കല്ലുവാതുക്കല്‍ മദ്യ ദുരന്ത കേസ്; മുഖ്യപ്രതി മണിച്ചന് മോചനം: ഫയലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

കല്ലുവാതുക്കല്‍ മദ്യ ദുരന്ത കേസ്;  മുഖ്യപ്രതി മണിച്ചന് മോചനം: ഫയലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുഖ്യപ്രതി മണിച്ചനെ മോചിപ്പിക്കാനുള്ള ഫയലില്‍ ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം പ്രമാണിച്ചാണ് മണിച്ചനടക്കം 33 ജീവപര്യന്തം തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനിച്ചത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മണിച്ചന്റെ ജയില്‍വാസം 22 വര്‍ഷം പിന്നിട്ടു. ഇപ്പോള്‍ നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലാണ്.

മണിച്ചന്റെ ജയില്‍ മോചനത്തിന് ഭാര്യ ഉഷയാണ് സുപ്രീം കോടതിയെ സമീപിച്ചത്. മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന പേരറിവാളന്‍ കേസിലെ ഉത്തരവ് മണിച്ചന്റെ മോചനത്തിലും പരിഗണിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

പതിന്നാലു വര്‍ഷം തടവുശിക്ഷ അനുഭവിച്ച ജീവപര്യന്തം തടവുകാരെ നല്ലനടപ്പ് പരിഗണിച്ച്‌ മോചിപ്പിക്കുന്നുണ്ടെന്നും ഗവര്‍ണറുടെ തീരുമാനം വൈകുന്നത് മോചിപ്പിക്കാന്‍ മതിയായ കാരണമാണെന്നും പേരറിവാളന്‍ കേസില്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇതാണ് മണിച്ചന് അനുകൂലമായത്.

31 പേര്‍ മരിച്ച കല്ലുവാതുക്കല്‍ മദ്യദുരന്തത്തില്‍ മണിച്ചനെ ജീവപര്യന്തം ശിക്ഷിച്ചത് അബ്കാരി നിയമപ്രകാരമാണ്.
2000 ഒക്ടോബര്‍ 21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കല്‍ ദുരന്തം ഉണ്ടായത്.

22 വര്‍ഷമായി ജയിലിലുള്ള മണിച്ചന്‍ മാതൃകാ കര്‍ഷകനെന്ന് പേരെടുത്തിട്ടുണ്ട്. തടവുകാലത്തും പരോളിലും പ്രശ്നങ്ങളുണ്ടാക്കിയില്ല. 65 വയസായി. ഇതും മോചനശുപാര്‍ശയ്ക്ക് പരിഗണിച്ചിരുന്നു. ജീവപര്യന്തം തടവിലായിരുന്ന മണിച്ചന്റെ രണ്ട് സഹോദരങ്ങളെ മദ്യവ്യാപാരം നടത്തില്ലെന്ന വ്യവസ്ഥയോടെ മോചിപ്പിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.