വത്തിക്കാന്‍ സിറ്റി: പരിശുദ്ധ ത്രീത്വം എന്നത് ദൈവശാസ്ത്രപരമായ വെറുമൊരു അനുഷ്ഠാനം മാത്രമായി മാറുതെന്നും മറിച്ച് ജീവിതരീതിയിലെ വിപ്ലവകരമായ പരിവര്‍ത്തനത്തിലൂടെ പ്രതിഫലിപ്പിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ. പരിശുദ്ധ ത്രീത്വത്തിന്റെ തിരുനാള്‍ ദിനമായ ഞായറാഴ്ച്ച (ജൂണ്‍ 12) വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ ഒത്തുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പാപ്പാ. മദ്ധ്യാഹ്ന പ്രാര്‍ത്ഥനാ വേളയിലായിരുന്നു മാര്‍പാപ്പയുടെ സന്ദേശം.
വിശുദ്ധബലിമധ്യേ വായിക്കപ്പെട്ട, യേശു പിതാവിനെയും പരിശുദ്ധാത്മാവിനെയും അവതരിപ്പിക്കുന്ന വിശുദ്ധ യോഹന്നാന്റെ സുവിശേഷം പതിനാറാം അദ്ധ്യായം 12 മുതല്‍ 15 വരെയുള്ള വാക്യങ്ങളാണ് പാപ്പ വിശദീകരിച്ചത്.
പരിശുദ്ധാത്മാവ് സ്വന്തം അധികാരത്തില്‍ സംസാരിക്കുന്നില്ല, മറിച്ച് താന്‍ കേള്‍ക്കുന്നതു മാത്രം സംസാരിക്കുകയും വരാനിരിക്കുന്ന കാര്യങ്ങള്‍ അവന്‍ നിങ്ങളെ അറിയിക്കുകയും ചെയ്യുന്നതായി യേശു വിശദീകരിക്കുന്നു.
പരിശുദ്ധ ത്രീത്വത്തിലെ പരിശുദ്ധാത്മാവ് ക്രിസ്തുവിനെ പ്രഘോഷിക്കുകയും ദൈവപിതാവിനെ വെളിപ്പെടുത്തുകയുമാണ് ചെയ്യുന്നതെന്നു പാപ്പാ വിശദീകരിച്ചു. അതുപോലെ, എല്ലാം ഉള്‍ക്കൊള്ളുന്ന പിതാവ്, തനിക്കുള്ളതെല്ലാം പുത്രന് നല്‍കുന്നു. അവിടുത്തേയ്ക്കായി ഒന്നും മാറ്റിവയ്ക്കുന്നില്ല.
ഇനി നമ്മുക്ക് സ്വന്തം കാര്യത്തിലേക്കും ഒന്ന് കണ്ണോടിക്കാം. നാം ഉച്ചരിക്കുന്ന വാക്കുകളിലേക്കും കൈവശം വച്ചിരിക്കുന്നതിലേക്കും നോക്കാന്‍ പരിശുദ്ധ പിതാവ് പ്രേരിപ്പിച്ചു. നാം സംസാരിക്കുമ്പോള്‍, പലപ്പോഴും നാം ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് മാത്രം അമിതമായി വാചാലരാകുന്നു. മറ്റുള്ളവരെക്കുറിച്ച് അറിയിച്ചുകൊണ്ട് സംസാരിക്കുന്ന പരിശുദ്ധാത്മാവില്‍നിന്ന് ഇത് എത്രത്തോളം വ്യത്യാസപ്പെട്ടിരിക്കുന്നതായി പാപ്പ ചൂണ്ടിക്കാട്ടി.
നമ്മുടെ സ്വത്തുക്കള്‍ ആര്‍ക്കും പങ്കുവയ്ക്കാതെ മുറുകെ പിടിക്കുന്ന പ്രവണതയെയും മാര്‍പ്പാപ്പ വിമര്‍ശിച്ചു. അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കാത്തവരുമായി പോലും നമുക്കുള്ളത് പങ്കുവയ്ക്കാതെ എല്ലാം മുറുകെപ്പിടിക്കുന്നു.
