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വ്യാപാര ഉച്ചകോടിയില്‍ 52 അംഗരാജ്യങ്ങള്‍ പങ്കെടുത്തു. പ്രശ്‌നപരിഹാരസമിതിയിലെ അംഗത്വവും ലോകവ്യാപാരസംഘടനയുടെ അടിസ്ഥാന ലക്ഷ്യത്തില്‍ നിന്നും നിയമങ്ങളില്‍ നിന്നും വ്യതിചലിക്കുന്ന വികസിതരാജ്യങ്ങളുടെ നിലപാടിനെതിരെ സംഘടിച്ചുള്ള നീക്കവും മുഖ്യവിഷയമായിരുന്നു.
2019 മാര്‍ച്ച് 13,14 തീയതികളില്‍ ഇന്ത്യ വീണ്ടും വികസ്വര അവികസിത രാജ്യങ്ങളുടെ സമ്മേളനം ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്തു. 22 രാജ്യങ്ങള്‍ പങ്കെടുത്തു. ആഗോള വ്യാപാരമേഖലയിലെ പ്രശ്‌നപരിഹാരസമിതിയിലെ അഭിപ്രായ വ്യത്യാസങ്ങളും ചില രാജ്യങ്ങളുടെ ഏകപക്ഷീയമായ നിലപാടുകള്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികളും ഈ സമിതിയിലും മുഖ്യചര്‍ച്ചാവിഷയമായിരുന്നു. 12-ാം മന്ത്രിതല സമ്മേളനത്തിലെ മുഖ്യവിഷയം പ്രശ്‌നപരിഹാരസമിതിയുടെ പ്രവര്‍ത്തനസ്വഭാവവും അംഗത്വവുമായിരിക്കും. ഇക്കാര്യത്തില്‍ ഇന്ത്യയുടെ നിലപാടുകള്‍ക്ക് പിന്തുണയേറുന്നുണ്ടെങ്കില്‍ അവസാന നിമിഷങ്ങളില്‍ ലോകവ്യാപാര സംഘടനയില്‍ അട്ടിമറിക്കും സാധ്യതയേറെ.
വികസ്വര-അവികസിത രാജ്യങ്ങള്‍ പിന്മാറുമോ?
ലോകവ്യാപാരസംഘടനയുടെ അംഗത്വത്തില്‍ നിന്ന് ഇന്ത്യയുള്‍പ്പെടെ വികസ്വര-അവികസിത രാജ്യങ്ങള്‍ പിന്മാറണമെന്ന ചിന്ത വ്യാപകമായിട്ടുണ്ട്. വികസിതരാജ്യങ്ങള്‍ക്കുവേണ്ടി സ്വന്തം മണ്ണ് തീറെഴുതിക്കൊടുക്കുന്നത് ആത്മഹത്യാപരമാണെന്ന് തിരിച്ചറിഞ്ഞുള്ള ജനകീയപ്രതിഷേധങ്ങളെ വിവിധ രാജ്യങ്ങളിന്ന് നേരിടുന്നു. മരുന്നുകളുടെയും സാങ്കേതികവിദ്യകളുടെയും ബൗദ്ധികസ്വത്തവകാശം സംബന്ധിച്ചുള്ള ആശങ്കകളും പരിഹാരമില്ലാതെ നിലനില്‍ക്കുന്നു.
വികസ്വരരാജ്യങ്ങളില്‍ കാര്‍ഷികസബ്‌സിഡികള്‍ ഇല്ലാതെവരുമ്പോള്‍ കര്‍ഷകര്‍ കൃഷിയില്‍ നിന്നു പിന്തിരിയും. സ്വാഭാവികമായും ഉല്പാദനം കുറയും. ഈ സാഹചര്യത്തില്‍ കാര്‍ഷികോല്പന്നങ്ങളുടെ ഇറക്കുമതി ശക്തമാകും. ഇവിടെയാണ് താങ്ങുവിലയും അടിസ്ഥാന ഇറക്കുമതിവിലയും പാടില്ലെന്നുള്ള നിര്‍ദ്ദേശവും കൂട്ടിവായിക്കേണ്ടത്. താങ്ങുവില പ്രഖ്യാപിച്ചാല്‍, കര്‍ഷകരില്‍ നിന്ന് പ്രഖ്യാപിതവിലയ്ക്ക് ഉല്പന്നങ്ങള്‍ വാങ്ങുവാനോ അല്ലെങ്കില്‍ സഹായധനം നല്‍കുവാനോ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ഇതൊഴിവാക്കിക്കിട്ടേണ്ടതും വികസിത രാജ്യങ്ങളുടെ കാര്‍ഷികോല്പന്ന ഇറക്കുമതിക്ക് അത്യാവശ്യമാണ്.

അതിരൂക്ഷമായ തകര്‍ച്ച നേരിടുന്ന ഇന്ത്യയുടെ കാര്‍ഷിക സമ്പദ്ഘടനയ്ക്ക് വീണ്ടും കനത്ത പ്രഹരമേല്‍പ്പിക്കുന്നതും വികസിതരാജ്യങ്ങള്‍ അവതരിപ്പിക്കാനിരിക്കുന്നതുമായ കാര്‍ഷികോല്പന്ന രാജ്യാന്തര ഇറക്കുമതി കരാറുകളിലെ കര്‍ഷകദ്രോഹവ്യവസ്ഥകളെ ജി33ലെ അംഗരാജ്യങ്ങളോടൊപ്പം ഇന്ത്യയും പന്ത്രണ്ടാം മന്ത്രിതലസമ്മേളനത്തില്‍ ശക്തമായി എതിര്‍ക്കേണ്ടതാണ്. വികസിതരാജ്യങ്ങള്‍ നിയന്ത്രിക്കുന്ന ലോകവ്യാപാരസംഘടനയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാല്‍ ഇന്ത്യയിലെ കര്‍ഷകരുടെ നടുവൊടിയും. യാതൊരു നിയന്ത്രണവുമില്ലാത്ത പൊതുകാര്‍ഷിക വിപണിയായി ഇന്ത്യ മാറുമെന്നു മാത്രമല്ല വികസിതരാജ്യങ്ങള്‍ ഇന്ത്യയുടെ കാര്‍ഷികവിപണിയില്‍ ഉല്പന്നങ്ങളുടെ വിലനിശ്ചയിക്കുന്ന സാഹചര്യമുണ്ടാകും. ഇതിനെ അതിജീവിക്കണമെങ്കില്‍ വികസ്വര-അവികസിത രാജ്യങ്ങള്‍ ലോകവ്യാപാരക്കരാറില്‍ നിന്ന് പിന്മാറണം. ഉഭയകക്ഷി വ്യാപാരബന്ധങ്ങളിലൂടെ കരുത്താര്‍ജിക്കുകയും സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ കാര്‍ഷികമേഖലയെ ഊര്‍ജ്ജസ്വലമാക്കി ആഭ്യന്തരവിപണിയെയും കര്‍ഷകസമൂഹത്തെയും ശക്തിപ്പെടുത്തുവാനുള്ള പദ്ധതികളാണ് വേണ്ടത്.
(രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വീനറാണ് ലേഖകന്‍)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.