കുര്‍ബാനയ്ക്കിടെ നഗ്‌നയായി യുവതിയുടെ പ്രതിഷേധം; അതിരുകടന്ന് ഗര്‍ഭഛിദ്ര അനുകൂല സമരം

കുര്‍ബാനയ്ക്കിടെ നഗ്‌നയായി യുവതിയുടെ പ്രതിഷേധം; അതിരുകടന്ന് ഗര്‍ഭഛിദ്ര അനുകൂല സമരം

മിഷിഗണ്‍: തെരുവ് പ്രതിഷേധങ്ങളും അക്രമങ്ങളും കടന്ന് ഗര്‍ഭഛിദ്രാനുകൂലികളുടെ അതിരുകടന്ന പ്രതിഷേധങ്ങള്‍ക്കും ഇന്നലെ അമേരിക്ക സാക്ഷ്യം വഹിച്ചു. മിഷിഗണിലെ ഒരു കത്തോലിക്കാ പള്ളിയില്‍ കുര്‍ബാനയ്ക്കിടെ ഒരു യുവതി പീഡത്തില്‍ കയറി നിന്ന് നഗ്നയായി പ്രതിഷേധിച്ചത് വിശ്വാസികള്‍ക്കിടയില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടവരുത്തി. വിശുദ്ധ കുര്‍ബാനയെ പോലും അവഹേളിക്കുന്ന നിലയിലേക്ക് ഗര്‍ഭഛിദ്രാനുകൂലികളുടെ പ്രതിഷേധം മാറിയതിനെ സഭാ നേതൃത്വം അപലപിച്ചു.

അപ്രതീക്ഷിതമായി ബഞ്ചിന് മുകളിലേക്ക് കയറിയ യുവതി വസ്ത്രം ഊരിമാറ്റി സഭയെയും സഭാ വിശ്വാസങ്ങളെയും ചോദ്യം ചെയ്തു. ഗര്‍ഭഛിദ്രാനുകൂല മുദ്രവാക്യം മുഴക്കി ആക്രോശിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടു സ്ത്രീകളും ഇവര്‍ക്കൊപ്പം മുദ്രാവക്യം ഏറ്റുപിടിച്ചു. അബോര്‍ഷന്‍ അനുകൂല ഗ്രൂപ്പായ റൈസ് അപ്പ് ഫോര്‍ അബോര്‍ഷന്‍ റൈറ്റ്സിന്റെ പച്ച നിറത്തിലുള്ള ബാനറുകളും ഇവര്‍ കൈവശം പിടിച്ചിരുന്നു.

ഉടനെ തന്നെ ഇടവക അധികാരികള്‍ മൂവരെയും പള്ളിയില്‍ നിന്ന് പുറത്താക്കി. ഇവരെ പുറത്താക്കുമ്പോള്‍ വിശ്വാസികള്‍ ''ഗര്‍ഭച്ഛിദ്രം കുഞ്ഞുങ്ങളെ കൊല്ലുന്നു! ഗര്‍ഭച്ഛിദ്രം കുഞ്ഞുങ്ങളെ കൊല്ലുന്നു!'' എന്ന് ഏറ്റുപറഞ്ഞുകൊണ്ടിരുന്നു. സംഭവത്തെ ന്യൂയോര്‍ക്കിലെ കര്‍ദിനാള്‍ തിമോത്തി ഡോളനും ബാള്‍ട്ടിമോറിലെ ആര്‍ച്ച് ബിഷപ്പ് വില്യം ഇ ലോറിയും അപലപിച്ചു.

അമേരിക്കയില്‍ ഗര്‍ഭഛിദ്രം നിയമവിധേയമാക്കിയ ഉത്തരവ് റദ്ദാക്കുന്നതായുള്ള സുപ്രീം കോടതി ജഡ്ജിമാരുടെ കരട് അഭിപ്രായം ചോര്‍ന്നതിനെ തുടര്‍ന്ന് നാട്ടില്‍ വ്യാപകമായ അക്രമസംഭവങ്ങളുടെ തുടര്‍ച്ചയാണിതെന്ന് ഇരുവരും പ്രസ്താവനയില്‍ പറഞ്ഞു. പള്ളികള്‍ക്ക് നേരെയും ഗര്‍ഭിണികളായ അമ്മമാരെ പിന്തുണയ്ക്കുന്ന ചാരിറ്റി സ്ഥാപനങ്ങള്‍ക്ക് നേരെയും ഇവര്‍ നിരന്തരം ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണ്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. പള്ളികള്‍ വികൃതമാക്കിയും സ്ഥാപനങ്ങള്‍ തകര്‍ത്തും വിശുദ്ധ കുര്‍ബാനയെപോലും അവഹേളിക്കുന്ന നിലയിലുള്ളതുമായ പ്രതിഷേധങ്ങള്‍ തുടരാന്‍ അനുവദിക്കരുതെന്നും പ്രസ്താവനയില്‍ പറഞ്ഞു.

മിഷിഗണിലെ ഈസ്റ്റ്പോയിന്റിലുള്ള സെന്റ് വെറോണിക്ക ഇടവക പള്ളിയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ആദ്യം ടിക് ടോക്കിലും പിന്നീട് ട്വിറ്ററിലും വ്യാപകമായി പ്രചരിച്ചു. ഗര്‍ഭഛിദ്രത്തിനെതിരെ സഭയുടെ മാനുഷിക നിലപാടില്‍ പ്രതിഷേധിച്ച് ഗര്‍ഭഛിദ്രാനുകൂലികള്‍ പള്ളികള്‍ക്കും കത്തോലിക്ക സ്ഥാപനങ്ങള്‍ക്കും നേരെ നടത്തിവരുടെ അതിക്രമങ്ങളുടെ ഒടുവിലത്തെ സംഭവമാണിത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.