വാഷിങ്ടണ്: അമേരിക്കയില്‍ തോക്ക് അതിക്രമങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ ഭരണസിരാകേന്ദ്രമായ വാഷിങ്ടണ്‍ ഡിസിയില്‍ തോക്ക് നിയമങ്ങള്‍ കര്‍ശനമാക്കണമെന്ന ആവശ്യവുമായി പതിനായിരങ്ങള്‍ തെരുവില്‍ ഇറങ്ങി. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിഷേധക്കാര്‍ ഒഴുകി എത്തിയതോടെ വാഷിങ്ടണ്‍ ഡിസിയിലെ തെരുവുകള്‍ പ്രതിഷേധക്കാരെ കൊണ്ട് നിറഞ്ഞു. പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി വൈറ്റ് ഹൗസിലേക്ക് അവര്‍ മാര്‍ച്ച് നടത്തി.
ഫ്‌ളോറിഡ ഹൈസ്‌കൂളില്‍ 2018 ല്‍ തോക്ക്ധാരി നടത്തിയ കൂട്ടക്കൊലയില്‍ നിന്ന് രക്ഷപ്പെട്ട വിദ്യാര്‍ത്ഥികള്‍ സ്ഥാപിച്ച മാര്‍ച്ച് ഫോര്‍ ഔര്‍ ലൈവ്‌സ് എന്ന തോക്ക് സുരക്ഷാ ഗ്രൂപ്പാണ് പ്രതിഷേധം സംഘടിപ്പിച്ചത്. 40,000 പ്രതിഷേധക്കാര്‍ അണിനിരന്നു. വാഷിങ്ടണ് പുറമേ ന്യൂയോര്‍ക്ക്, ലോസ് ഏഞ്ചല്‍സ്, ചിക്കാഗോ തുടങ്ങിയ സംസ്ഥാനങ്ങളിലും അമേരിക്കയിലെ മറ്റിടങ്ങളിലും 450 ഓളം പ്രതിഷേധ റാലികള്‍ നടന്നു. അമേരിക്കയില്‍ നടന്നിട്ടുള്ള തോക്ക് ആക്രമണങ്ങളിലെ ഇരകളും മരണപ്പെട്ടവരുടെ ബന്ധുക്കളുമാണ് പ്രതിഷേധത്തില്‍ പങ്കെടുത്തവരില്‍ ഏറെയും.
തോക്കിന്‍ കുഴലില്‍ നിന്ന് മോചനം വേണമെന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ തെരുവുകളില്‍ നിറഞ്ഞത്. തോക്ക് ആക്രമണങ്ങളില്‍ ഇരകളാകപ്പെട്ടവര്‍ അനുഭവങ്ങള്‍ പങ്കുവച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ വിതുമ്പിക്കരഞ്ഞുകൊണ്ടാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ''ഒരു വെടിവയ്പ്പ് നടക്കുമ്പോള്‍, ആളുകളെ ബാധിക്കുന്നത് ആ ദിവസം മാത്രമല്ല, അവരുടെ ജീവിതകാലം മുഴുവന്‍ അത് നീണ്ടുനില്‍ക്കും''. തോക്ക് അക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട 13 വയസുകാരി ക്രിസ്റ്റീന ലിറ്റില്‍ പറഞ്ഞു.
ആളുകള്‍ വെടിയേറ്റ് മരിക്കുന്ന സാഹചര്യം ഇല്ലാതാകുംവരെ ജനപ്രതിനിധികളെ സ്വസ്ഥമായി ഇരിക്കാന്‍ അനുവദിക്കില്ലെന്ന് മാര്‍ച്ച് ഫോര്‍ ഔര്‍ ലൈവ്‌സ് അംഗമായ ട്രെവന്‍ ബോസ്ലി പറഞ്ഞു. രാഷ്ട്രീയ നേതാക്കളുടെ നിഷ്‌ക്രിയത്വം വീണ്ടും കൊലപാതകങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അതേസമയം പ്രതിഷേധത്തെ പ്രസിഡന്റ് ജോ ബൈഡന്‍ പിന്തുണയ്ച്ചു.
രാജ്യത്ത് ശക്തമായ തോക്ക് നിയമം വേണമെന്ന പക്ഷമാണ് ഡെമോക്രാറ്റുകാരനായ പ്രസിഡന്റ് ജോ ബൈഡനുള്ളത്. തോക്ക് വാങ്ങാനുള്ള പ്രായം 18 ല്‍ നിന്ന് 21 ആക്കി വര്‍ധിപ്പിച്ചത് ഉള്‍പ്പടെയുള്ള പുതിയ തോക്ക് നിയമം ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ച് പാസാക്കിയെങ്കിലും റിപ്പബ്ലിക്കന്മാരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സെനറ്റില്‍ അംഗീകാരം നേടിയെടുക്കാനായില്ല. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് രാജ്യ തലസ്ഥാനം നിശ്ചലമാക്കി പതിനായിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധ റാലി നടന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.