രാജസ്ഥാനില്‍ കോണ്‍ഗ്രസ് പടയോട്ടം; കര്‍ണാടകയില്‍ ജെഡിഎസ് വോട്ട് മറിച്ചപ്പോള്‍ നാലില്‍ മൂന്നിലും ബിജെപി: രാജ്യസഭ തെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ

രാജസ്ഥാനില്‍ കോണ്‍ഗ്രസ് പടയോട്ടം; കര്‍ണാടകയില്‍ ജെഡിഎസ് വോട്ട് മറിച്ചപ്പോള്‍ നാലില്‍ മൂന്നിലും ബിജെപി: രാജ്യസഭ തെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ

ന്യൂഡല്‍ഹി: വാശിയേറിയ പോരാട്ടം നടന്ന രാജ്യസഭ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത നേട്ടവുമായി ബിജെപിയും കോണ്‍ഗ്രസും. കര്‍ണാടകയില്‍ നാലില്‍ മൂന്നിലും ജയിച്ച് ബിജെപി കരുത്തു കാട്ടിയപ്പോള്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ തേരോട്ടമായിരുന്നു. രാജസ്ഥാനില്‍ സ്വന്തം എംഎല്‍എ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ട് മറിച്ചതും ബിജെപിക്ക് നാണക്കേടായി.

കര്‍ണാടകയില്‍ മൂന്നു സീറ്റില്‍ ബിജെപിയും ഒരു സീറ്റില്‍ കോണ്‍ഗ്രസുമാണ് ജയിച്ചത്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍, നടന്‍ ജഗ്ഗേഷ്, ലെഹാര്‍ സിങ് സിറോയ എന്നിവരാണ് ജയിച്ചുകയറിയ ബിജെപി സ്ഥാനാര്‍ഥികള്‍. കോണ്‍ഗ്രസില്‍ നിന്ന് മുതിര്‍ന്ന നേതാവ് ജയറാം രമേശും ജയിച്ചു.

സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തിയ എച്ച്ഡി കുമാരസ്വാമിക്ക് വന്‍ തിരിച്ചടി നേരിടേണ്ടി വന്നു. കോടീശ്വരനായ ഡി. കുപേന്ദ്ര റെഡ്ഡിയെ രംഗത്തിറക്കിയ ജെഡിഎസിന് സ്വന്തം എംഎല്‍എമാരുടെ വോട്ട് പോലും മുഴുവനായി നേടാനായില്ല. കോണ്‍ഗ്രസുമായി സഖ്യത്തില്‍ മല്‍സരിച്ചെങ്കില്‍ ജയിക്കാമായിരുന്ന സീറ്റ് ബിജെപി കൊണ്ടുപോയി.

രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് സന്തോഷിക്കാന്‍ വക നല്‍കുന്നതാണ് മല്‍സര ഫലം. കോണ്‍ഗ്രസില്‍നിന്ന് മുകുള്‍ വാസ്നിക്, രണ്‍ദീപ് സിങ് സുര്‍ജെവാല, പ്രമോദ് തിവാരി എന്നിവരാണ് വിജയിച്ചത്. ബിജെപി സ്ഥാനാര്‍ഥി ഘനശ്യാം തിവാരിയും വിജയിച്ചു.

കോണ്‍ഗ്രസിലെ പടലപ്പിണക്കം മുതലാക്കി വിജയിപ്പിക്കാമെന്ന പ്രതീക്ഷയില്‍ ബിജെപി രംഗത്തിറക്കിയ മാധ്യമമേഖലയിലെ അതികായന്‍ സുഭാഷ് ചന്ദ്ര പരാജയപ്പെട്ടു. 15 സംസ്ഥാനങ്ങളില്‍നിന്ന് രാജ്യസഭയിലെ ഒഴിവുവന്ന 57 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടന്നത്.

ഇതില്‍ പതിനൊന്ന് സംസ്ഥാനങ്ങളില്‍ നിന്ന് വിവിധ പാര്‍ട്ടികളില്‍പ്പെട്ട 41 പേര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്‍ണാടക, ഹരിയാണ എന്നീ നാല് സംസ്ഥാനങ്ങളിലെ 16 സീറ്റുകളിലേക്കായിരുന്നു മത്സരം നടന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.