കാൽമുട്ടിലെ വേദന; ഫ്രാൻസിസ് പാപ്പയുടെ ജൂലൈയിലെ ആഫ്രിക്കന്‍ സന്ദര്‍ശനം നീട്ടിവച്ചു

 കാൽമുട്ടിലെ വേദന; ഫ്രാൻസിസ് പാപ്പയുടെ ജൂലൈയിലെ ആഫ്രിക്കന്‍ സന്ദര്‍ശനം നീട്ടിവച്ചു

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പ ജൂലൈയില്‍ നടത്താനിരുന്ന ആഫ്രിക്കന്‍ സന്ദര്‍ശനം ആരോഗ്യപരമായ കാരണങ്ങളാല്‍ മാറ്റിവച്ചതായി വത്തിക്കാന്‍.

കാല്‍മുട്ട് വേദനയെതുടര്‍ന്ന് ഡോക്ടര്‍മാരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് സന്ദര്‍ശനം മാറ്റിവച്ചതെന്ന് വെള്ളിയാഴ്ച്ച വത്തിക്കാന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

ജൂലൈ രണ്ടു മുതല്‍ ഏഴു വരെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, തെക്കന്‍ സുഡാന്‍ എന്നീ ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം കാല്‍മുട്ടില്‍ നടത്തുന്ന ഫിസിയോ തെറാപ്പിയുടെ പ്രയോജനം നഷ്ടപ്പെടാതിരിക്കാനാണ് യാത്ര പാപ്പ നീട്ടിവച്ചതെന്ന് വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു. സന്ദര്‍ശനത്തിന്റെ പുതിയ തിയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം.

ജൂലൈ രണ്ടു മുതല്‍ അഞ്ചു വരെ കോംഗോയിലെ കിന്‍ഹാസ, ഗോമ എന്നീ നഗരങ്ങളിലും ജൂലൈ അഞ്ചു മുതല്‍ 7 വരെ തെക്കന്‍ സുഡാന്റെ തലസ്ഥാനമായ ജുബയിലും ചിലവഴിക്കാനായിരുന്നു പാപ്പയുടെ പദ്ധതി. മെയ് അവസാന വാരത്തോടെ സന്ദര്‍ശനത്തിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ വത്തിക്കാന്‍ പുറത്തുവിടുകയും ചെയ്തിരിന്നു. കാല്‍മുട്ടിലെ കടുത്ത വേദന മൂലം പാപ്പ നടക്കാന്‍ ഏറെ പ്രയാസപ്പെടുന്നുണ്ട്.

കഴിഞ്ഞ മാസം മുതല്‍ വീല്‍ചെയറില്‍ ഇരുന്നുകൊണ്ടാണ് പാപ്പ തന്റെ പൊതു അഭിസംബോധനകളില്‍ പങ്കെടുത്തിരുന്നത്.
ജൂലൈ 24 മുതല്‍ 29 വരെ കാനഡ സന്ദര്‍ശിക്കാനും പാപ്പ പദ്ധതിയിട്ടിരുന്നു. ഇക്കാര്യത്തില്‍ മാറ്റമുണ്ടാവുമോയെന്ന് അറിവായിട്ടില്ല. കാല്‍മുട്ടിലെ വേദന കൂടിയതോടെ പല പരിപാടികളും പാപ്പ നേരത്തെ ഒഴിവാക്കിയിരുന്നു.

ജനുവരി 26-ന് നടന്ന പൊതു അഭിസംബോധനയില്‍ പങ്കെടുത്തവരോട് തന്റെ കാല്‍മുട്ടിലെ ബുദ്ധിമുട്ട് മാറാന്‍ പ്രാര്‍ത്ഥിക്കണമെന്ന് പാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26