മാന്നാര്‍: ഡോളര്‍ കടത്തു കേസില്‍ സിപിഎമ്മും കോണ്‍ഗ്രസും തെരുവില്‍ ഏറ്റുമുട്ടുമ്പോള്‍ പഞ്ചായത്ത് ഭരണത്തിനായി ഒന്നിച്ചു ഇരുപാര്‍ട്ടികളും. ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്ത് ഭരണം പിടിക്കാനാണ് രണ്ടുകൂട്ടരും ഒന്നിച്ചത്. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്താണിത്.
ഇക്കഴിഞ്ഞ 20 ന് ബിജെപി പ്രസിഡന്റ് ബിന്ദു പ്രദീപിനെതിരേ സിപിഎം കൊണ്ടു വന്ന അവിശ്വാസപ്രമേയം കോണ്‍ഗ്രസ് പിന്തുണയില്‍ പാസായതോടെയാണ് വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. സിപിഎമ്മിലെ വിജയമ്മ ഫിലേന്ദ്രനാണ് പുതിയ പ്രസിഡന്റ്. മൂന്നാം തവണയാണ് അവര്‍ പ്രസിഡന്റാവുന്നത്. ബി.ജെ.പി.യിലെ ബിന്ദു പ്രദീപിനെ ആറിനെതിരെ 11 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് വിജയമ്മ വീണ്ടും വിജയിച്ചത്.
സിപിഎം, കോണ്‍ഗ്രസ്, ബി.ജെ.പി കക്ഷികള്‍ക്ക് ആറ് വീതം അംഗങ്ങളുള്ള 18 അംഗ ഭരണസമിതിയില്‍ 17 പേരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. കോണ്‍ഗ്രസിലെ ബിനി സുനില്‍ അപകടത്തെ തുടര്‍ന്ന് ചികില്‍സയിലായതിനാല്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുത്തില്ല. ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതാ സംവരണമാണ്. സി.പി.എമ്മിനും ബി.ജെ.പിക്കും മാത്രമാണ് ഈ വിഭാഗത്തില്‍ നിന്ന് അംഗങ്ങളുള്ളത്. തുടര്‍ന്നാണ് സി.പി.എമ്മിന് പിന്തുണ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.
മുഖ്യമന്ത്രിക്കെതിരേ കോണ്‍ഗ്രസ് തുറന്ന പോരാട്ടം നടത്തുമ്പോള്‍ ഇത്തരത്തിലൊരു പിന്തുണ വേണ്ടിയിരുന്നെന്ന അഭിപ്രായമാണ് മിക്ക നേതാക്കളും പങ്കുവച്ചത്. വിഷയം സംസ്ഥാന തലത്തില്‍ ഉയര്‍ത്തി കാട്ടാനുള്ള നീക്കത്തിലാണ് ബിജെപി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.