ബുര്‍ക്കിന ഫാസോയില്‍ തീവ്രവാദികള്‍ 55 പേരെ വെടിവെച്ചു കൊന്നു; കൂട്ടക്കൊലകളുടെ പരമ്പരയില്‍ വിറങ്ങലിച്ച് ആഫ്രിക്ക

ബുര്‍ക്കിന ഫാസോയില്‍ തീവ്രവാദികള്‍ 55 പേരെ വെടിവെച്ചു കൊന്നു;  കൂട്ടക്കൊലകളുടെ പരമ്പരയില്‍ വിറങ്ങലിച്ച് ആഫ്രിക്ക

വാഗഡൂഗു: ആഫ്രിക്കന്‍ മണ്ണില്‍ നിരപരാധികളുടെ രക്തവും കണ്ണീരും വീഴാതെ ഒരു ദിവസം പോലും കടന്നു പോകാത്ത സ്ഥിതിയാണ്. നൈജീരിയയില്‍ അടുത്തിടെയുണ്ടായ രണ്ടു ക്രൈസ്തവ കൂട്ടക്കൊലകള്‍ സൃഷ്ടിച്ച നടുക്കത്തിനു പിന്നാലെ പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിന ഫാസോയിലും നിരപരാധികളുടെ കൂട്ടക്കുരുതി. ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ വെടിവയ്പ്പില്‍ 55 പേരാണു കൊല്ലപ്പെട്ടത്. ശനി, ഞായര്‍ ദിവസങ്ങളിലാണ് ഏറ്റവും പുതിയ സംഭവമുണ്ടായതെന്ന് ഗാര്‍ഡിയന്‍ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബുര്‍ക്കിന ഫാസോയില്‍ സെനോ പ്രവിശ്യയിലെ സെയ്‌തെംഗയിലാണ് സംഭവം. ഭീകരാക്രമണത്തില്‍ 55 പേര്‍ കൊല്ലപ്പെട്ടതായാണ് സര്‍ക്കാര്‍ കണക്കെങ്കിലും 100 പേരോളം കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഇസ്‌ലാമിക് സ്റ്റേറ്റ് ഗ്രേറ്റര്‍ സഹാറ ഗ്രൂപ്പിലെ തീവ്രവാദികളാണ് സംഭവത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. 2015-ലാണ് ഐ.എസ് ഗ്രേറ്റര്‍ സഹാറ എന്ന ഭീകര സംഘടന രൂപീകരിച്ചത്. കൂട്ടക്കുരുതിയെ ഐക്യരാഷ്ട്രസഭ അപലപിച്ചു.

ഇസ്ലാമിക് സ്‌റ്റേറ്റ്, അല്‍ ക്വയിദ തീവ്രവാദ സംഘടനകളുടെ ആക്രമണങ്ങള്‍ രാജ്യത്തിന്റെ വടക്കന്‍ മേഖലകളില്‍ ഭയാനകമാംവിധം വര്‍ദ്ധിച്ചിരിക്കുകയാണ്.

ജനുവരിയില്‍, ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ പുറത്താക്കി സൈന്യം അധികാരം പിടിച്ചെടുത്തിരുന്നു. രാജ്യത്ത് രൂക്ഷമായ ഭീകരാക്രമണങ്ങള്‍ ചെറുക്കാന്‍ കഴിയുന്നില്ലെന്ന് ആരോപിച്ചായിരുന്നു. സൈന്യത്തിന്റെ നടപടി. രാജ്യം സുരക്ഷിതമാക്കുമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും ആക്രമണങ്ങള്‍ വര്‍ധിക്കുകയാണ് ചെയ്തത്.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ബുര്‍ക്കിന ഫാസോയിലെ സോള്‍ഹാന്‍ നഗരത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ 160 പേരാണ് കൊല്ലപ്പെട്ടത്. നിരവധി കുട്ടികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. 2015-ന് ശേഷം നടക്കുന്ന ഏറ്റവും ഭീകരമായ ആക്രമണമാണിത്.

ബുര്‍ക്കിനാ ഫാസോയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 5,000-ത്തോളം പേര്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. രണ്ടു ദശലക്ഷത്തോളം ആളുകളാണ് പാലായനം ചെയ്തത്.

പന്തക്കുസ്ത തിരുനാള്‍ ദിനത്തില്‍ നൈജീരിയയിലെ ഒന്‍ഡോ സംസ്ഥാനത്തെ ഓവോ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ കത്തോലിക്കാ പള്ളിയിലുണ്ടായ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത് അന്‍പതിലധികം പേര്‍ക്കാണ്. നിരവധി കുട്ടികളും കൊല്ലപ്പെട്ടു. ഇതിനു പിന്നാലെയാണ് നൈജീരിയയിലെ തന്നെ ബെന്യൂ സംസ്ഥാനത്ത് ഇരുപതോളം ക്രൈസ്തവരെ തീവ്രവാദികള്‍ വെടിവെച്ചു കൊന്നത്. ഞായറാഴ്ച രാവിലെ പള്ളിയില്‍ പോകാന്‍ തയാറെടുക്കുന്നതിനിടെയാണ് ആയുധധാരികളായ തീവ്രവാദികള്‍ ഗ്രാമം വളഞ്ഞ് ആക്രമണം അഴിച്ചുവിട്ടത്. ഇത്തരത്തില്‍ ദിവസേന നടുക്കുന്ന കൂട്ടക്കൊലകളുടെ പരമ്പരയാണ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നടക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.