പരിശുദ്ധ ത്രീത്വത്തെ പ്രഘോഷിക്കേണ്ടത് വാക്കുകളേക്കാളുപരി പ്രവൃത്തി കൊണ്ടാണെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു. പരിശുദ്ധ ത്രീത്വത്തിന്റെ തിരുനാള്‍ ആഘോഷിക്കുന്നത് ദൈവശാസ്ത്രപരമായ പ്രവര്‍ത്തിയായല്ല, മറിച്ച് ജീവിതരീതിയിലെ ഒരു വിപ്ലവമായി പ്രതിഫലിക്കണം. പരസ്പരം ഐക്യപ്പെട്ടിരിക്കുന്ന, ഒരാള്‍ മറ്റൊരാള്‍ക്കുവേണ്ടി ജീവിക്കുന്ന ത്രിയേകദൈവം മറ്റുള്ളവര്‍ക്കു വേണ്ടി ജീവിക്കാന്‍ നമ്മെയും പ്രേരിപ്പിക്കുന്നു
നമ്മുടെ ജീവിതം നാം വിശ്വസിക്കുന്ന ദൈവത്തെ പ്രതിഫലിപ്പിക്കുന്നുണ്ടോ എന്ന് സ്വയം ചോദിക്കാം. 'പിതാവായ ദൈവത്തിലും പുത്രനിലും പരിശുദ്ധാത്മാവിലും വിശ്വാസമര്‍പ്പിക്കുന്ന ഞാന്‍, ജീവിക്കാനായി എനിക്ക് മറ്റുള്ളവരെ ആവശ്യമുണ്ടോ, മറ്റുള്ളവര്‍ക്ക് ഞാന്‍ എന്നെത്തന്നെ നല്‍കേണ്ടതുണ്ടോ, മറ്റുള്ളവരെ ഞാന്‍ സേവിക്കേണ്ട ആവശ്യമുണ്ടോ? അത് വാക്കുകളാലാണോ അതോ ജീവിതം കൊണ്ടാണോ' എന്ന് നിരന്തരം ചോദിക്കണമെന്ന് പാപ്പ ആവശ്യപ്പെട്ടു.
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രീയേകദൈവത്തെ വാക്കുകളേക്കാള്‍ ഉപരി പ്രവൃത്തി കൊണ്ട് കാണിക്കണം. ജീവന്റെ സൃഷ്ടികര്‍ത്താവായ ദൈവത്തെ, പുസ്തകങ്ങളിലൂടെയല്ല മറിച്ച് ജീവന്റെ സാക്ഷ്യത്തിലൂടെയാണ് മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുക്കേണ്ടത്.
നാം കണ്ടുമുട്ടിയിട്ടുള്ള ഉദാരമനസ്‌കരായ, സൗമ്യരായ ആളുകളെ ഓര്‍ക്കുക. അവരുടെ ചിന്താരീതിയും പ്രവര്‍ത്തനരീതിയും ഓര്‍ക്കുന്നതിലൂടെ, ദൈവസ്‌നേഹത്തിന്റെ ഒരു ചെറിയ പ്രതിഫലനം നമുക്കും ലഭിക്കും.
ഇനി, സ്‌നേഹിക്കുക എന്നതിന്റെ അര്‍ത്ഥമെന്താണ്? നല്ലത് ആശംസിക്കുകയും നല്ലത് പ്രവൃത്തിക്കുകയും ചെയ്യുക. എന്നാല്‍ അടിസ്ഥാനപരമായി ചെയ്യേണ്ടത് ഇതാണ് - മറ്റുള്ളവരെ സ്വാഗതം ചെയ്യുക, അവരോട് തുറന്നവരായിക്കുക, അവര്‍ക്ക് ഇടം നല്‍കുക.
മറ്റൊരാളില്ലാതെ ഒറ്റയ്ക്കായിരിക്കാന്‍ കഴിയില്ലെന്ന് ത്രിത്വം നമ്മെ പഠിപ്പിക്കുന്നു. നാം ഒറ്റപ്പെട്ട തുരുത്തുകളല്ല. ദൈവത്തിന്റെ പ്രതിച്ഛായയില്‍ ജീവിക്കാന്‍ വേണ്ടിയാണ് നാം ഈ ലോകത്ത് ആയിരിക്കുന്നത്. തുറന്ന മനുഷ്യരായി, മറ്റുള്ളവര്‍ക്ക് ആവശ്യമുള്ളവരായി, അവരെ സഹായിക്കാന്‍ ആവശ്യമുള്ള ആളുകളായി ജീവിക്കാന്‍ നമുക്കു കഴിയണം. ദൈനംദിന ജീവിതത്തില്‍ ഞാനും ത്രിത്വത്തിന്റെ പ്രതിഫലനമാണോ? എന്ന് സ്വയം ചോദിക്കാന്‍ പാപ്പ വിശ്വാസികളെ പ്രോത്സാഹിപ്പിച്ചു.
നാം എല്ലാ ദിവസവും വരയ്ക്കുന്ന കുരിശടയാളം ഒരു ആംഗ്യമായി മാത്രം നിലകൊള്ളുന്നുവോ അതോ അത് എന്റെ സംസാരരീതി, പ്രതികരണ ശേഷി, ന്യായവിധി, ക്ഷമാപണം എന്നിവയെ പ്രചോദിപ്പിക്കുന്നുണ്ടോ? എന്ന് സ്വയം ചോദിക്കാം.
പിതാവിന്റെ മകളും പുത്രന്റെ അമ്മയും പരിശുദ്ധാത്മാവിന്റെ മണവാട്ടിയുമായ മാതാവ് ദൈവസ്‌നേഹത്തിന്റെ രഹസ്യാത്മകതയെ ജീവിതത്തില്‍ സ്വാഗതം ചെയ്യാനും സാക്ഷ്യം വഹിക്കാനും സഹായിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പ സന്ദേശം ഉപസംഹരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.