യു.എസിലെ ഫീനിക്സ് രൂപതയ്ക്ക് പുതിയ മെത്രാന്‍; ബിഷപ്പ് ജോണ്‍ പി ഡോളനെ നിയമിച്ച് ഫ്രാന്‍സിസ് പാപ്പ

യു.എസിലെ ഫീനിക്സ് രൂപതയ്ക്ക് പുതിയ മെത്രാന്‍; ബിഷപ്പ് ജോണ്‍ പി ഡോളനെ നിയമിച്ച് ഫ്രാന്‍സിസ് പാപ്പ

ഫീനിക്സ്: അമേരിക്കയിലെ ഫീനിക്സ് കത്തോലിക്കാ രൂപതയുടെ അധ്യക്ഷനായി സാന്‍ ഡിയേഗോ സഹായ മെത്രാന്‍ ജോണ്‍ പി ഡോളനെ (60) ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. ബിഷപ്പ് തോമസ് ജെ. ഓള്‍സ്റ്റെഡിന്റെ പിന്‍ഗാമിയായാണ് പുതിയ മെത്രാന്‍ ചുമതലയേല്‍ക്കുന്നത്. ബിഷപ്പുമാരുടെ വിരമിക്കല്‍ പ്രായമായ 75 വയസ് തികഞ്ഞതിനാല്‍ ബിഷപ്പ് തോമസ് ജെ. ഓള്‍സ്റ്റെഡിന്റെ രാജി വത്തിക്കാന്‍ സ്വീകരിച്ചിരുന്നു. ഓഗസ്റ്റ് ആദ്യമാണ് ബിഷപ്പ് ജോണ്‍ പി ഡോളന്‍ ചുമതലയേല്‍ക്കുന്നത്.

'ജീവിതത്തിലുടനീളം ദൈവം എന്നോടു കാണിച്ച നന്മയ്ക്ക് വാക്കുകളാല്‍ നന്ദി പ്രകടിപ്പിക്കാനാവില്ല. ക്രിസ്തുവിനെയും സഭയെയും പൂര്‍ണ്ണഹൃദയത്തോടും ആത്മാവോടും ശക്തിയോടും സ്നേഹിക്കാനും സേവിക്കാനുമുള്ള പ്രതിബദ്ധതയോടെയാണ് ഞാന്‍ ജീവിതത്തിലെ പുതിയ അധ്യായത്തിലേക്കു പ്രവേശിക്കുന്നതെന്ന് ബിഷപ്പ് ഡോളന്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.

യു.എസിലെ അഞ്ചാമത്തെ വലിയ നഗരമാണ് ഫീനിക്‌സ്. 1.2 ദശലക്ഷം കത്തോലിക്കരാണ് ഈ രൂപതയുടെ കീഴില്‍ വരുന്നത്. സ്പാനിഷ് ഭാഷ ഒഴുക്കോടെ സംസാരിക്കുന്ന ബിഷപ്പ് ഡോളന്‍ 2017 മുതല്‍ സാന്‍ ഡിയേഗോ രൂപതയുടെ സഹായ മെത്രാനായിരുന്നു.

സാന്‍ ഡിയേഗോയിലെ ക്ലെയര്‍മോണ്ടില്‍ താമസിക്കുന്ന കത്തോലിക്ക കുടുംബത്തിലെ ഒമ്പത് മക്കളില്‍ ഒരാളായാണ് ബിഷപ്പ് ഡോളന്റെ ജനനം. 1989-ല്‍ മാതൃരൂപതയില്‍ വൈദികനായി അഭിഷിക്തനായി. സഹായ മെത്രാനായി നിയമിക്കപ്പെടുന്നതിന് മുമ്പ് 27 വര്‍ഷം ഇടവക വികാരിയായിരുന്നു.

വികാരി ജനറലായും കൂരിയയുടെ മോഡറേറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വൈദികരുടെ വികാരി എന്ന നിലയില്‍, സാന്‍ ഡിയേഗോയിലെ 98 ഇടവകകളിലെ വൈദികരുടെ നിയമനത്തില്‍ അദ്ദേഹം രൂപതാ ബിഷപ്പിനെ സഹായിച്ചു. സുഡാനീസ് ആഭ്യന്തരയുദ്ധത്തില്‍ അനാഥരാക്കപ്പെടുകയും വീട് ഉപേക്ഷിക്കേണ്ടിയും വന്ന ന്യൂയര്‍, ഡിങ്ക ഗോത്ര വിഭാഗങ്ങളില്‍ നിന്നുള്ള 20,000-ത്തിലധികം കുട്ടികളെ സംരക്ഷിക്കുന്നു.

ലൈംഗിക ന്യൂനപക്ഷങ്ങളോട് അനുഭാവപൂര്‍ണമായ സമീപനമാണ് ബിഷപ്പ് ഡോളന്‍ സ്വീകരിച്ചിട്ടുള്ളത്. സാന്‍ ഡിയേഗോയില്‍ നിരവധി എല്‍.ജി.ബി.ടി അംഗങ്ങള്‍ താമസിക്കുന്ന സ്ഥലമാണ് ഹില്‍ക്രസ്റ്റ്. ഇവിടെയുള്ള സെന്റ് ജോണ്‍ ദി ഇവാഞ്ചലിസ്റ്റ് ഇടവകയുടെ പാസ്റ്ററായിരുന്നു ബിഷപ്പ് ഡോളന്‍.

എല്‍.ജി.ബി.ടി യുവാക്കളെ കളിയാക്കുന്നതിനെയും ഭീഷണിപ്പെടുത്തുന്നതിനെയും അപലപിച്ചുള്ള, 'ദൈവം നിങ്ങളുടെ പക്ഷത്താണ് എന്ന തലക്കെട്ടിലുള്ള പ്രസ്താവനയില്‍ ഒപ്പിട്ട 14 യു.എസ്. ബിഷപ്പുമാരില്‍ ഒരാളാണ് ഇദ്ദേഹം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.